സത്യമപ്രിയം

സിപിഎം വിതച്ചത് കൊയ്യുന്നു

സത്യമപ്രിയം- ജി കെ സുരേഷ് ബാബു

മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരള രാഷ്ട്രീയത്തില്‍ വിതച്ചത് കൊയ്യുകയാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടി ഇസ്ലാമിക ഭീകരതയെ താലോലിച്ച് വളര്‍ത്തി, അവര്‍ക്ക് വേണ്ടിടത്തും വേണ്ടാത്തിടത്തും ഒത്താശ നല്‍കി ദേശീയവാദികള്‍ക്കും ഹിന്ദുത്വ ശക്തികള്‍ക്കും എതിരെ സായുധ സംഘര്‍ഷത്തിന് കോപ്പുകൂട്ടി കൊടുത്ത അക്ഷന്തവ്യമായ പാപത്തിന് ഇന്ന് സി പി എം വില നല്‍കേണ്ട അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്നു. പക്ഷേ, ഈ കൊടിയ പാപത്തിന് വില നല്‍കേണ്ടി വന്നത് ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ അഭിമന്യുവിന്റെ ജീവിതമായിരുന്നു. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയ ശക്തികളെ സ്വന്തം രാഷ്ട്രീയ ലാഭത്തിനുവേണ്ടി എല്ലാകാലത്തും ഉപയോഗിച്ചത് സി പി എം ആയിരുന്നു. 1957 ല്‍ പരാജയപ്പെട്ട പരീക്ഷണത്തിനുശേഷം എല്ലാ വര്‍ഗ്ഗീയ ശക്തികളുടെയും താളത്തിനൊത്ത് തുള്ളി അവരുടെ മുന്നില്‍ അവര്‍ കൊട്ടുന്ന താളത്തില്‍ ചാടിക്കളിക്കുന്ന കുഞ്ഞിരാമനായി സി പി എം മാറിക്കഴിഞ്ഞിരുന്നു.

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിന് ഇറാഖില്‍ പോലും ഇല്ലാത്ത പ്രതിഷേധമാണ് കേരളത്തിലുണ്ടായത്. കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് സി പി എം ആയിരുന്നു. അതിന്റെ പിന്‍ബലത്തിലാണ് അന്നത്തെ നായനാര്‍ മന്ത്രിസഭ കാലാവധി തീരുംമുന്‍പ് തിരഞ്ഞെടുപ്പിന് ഒരുങ്ങിയതും പരാജയം ഏറ്റുവാങ്ങിയതും. 1957 ലെ മന്ത്രിസഭയ്ക്കു ശേഷം വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകും വരെ വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കാനുള്ള തന്റേടം സി പി എമ്മിന് ഉണ്ടായില്ല. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി തുടങ്ങിവച്ച വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല എന്നു മാത്രമല്ല, മരണത്തിനു മുന്‍പ് പ്രൊഫ. മുണ്ടശ്ശേരി സി പി എം പാളയം വിട്ട് പുറത്തുപോവുകയും ചെയ്തു.

