സത്യമപ്രിയം

പ്രണബ് എന്ന ക്രാന്തദര്‍ശി

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിനെച്ചൊല്ലി ഉണ്ടായ വിവാദം ചെറുതല്ല. ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ് ഗവാറിനെ ഇന്ത്യയുടെ മഹാനായ വീരപുത്രന്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. പിണറായിയുടെ അല്പത്തത്തെ കണ്ടില്ലെന്ന് നടിക്കാം. കാരണം, അദ്ദേഹത്തിന്റെ വികലമായ ഇടുങ്ങിയ മനസ്സും ചിന്തയും വാക്കുകളും ഊരിപ്പിടിച്ച വാള്‍ തുടങ്ങിയ അതിരുകടന്ന ആത്മപ്രശംസയും ഒക്കെ രോഗാതുരമായ ആ ചെറിയ മനസ്സിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്.

ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ കാണാന്‍ അനുവദിക്കാതിരുന്നതും മരിച്ചുപോയ മകനെക്കുറിച്ച് പരാതി പറയാന്‍ ചെന്ന വിനായകന്റെ അച്ഛനോട് തനിക്ക് കണ്ണീര്‍ ഇഷ്ടമല്ല എന്നു പറഞ്ഞതും വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് ഒഴിവാക്കാന്‍ 30 കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് പോയതുമൊക്കെ ആ ജീര്‍ണ്ണതയുടെ ബഹിര്‍സ്ഫുരണങ്ങളാണ്. അതുകൊണ്ടുതന്നെ പിണറായിയുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാം.

ഇതിനേക്കാള്‍ കൂടുതലായിരുന്നു കോണ്‍ഗ്രസ്സിലെ പ്രതികരണം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മതുല്യനായ പ്രതിഭയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനി ഉപയോഗിക്കാത്ത വാക്കുകളില്ല. രാഹുല്‍ മുതല്‍ കണ്ണൂരെ അറവുകാരന്‍ റിജില്‍ മാക്കുറ്റി വരെ അറവുകത്തിയുമായി പ്രണബ് ദായ്‌ക്കെതിരെ അണിനിരന്നു. അവസാനം മദാമ്മ (അമ്മാവന്‍ ആനപ്പുറത്ത് കയറിയതിന് മരുമകന് തഴമ്പുണ്ടാകില്ലെന്ന് പണ്ട് കെ. കരുണാകരന്‍ പറഞ്ഞ ആ മദാമ്മ.) ഒരു പൂഴിക്കടകന്‍ കൂടി അടിച്ചു.

പ്രണബിന്റെ മകളും കോണ്‍ഗ്രസ് എം.പിയുമായ ശര്‍മ്മിഷ്ഠ മുഖര്‍ജിയെക്കൊണ്ടും പ്രസ്താവനയിറക്കിച്ചു. പക്ഷേ, അദ്ദേഹം കുലുങ്ങിയില്ല. ആര്‍.എസ്.എസ് ആസ്ഥാനത്ത് തൃതീയവര്‍ഷ ശിബിരത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തി. കൂടാതെ ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. കേശവ ബല്‍റാം ഹെഡ്ഗവാറിന്റെ വസതി സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും ആര്‍.എസ്.എസ്സിനോടുള്ള എതിര്‍പ്പ് രാഷ്ട്രീയാടിസ്ഥാനത്തിലുള്ളതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടാന്‍ ഇറങ്ങിയ പഴയ കോണ്‍ഗ്രസ്സല്ല ഇന്നത്തെ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും തട്ടിപ്പുകാരുടെയും അഴിമതിക്കാരുടെയും ജനാധിപത്യവിരുദ്ധരുടെയും കോണ്‍ഗ്രസ്സ്. ലാലാ ലജ്പത് റായിയും ബാലഗംഗാധര തിലകനും ബിപിന്‍ചന്ദ്രപാലും ഒക്കെ നേതൃത്വം കൊടുത്ത ആ കോണ്‍ഗ്രസ്സ് എന്നേ മരിച്ചു. ഇന്ന് കോണ്‍ഗ്രസ് ശ്രമിക്കുന്നത് ഈ രാഷ്ട്രത്തെ ഛന്നഭിന്നമാക്കാനും ബ്രിട്ടീഷുകാരെക്കാള്‍ കൂടുതലായി ഈ നാടിന്റെ സമ്പത്ത് കൊള്ളയടിക്കാനുമാണ്. കോണ്‍ഗ്രസ്സിന്റെ കാലയളവില്‍ ഉണ്ടായിട്ടുള്ള അഴിമതികളും ജീര്‍ണ്ണതകളും സാമ്പത്തിക ഉപജാപങ്ങളും ഈ തനിനിറം പുറത്തുകാട്ടുന്നതാണ്. അതിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള ഒരാളായിരുന്നു പ്രണബ് മുഖര്‍ജി.

