കൊല്ലം: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കള്ളനെ ഒരു കിലോമീറ്ററോളം ദൂരം ഓടിച്ചിട്ട് പിടിച്ച് പൊലീസ്. കൊല്ലം മൂതാക്കര കോളനിയില്‍ ശരത് ബാബുവിനെയാണ്(മൂതാക്കര ശരത്-26) ശക്തികുളങ്ങര പൊലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. എസ്.ഐ ആര് ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം മഫ്തിയിലും യൂണിഫോമിലുമായി ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. ഇന്നലെ കാവനാട് ഭാഗത്തു വച്ച് ശരത് പൊലീസിന്റെ വലയിലായി.
വേഷം മാറിയെത്തിയ സംഘം പൊലീസാണെന്നു മനസിലാക്കിയ ശരത് നിമിഷനേരം കൊണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. സമീപത്തെ വീടുകളും മതിലുകളുമൊക്കെ ശരത് വിദഗ്ധമായി ചാടിക്കടന്നെങ്കിലും പൊലീസും അതിലും സമര്‍ത്ഥമായി ഇവ ചാടിക്കടന്നു. മഫ്തിയിലായതിനാല്‍ കണ്ടു നിന്നവര്‍ക്കും ഇത് കള്ളനും പൊലീസും തമ്മിലുള്ള ഓട്ടമാണെന്ന് മനസിലായതുമില്ല. തുടര്‍ന്ന് ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് പൊലീസിന് ശരത്തിനെ പിടികൂടാനായത്.
വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച പ്രതി ഇവിടെ നിന്നും രക്ഷപെടാനുള്ള ശ്രമം നടത്തി. പാറാവു നിന്ന പൊലീസുകാരനെ ആക്രമിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ശരതിനെ കീഴ്പ്പെടുത്തി. നിലവില്‍ ശക്തികുളങ്ങര സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ അഞ്ച് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.