കശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ നിന്ന് എ.ക-47 തോക്കുമായി പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഇര്ഫാന് അഹ്മദ് ദറിനെയാണ് കാണാതായത്. പാംപോര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ചൊവ്വാഴ്ചയാണ് ഇയാളെ കാണാതാകുന്നത്.
എന്നാല്‍ ഇയാള്‍ തങ്ങളുടെ സംഘടനയില്‍ ചേര്‍ന്നതായി ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അവകാശപ്പെട്ടു. സംഘടനയിലെ അംഗമായ ബുര്‍ഹാന്‍-ഉ-ദിന് എന്നയാളാണ് സന്ദേശം അറിയിച്ചത്. അതോടൊപ്പം ജമ്മുവിലെയും കശ്മീരിലെയും മുഴുവന്‍ പൊലീസ് സേനയോടും ജോലി ഉപേക്ഷിച്ച് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേരണമെന്നും ഇയാള്‍ പറയുന്നുണ്ട്.
എന്നാല്‍ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ആഴ്ചകള്‍ക്ക് മുന്‍പാണ് 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.