വി.എസ്സിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായി വന്ന എം.എ ബേബിയാകട്ടെ വിശ്വാസിയായ കേരളാ കോണ്‍ഗ്രസ്സുകാരേക്കാള്‍ ദയനീയമായി പള്ളിക്കാര്‍ക്കും പാതിരിമാര്‍ക്കും വേണ്ടി സ്വാശ്രയവിദ്യാഭ്യാസ കൊള്ളയ്ക്കായി അരുനില്‍ക്കുകയും ചെയ്തു. ഈ തരത്തില്‍ മതന്യൂനപക്ഷങ്ങളോടും വിദ്യാഭ്യാസ കൊള്ളക്കാരോടും പൂര്‍ണ്ണമായും അടിയറവ് പറയുന്ന സമീപനമാണ്, പ്രീണന മനോഭാവമാണ് സി പി എം എന്നും അനുവര്‍ത്തിച്ചിട്ടുള്ളത്. 1957 ല്‍ സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് മൂക്കുകയര്‍ ഇടണമെന്നും സ്വകാര്യ സ്‌കൂള്‍-കോളേജ് നിയമനങ്ങള്‍ പി എസ്. സി വഴിയാക്കുമെന്നും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പറഞ്ഞെങ്കിലും 60 വര്‍ഷം പിന്നിട്ടിട്ടും ഒന്നും ചെയ്യാന്‍ സി പി എമ്മിന് കഴിഞ്ഞില്ല. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കു വേണ്ടി മന്ത്രിമാരായ കെ. കെ. ശൈലജയും സി. രവീന്ദ്രനാഥും നടത്തിയ നാടകങ്ങളും കണ്ണൂര്‍, കരുണ മെഡിക്കല്‍കോളേജുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചെയ്ത വഴിവിട്ട നിയമഭേദഗതിയും നമ്മള്‍ കണ്ടതാണ്.

കോയമ്പത്തൂര്‍ സ്‌ഫോടനം നടന്ന ഉടന്‍ അതിര്‍ത്തി അടയ്ക്കാന്‍ തമിഴ്‌നാട് പോലീസ് നിര്‍ദ്ദേശിച്ചിട്ടും അതിന് വഴങ്ങാതെ ഊമ ബാബു അടക്കമുള്ള ഇസ്ലാമിക ഭീകരരെ കേരളത്തിലേക്ക് കടക്കാനും ഒളിവില്‍ താമസിക്കാനും വഴിയൊരുക്കിയത് സി പി എം ആയിരുന്നു. തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിട്ടാണ് അത് ചെയ്തത്. കേസില്‍ പ്രതിയായ മദനിക്കുവേണ്ടി പ്രമേയം കൊണ്ടുവന്നതും ഐകകണ്‌ഠ്യേന അംഗീകരിച്ചതിനും പിന്നില്‍ ഇരു മുന്നണികളും ഒരേപോലെ ഉണ്ടായിരുന്നു. ഇസ്ലാമിക തീവ്രവാദികളുടെ വോട്ടിനുവേണ്ടി കോയമ്പത്തൂര്‍ ജയിലില്‍ പോയി കാണാത്ത നേതാക്കള്‍ ബി ജെ പിക്കാര്‍ മാത്രമാണ്. അടുത്തത് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസായിരുന്നു. ഇവിടെയും മദനിയെ വിചാരണ കൂടാതെ പുറത്തുകൊണ്ടുവരാനും പരോള്‍ അനുവദിച്ചു കിട്ടാനും ഒക്കെയുള്ള ശ്രമത്തിനു പിന്നില്‍ സി പി എമ്മും ഉണ്ടായിരുന്നു. കോയമ്പത്തൂര്‍ കേസില്‍ വെറുതെ വിട്ടതിനെ തുടര്‍ന്ന് മദനിക്ക് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പോലും വേദി പങ്കിട്ടു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്നാണ് ഐ എസ് തീവ്രവാദ പ്രവര്‍ത്തനത്തിന് മുസ്ലീം യുവാക്കള്‍ പോയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റതിനുശേഷം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ പുതിയ ഉന്മേഷവും ശക്തിയും പോലീസ് കണ്ടില്ലെന്ന് നടിച്ചു. ഹവാല പണവും കടല്‍ത്തീരത്ത് മറ്റു വഴികളിലൂടെ എത്തിയ ധനസ്രോതസ്സും സംസ്ഥാന പോലീസ് അറിഞ്ഞില്ല. ഇന്ന് ഇസ്ലാമിക ഭീകരതയുടെ ഇന്‍ക്യുബേറ്റര്‍ മാത്രമല്ല, ഏറ്റവും സുരക്ഷിതമായ ഇടത്താവളം കൂടിയായി കേരളം മാറിയിരിക്കുന്നു. നേരത്തെ സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്ലാമിക ഭീകരര്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ് ഡി പി ഐയിലും ചേക്കേറിയത് സംസ്ഥാനപോലീസ് അറിഞ്ഞില്ല. കാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ ഏറെക്കാലം എസ് എഫ് ഐയുടെ കൊടിക്കീഴിലാണ് അഭയം കണ്ടെത്തിയത്. പകല്‍ എസ് എഫ് ഐയും സി പി എമ്മും രാത്രിയില്‍ എന്‍ ഡി എഫും, എസ് ഡി പി ഐയും.

