കൊച്ചി: മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചതോടെ ഗതാഗതകുരുക്കില്‍ നട്ടം തിരിഞ്ഞ് വൈറ്റില. ഇടപ്പള്ളിയില്‍ നിന്നും കുണ്ടന്നൂരില്‍ നിന്നും 15 മിനിറ്റു കൊണ്ട് വൈറ്റിലയില്‍ എത്തിയിരുന്നിടത്ത് ഇപ്പോള്‍ വേണ്ടിവരിക 45 മിനിറ്റുമുതല്‍ ഒന്നര മണിക്കൂര്‍വരെ. തകര്‍ന്ന റോഡും ഗതാഗത നിയന്ത്രണത്തിലെ അപാകതയുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം.
കൊച്ചിയിലെ ഏറ്റവും തിരക്കുള്ള ഭാഗമായ വൈറ്റിലയിലേക്ക് എത്താന്‍ ഇന്ന് ജനങ്ങള്‍ ഭയക്കുകയാണ്. കാരണം അവിടുത്തെ ഗതാഗതകുരുക്ക് കടക്കുകയെന്നത് അത്രയേറെ പ്രയാസമാണ്.
വിദ്യാര്‍ത്ഥികളും ജീവനക്കാരും അടക്കം ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. തെക്കുഭാഗത്തുനിന്ന് വരുമ്പോള്‍ കുണ്ടന്നൂരിലും വടക്കുഭാഗത്തുനിന്ന് വരുമ്പോള്‍ പാലാരിവട്ടത്തും തുടങ്ങുന്ന കുരുക്ക് അഴിയാന്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ സമയം എടുക്കും.
ഒരു വിഭാഗം യാത്രക്കാര്‍ വികസനത്തിന്റെ ഭാഗമല്ലേ എന്ന് ആശ്വസിക്കുമ്പോഴും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ പെടാന്‍ കാരണം ബന്ധപ്പെട്ടവരുടെ അനാസ്ഥയാണന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം.