Columns

ഈ ചിത്രം സമൂഹത്തോട് പറയുന്നത്

രേണുക മേനോൻ

കെവിന് പ്രാണൻ നഷ്ടമായ പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയിരിക്കുന്നു . ഹരം കൊള്ളിക്കുന്ന പുതിയ വാർത്തകളുടെ കുത്തൊഴുക്കിൽ കെവിൻ ഒരോർമ്മച്ചിത്രം മാത്രമാണിപ്പോൾ. എത്ര വേഗമാണ് നമ്മൾ ആ ചെറുപ്പക്കാരനേയും അവന്റെ പ്രണയത്തേയും പ്രണയിനിയേയും മറന്നത്.

എങ്കിലും ആ ദിവസത്തെ വർത്തമാനപത്രത്തിൽ പതിഞ്ഞ ഒരു ചിത്രത്തിൽ മനസ്സ് വല്ലാതെ ഉടക്കിപ്പോയിരിക്കുന്നു .കെവിന്റെ മൃതദേഹത്തിന് തൊട്ടടുത്തു നിൽക്കുന്ന അച്ഛൻ, ഭാര്യയേയും മകളേയും മകന്റെ ഭാര്യയേയും ചേർത്തുപിടിച്ച് ശിലപോലെ നിൽക്കുന്ന ആ മനുഷ്യൻ .ഒന്ന് വീണുപോയാൽ തന്നെ താങ്ങേണ്ടവൻ, തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ, ഒരു കൈയകലത്തിൽ തണുത്തുറഞ്ഞ് കിടക്കുമ്പോഴും തന്നാൽ സംരക്ഷിക്കപ്പെടേണ്ടവർ ഉണ്ടെന്നും അവർക്ക് താൻ മാത്രമേ ഉള്ളുവെന്നും പറയാതെ പറയുന്ന ഒരാൾ. ഏതു സമാധാനദൂതനും പൊട്ടിത്തെറിച്ചു പോകാവുന്ന ആ അപൂർവ്വ സാഹചര്യത്തിൽ അയാൾ പൊട്ടിത്തെറിച്ചില്ല, കരഞ്ഞില്ല, ആരോടും പരിഭവം പറഞ്ഞില്ല. ഹിതകരമല്ലാത്ത എന്തൊക്കെയോ തൻറെ സാന്നിദ്ധ്യത്തിൽ സംഭവിക്കുന്നു എന്നുമാത്രം അയാൾ സ്വയം പറഞ്ഞുകൊണ്ടിരുന്നിരിക്കണം.

അത്രയൊന്നും വിദ്യാസമ്പന്നനല്ലാത്ത,സാധാരണ ജീവിതസാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഒരു സാധാരണ ടൂവീലർ മെക്കാനിക്കിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു അത്. വാക്കുകളിൽ, ശരീരഭാഷയിൽ ഒക്കെ കർശനമായ മിതത്വവും നിയന്ത്രണവും പുലർത്തിയ ആ മനുഷ്യൻ ഒരു അത്ഭുതം തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസവും കുലമഹിമയും ഉള്ളവരിൽ നിന്നുമാത്രം സംസ്കാരം പ്രതീക്ഷിക്കുന്ന മലയാളിമുഖത്ത് കിട്ടിയ പ്രഹരമായിരുന്നു ആ ദിവസങ്ങളിലെ അയാളുടെ പെരുമാറ്റം. ഒരുപക്ഷെ, പുരുഷൻ പുരുഷനാകുന്നത് ഇങ്ങനെയൊക്കെയാണെന്ന് ആ മനുഷ്യൻ കാണിച്ചു തന്നതുമാകാം.

താൻ അന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത പെൺകുട്ടി തീർത്തും അനാഥയായി തന്റെ നേർക്ക് കൈനീട്ടുമ്പോൾ അവളെ വാരിയണയ്ക്കുന്ന ഈ മനോബലം. ഏത് മകളാണ് ഇങ്ങനെ ഒരച്ഛനെ ഇഷ്ടപ്പെടാത്തത്? പ്രണയത്തിനപ്പുറവും സ്ത്രീയും പുരുഷനും തമ്മിൽ ചില ബന്ധങ്ങളുണ്ട് .

ഈ കുറിപ്പെഴുതുന്ന സമയം കെവിന്റെ അച്ഛൻ തന്റെ വർക്ക്ഷോപ്പിൽ, യാത്രാമദ്ധ്യെ പിണങ്ങിനിന്ന ഒരു വാഹനത്തെ തന്റെ വിറയാർന്ന കൈകൾ കൊണ്ട് നേരെയാക്കാൻ ശ്രമിക്കുകയാവും. അതേ, ഒരു കുടുംബത്തെ വാരിയണച്ച അതേവിരലുകൾ കൊണ്ട്. അവിടേക്ക് തന്റെ മകനെക്കൊന്ന ചെറുപ്പക്കാരൻ കടന്നുവന്നാലും ആ അച്ഛന്റെ പ്രതികരണം ഇതുപോലെയൊക്കെത്തന്നെയാവും.

ചില മനുഷ്യർ അങ്ങനെയാണ്, സ്നേഹം അവർക്ക് ഒരു വികാരമല്ല, സ്വഭാവമാണ്.

രേണുക മേനോൻ

ചീഫ് സബ് എഡിറ്റർ – ജനം ടിവി

231 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close