പ്രൊഫസര്‍ ടി.ഐ ജോസഫിന്റെ കൈ വെട്ടിയതിനെതിരെ ഇടതുപക്ഷത്തുനിന്നും എസ് എഫ് ഐയില്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. പ്രൊഫ. ജോസഫ് ചോദ്യത്തിന് എടുത്ത ഭാഗങ്ങള്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍ നിന്നാണെന്ന കാര്യം പോലും പുറത്തുകൊണ്ടുവരാന്‍ എസ് എഫ് ഐ മടിച്ചു. കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥിസംഘടനയായ എം എസ് എഫിന് തിരിച്ചടി നല്‍കാന്‍ മിക്ക കോളേജുകളിലും എസ് എഫ് ഐ കാമ്പസ് ഫ്രണ്ടിനൊപ്പമാണ് മത്സരിച്ചത്.

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യു കുത്തേറ്റ് മരിക്കും മുന്‍പ് അനുജ എന്ന മറ്റൊരു വിദ്യാര്‍ത്ഥിനി ഇതേ കാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് ഭീകരന്മാരുടെ ലൗജിഹാദ് വലയില്‍ കുടുങ്ങി മരണമടഞ്ഞിരുന്നു. ഗുരുതരമായ മാനസിക പീഡനത്തിനും തല മൊട്ടയടിക്കലിനും ഒക്കെ വിധേയയായ ആ പെണ്‍കുട്ടിയുടെ മരണം നേരെ ചൊവ്വെ അന്വേഷിക്കാന്‍ പോലും നമ്മുടെ പോലീസ് സംവിധാനത്തിന് ആയില്ല. ഇപ്പോള്‍ ഇസ്ലാമിക ഭീകരര്‍ ഉയര്‍ത്തുന്ന താലിബാന്‍ രീതികളെക്കുറിച്ച് എളമരം കരീം തിരിച്ചറിയുന്നു. നേരത്തെ ഇതേ കാര്യം സി പി എം എം എല്‍ എ തന്നെയായിരുന്ന എന്‍. കണ്ണന്‍ നിയമസഭയില്‍ ഉന്നയിച്ചിട്ട് എന്ത് നടപടിയുണ്ടായി എന്ന് എളമരം കരീം തന്നെ വിലയിരുത്തട്ടെ. കണ്ണൂരിലെ ശ്യാമും ചെങ്ങന്നൂരിലെ വിശാലും അടക്കം എത്ര യുവാക്കളാണ് എസ് എഫ് ഐ വേഷമിട്ട ഇസ്ലാമിക ഭീകരരുടെ കൊലക്കത്തിക്ക് ഇരയായത്. അന്ന് എസ് എഫ് ഐയും സി പി എമ്മും വരാന്‍ പോകുന്ന വിനാശത്തിന്റെ വിഷവിത്തുകള്‍ കണ്ടില്ല. ഇന്ന് കേരളത്തിലുടനീളം ഇസ്ലാമിക ഭീകരര്‍ നുഴഞ്ഞുകയറി അഭയം കണ്ടിരിക്കുന്ന പ്രസ്ഥാനം എസ് എഫ് ഐയും ഡി വൈ എഫ് ഐയും സി പി എമ്മും തന്നെയാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ, ഭഗവാന് കാണിക്കയായും വഴിപാടായും ലഭിച്ച അമൂല്യമായ നിധിശേഖരം 30 വര്‍ഷം കൊണ്ട് സി പി എമ്മിലൂടെ ഭരണനേതൃത്വത്തിലെത്തി കൈയടക്കുമെന്ന് ഇസ്ലാമിക ഭീകരര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത് അറിയാതെ പോയത് സി പി എം മാത്രമാണ്.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുടെ ആഴം ഒരുപക്ഷേ, തിരിച്ചറിഞ്ഞിട്ടുള്ളത് പ്രൊഫ. എം. എന്‍. കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരും ജാമിദ ടീച്ചറും അലി അക്ബറും ഒക്കെയാണ്. ജനസംഖ്യയില്‍ പകുതിയ്ക്കു താഴേക്ക് ഹിന്ദുക്കള്‍ ആയിക്കഴിഞ്ഞ സാഹചര്യത്തില്‍ ജീവിതം ഇസ്ലാമിക രാജ്യത്തെപ്പോലെ ദുഃസഹമാവുകയാണ്. വാട്‌സാപ് ഹര്‍ത്താല്‍ നടന്ന ദിവസം ഹിന്ദുക്കളെ മാത്രം തിരഞ്ഞുപിടിച്ച് വാഹനങ്ങളില്‍ നിന്ന് ഇറക്കിയതും ആശുപത്രിയില്‍ പോയ ഹിന്ദു ഗര്‍ഭിണിയെ മതം ചോദിച്ച് തടഞ്ഞിട്ടതും ഉച്ചവരെ കേരളാ പോലീസ് അറിഞ്ഞില്ല. നോമ്പുകാലത്ത് ഇതര മതസ്ഥരുടെ ഹോട്ടലുകള്‍ പോലും തുറക്കാന്‍ അനുവദിക്കാത്തതും ശബരിമലയ്ക്കുള്ള കറുപ്പ് വസ്ത്രം വില്‍ക്കാന്‍ അനുവദിക്കാത്തതും നിയമസഭയില്‍ പറഞ്ഞത് സി പി എം എം എല്‍ എ ആയിരുന്നു.