അടിയന്തിരാവസ്ഥയ്ക്കു മുന്‍പ് ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി 25 വര്‍ഷത്തിനുശേഷവും ഇന്ത്യയുടെ ധനമന്ത്രിയായത് ഗതികേടായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് എക്കാലവും യോഗ്യനായിരുന്ന അദ്ദേഹത്തെ ഒരിക്കല്‍പ്പോലും പരിഗണിക്കാതിരുന്നതിന്റെ കാരണവും ആരോടും തലകുനിക്കാത്ത അന്തസ്സിന്റെ പ്രതീകമായ മുഖര്‍ജി പാവപ്രധാനമന്ത്രിയാകാന്‍ തയ്യാറാകില്ലെന്ന ഉറപ്പായിരുന്നു. മദാമ്മയുടെയോ അലൂമിനിയം പട്ടേലിന്റെയോ (കെ. മുരളീധരനോട് കടപ്പാട്) ചരടുവലിക്ക് അനുസരിച്ച് അഴിമതിക്കരാറുകള്‍ ഉറപ്പിക്കാനോ ഒരിക്കലും പ്രണബ് മുഖര്‍ജി തയ്യാറാവില്ലായിരുന്നു. അതുകൊണ്ടാണ് രാഷ്ട്രപതിഭവനിലേക്ക് അവസാനം നിവൃത്തിയില്ലാതെ അദ്ദേഹത്തെ അയക്കേണ്ടിവന്നത്. രാഷ്ട്രപതിഭവന്‍ ഡോ. കലാമിന് ശേഷം അതേപോലെ തന്നെ പരിണതപ്രജ്ഞനായ പണ്ഡിതന്റെ സാന്നിധ്യം അറിഞ്ഞു.

ഈ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണവും വീണ്ടും ജഗദ്ഗുരുവായി ഭാരതത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് എന്ന സംഘടനയുടെ ചിന്തയും വഴിയും നന്നായി അറിയുന്ന ആളാണ് പ്രണബ് മുഖര്‍ജി. കോണ്‍ഗ്രസ്സും സി.പി.എമ്മും എതിര്‍ക്കുന്നതും അതിനെതന്നെയാണെന്നും അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ആര്‍.എസ്.എസ്സിന്റെ ആദ്യ ധ്വജമുയര്‍ന്ന പുണ്യഭൂമിയിലേക്ക് നമ്രശിരസ്‌കനായി പ്രണബ്ദാ എത്തിയത്. ഈ ലക്ഷ്യത്തെ എന്തിന് കോണ്‍ഗ്രസ്സും സി.പി.എമ്മും എതിര്‍ക്കുന്നു എന്നിടത്താണ് അവരുടെ ദുഷ്ട രാഷ്ട്രീയലക്ഷ്യം പത്തിവിടര്‍ത്തുന്നത്. ആര്‍.എസ്.എസ് രൂപീകരിച്ചത് മുതല്‍ ഇന്നുവരെ ഈ രാജ്യം പ്രതിസന്ധി അഥവാ ദുരന്തം നേരിട്ടപ്പോഴൊക്കെ പ്രതിരോധിക്കാനും പ്രതികരിക്കാനും സംഘസ്വയംസേവകര്‍ ഉണ്ടായിരുന്നു. ഇന്ത്യാ-പാക് യുദ്ധവും മോര്‍ബി ദുരന്തവും കാലവര്‍ഷക്കെടുതികളും ഭൂകമ്പവും ഒക്കെ വിനാശം വിതച്ചപ്പോള്‍ അവിടെയൊക്കെ ജീവന്‍ പണയംവച്ച് സേവനദൗത്യവുമായി ആര്‍.എസ്.എസ് വന്നു.

മോര്‍ബി അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിന് ആളുകള്‍ മരിച്ചപ്പോള്‍ ദുരന്തഭൂമിയിലെത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ആര്‍.എസ്.എസ്സുകാരെ മാത്രമേ സേവനദൗത്യവുമായി കാണാന്‍ കഴിഞ്ഞുള്ളൂ. ‘ഞാന്‍ അവിടെ സേവനപ്രവര്‍ത്തനവുമായി ആര്‍.എസ്.എസ്സുകാരെ മാത്രമേ കണ്ടുള്ളൂ’ എന്ന് കോണ്‍ഗ്രസ്സുകാരെ ശകാരിച്ച ഇന്ദിരയുടെ വാക്കുകള്‍ എന്നും പ്രസക്തമാണ്. ആ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയുമായി ഇന്ത്യയുടെ ജനാധിപത്യം കവര്‍ന്നെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ദേശീയതലത്തില്‍ പ്രതിരോധിച്ച് പ്രതികരണം സൃഷ്ടിച്ച് അധികാരത്തില്‍നിന്ന് തൂത്തെറിഞ്ഞത് ആര്‍.എസ്.എസ്സായിരുന്നു. പക്ഷേ, ഒരിക്കലും അധികാരത്തിന്റെ സോപാനത്തിലേക്ക് ആര്‍.എസ്.എസ് എത്തിയില്ല, ആര്‍.എസ്.എസ്സുകാര്‍ എത്തി.

