ജോഹന്നാസ്ബെര്‍ഗ്: ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ് ദക്ഷിണാഫ്രിക്കയില്‍ സ്ഥാപിച്ചു. 64 ഡിഷ് റേഡിയോ ടെലസ്കോപ്പാണ് ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മുനമ്പായ കാര്ണര്വോണില് പ്രവര്‍ത്തനം ആരംഭിച്ചത്.
സ്ക്വയര്‍ കിലോമീറ്റര്‍ അരേ (എസ്കെഎ) എന്ന ഈ പദ്ധതിക്ക് മീര്‍ക്കാറ്റ് എന്ന ഓമനപ്പേരാണ് നല്‍കിയിരിക്കുന്നത്. ടെലസ്കോപ്പ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഭാഗികമായ പരീക്ഷണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. 2030ഓടു കൂടി മാത്രമാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളു.
നിലവില്‍ ലോകത്തുള്ള ടെലസ്കോപ്പുകളെക്കാളും 50 മടങ്ങ് കരുത്തുറ്റതും 10,000 മടങ്ങ് വേഗമേറിയതുമാണ് ഈ ടെലസ്കോപ്പ് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
ക്ഷീരപഥത്തിന്റെ 30,000 പ്രകാശവര്‍ഷം അകലെയുള്ള പ്രദേശങ്ങളുടെ ചിത്രങ്ങള്‍ വരെ ഇതിലൂടെ പകര്‍ത്താന്‍ സാധിക്കും. പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങള്‍, തമോഗര്‍ത്തങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. 1400 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രപഞ്ചത്തിന്റെ ഉദ്ഭവം കണ്ടെത്തുകയാണ് മീര്‍ക്കാറ്റിന്റെ പ്രധാന ലക്ഷ്യം.
അന്താരാഷ്ട്ര സഹകരണത്തോടെയാണ് ടെലസ്കോപ്പിന്റെ നിര്‍മാണം. ഇന്ത്യ, ഓസ്ട്രേലിയ, ബ്രിട്ടന്, കാനഡ, ചൈന, ഇറ്റലി, ന്യൂസിലാന്‍ഡ്, സ്വീഡന്, നെതര്‍ലാന്‍ഡ്സ്, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവരുടെ സഹകരണവും നിര്‍മാണത്തിന് പിന്നിലുണ്ട്.
സൂപ്പര്‍ കംപ്യൂട്ടറുകളാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. 133 ഡിഷുകള്‍ കൂടി സ്ഥാപിച്ചാല്‍ മാത്രമാണ് ആദ്യഘട്ടം പൂര്‍ത്തിയാകുന്നത്. ഇതിന് രണ്ടു വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.