താലിബാനിസത്തിനെതിരെ നടപടിയില്ലാതെ അവര്‍ക്ക് ഒത്താശ ചെയ്ത് ഓശാന പാടി വളര്‍ത്തിയെടുത്തതിന്റെ ഫലമാണ് എസ് എഫ് ഐ എറണാകുളം മഹാരാജാസില്‍ നേരിട്ടത്. ഇത് ഒരു തുടക്കം മാത്രമാണെന്ന് സംസ്ഥാന പോലീസും ഇന്റലിജന്‍സ് വിഭാഗങ്ങളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെ എസ് എഫ് ഐയെ നേരിടാന്‍ ഭീകരപ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെ കാമ്പസ് ഫ്രണ്ട് ഒരുങ്ങുന്നു എന്നാണ് സൂചന. കേരളത്തിലെ വരാന്‍ പോകുന്ന രാഷ്ട്രീയത്തിന്റെയും സൂചന തന്നെയാണിത്. കാമ്പസ് ഫ്രണ്ടിനും പോപ്പുലര്‍ ഫ്രണ്ടിനും വളക്കൂറുള്ള മണ്ണ് ഒരുക്കിയവര്‍, മലപ്പുറം ജില്ല രൂപീകരിച്ചവര്‍, മുസ്ലീങ്ങള്‍ക്ക് മാത്രമായി അവരുടെ ഇംഗിതത്തിന് അനുസരിച്ച് സര്‍വ്വകലാശാല ഉണ്ടാക്കിയവര്‍, അവരുടെ താളത്തിനൊത്ത് തുള്ളിയവര്‍, ആനന്ദിനെയും ഒ.വി. വിജയനെയും വര്‍ഗ്ഗീയവാദികളെന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ വിതച്ചത് കൊയ്തു തുടങ്ങിയിരിക്കുന്നു. ഇരയായി മാറിയ പാവങ്ങളില്‍ പാവമായ അഭിമന്യുവിന്, ചക്രവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിന് കണ്ണീര്‍ പ്രണാമം.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close