ഇന്ത്യ കണ്ട ഏറ്റവും നല്ല അഴിമതിയില്ലാത്ത, പക്ഷപാതമില്ലാത്ത ഭരണവുമായി രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ പാതയിലേക്ക് അജയ്യമായ വിശ്വഗുരു എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ അതിനെ തള്ളാന്‍ പ്രണബ്ദായ്ക്ക് ആകില്ല. ഇതു മനസ്സിലാകാന്‍ രാഹുലിനും കൂട്ടര്‍ക്കും ഡൂണ്‍ സ്‌കൂളിലെ പഠിപ്പ് മാത്രം പോരാ. ഭാരതത്തെ അറിയണം. അതിന്റെ ഹൃദയത്തെ അറിയണം. സംസ്‌കാരത്തെ അറിയണം. പട്ടിണിപ്പാവങ്ങള്‍ നെഞ്ചിലേറ്റുന്ന ഭാരതമെന്ന വികാരത്തെ അറിയണം. അതിന് ഇപ്പോഴത്തെ ഇറ്റാലിയന്‍ പാരമ്പര്യം പോരാ.

പ്രണബ് മുഖര്‍ജി നടത്തിയ പ്രഭാഷണം (ബൗദ്ധിക് എന്ന ആര്‍.എസ്.എസ്സുകാര്‍ പറയും.) പൂര്‍ണ്ണമായും ആര്‍.എസ്.എസ്സിനെ മനസ്സിലാക്കിയ, ആഴത്തില്‍ പഠിച്ച ഒരു സ്വയംസേവകന്റേതായിരുന്നു. ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ദേശം, ദേശീയത, ദേശസ്‌നേഹം എന്നീ മൂന്നു വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചിന്തകളാണ് പ്രണബ്ദാ പങ്കുവച്ചത്. ദേശവും ദേശസ്‌നേഹവും ആര്‍.എസ്.എസ് ശാഖകളില്‍ പഠിപ്പിക്കുന്ന അതേ വികാരം തന്നെയാണ് പ്രണബ് വരച്ചുകാട്ടിയത്. ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള ഈ പുണ്യഭൂമിയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ഉദാത്തമായ ചിന്ത. പാരമ്പര്യത്തിന്റെ വേരുകളിലേക്കും വൈവിദ്ധ്യത്തിന്റെയും സഹിഷ്ണുതയുടെയും ശക്തിയിലേക്കും അദ്ദേഹം ആഴ്ന്നിറങ്ങി.

സംസ്‌കാരം, വിശ്വാസം, ഭാഷ എന്നിവയിലെ വൈവിദ്ധ്യമാണ് ഇന്ത്യയെ സവിശേഷതകള്‍ ഉള്ളതാക്കുന്നതെന്നും ഈ സഹിഷ്ണുതയില്‍ നിന്നാണ് നമ്മള്‍ ശക്തിയാര്‍ജ്ജിച്ചതെന്നും പ്രണബ് പറഞ്ഞു. ശക്തവും മൗലികവുമായ ഏകത്വം, അന്തര്‍ലീനമായ ഏകത്വം ഇന്ത്യയ്ക്കുണ്ടെന്ന് വിഖ്യാത ചരിത്രകാരനായ വിന്‍സന്റ് സ്മിത്തിനെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ അധിനിവേശം നടത്തിയ ഓരോരുത്തരും നമ്മുടെ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നത് കാണുമ്പോള്‍ ടാഗോറിന്റെ ഭാരത്തീര്‍ത്ഥ എന്ന കവിത താന്‍ ഓര്‍ത്തുപോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയെയും ജനാധിപത്യ ഭരണഘടനാ സംവിധാനത്തെക്കുറിച്ചും തന്റെ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം പങ്കുവെച്ചു.

വ്യത്യസ്ത അഭിപ്രായങ്ങളെ കണക്കിലെടുക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭാരതീയ പാരമ്പര്യത്തെ ഊന്നിയാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്. ദാരിദ്ര്യം, രോഗങ്ങള്‍, അധഃസ്ഥിതാവസ്ഥ എന്നിവയ്‌ക്കെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിനാണ് പ്രണബ്ദാ ആഹ്വാനം ചെയ്തത്. ഈ ശബ്ദം, ഈ ചിന്ത ആര്‍.എസ്.എസ്സിന്റേതാണ്. രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഇപ്പോള്‍ ശാഖയില്‍ വരുന്നവരും ഇനി വരാനുള്ളവരും എന്നിങ്ങനെ രണ്ട് വിഭാഗമെ സംഘപ്രവര്‍ത്തനത്തിനുള്ളൂ. ജാതിയോ മതമോ ഒന്നുംതന്നെ പ്രസക്തമല്ല. രാഷ്ട്ര പുനര്‍നിര്‍മ്മാണമാണ് ജീവിതലക്ഷ്യമായി കാണുന്നതെങ്കില്‍ ഇപ്പോള്‍ അപഹസിക്കുന്നവര്‍ക്കും നാളെ ശാഖയിലേക്ക് വരാം. സ്വാഗതം.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close