MovieMovie Reviews

കൂടെ കൂട്ടാം… ഹാപ്പി ജേർണിയേയും….

FILM REVIEW - കെപി സുരേഷ് കുമാർ

കൂടെ കൂട്ടാം കൂടെയെ സംശയമില്ല. യുക്തി രഹിതമായ കഥയെ ആവിഷ്ക്കാരത്തിന്‍റെ ക്രാഫ്‍‍റ്റിൽ മനോഹരമാക്കിയിട്ടുണ്ട് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്‍‍സ് എന്നീ സിനിമകൾക്ക് ശേഷം അഞ്‍ജലിയൊരുക്കിയ കൂടെ അസംഭവ്യത്തിനപ്പുറം അനുഭവപ്പെടുത്തലിന്‍റെ സൗന്ദര്യം തന്നെയാണ് നൽകുന്നത്. ജോഷ്വ, ലില്ലി, അലോഷി, ലില്ലി, സോഫി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മരണവും ജീവിതവും തമ്മിലുളള, ഓർമ്മകളും സമരസപ്പെടലുമാണ് സിനിമ പറഞ്ഞുവെക്കുന്നത്.

സ്‍‍നേഹത്തിന്‍റെ നിസ്വാർത്ഥതയും കടപ്പാടിന്‍റെ ബാധ്യതയും ദാർശനികതലത്തിൽ നിന്നകന്ന് ആസ്വാദകനെ സ്‍‍‍‍പർശിക്കുന്നുമുണ്ട്. പൃഥ്വിരാജിന്‍റെ ജോഷ്വായും നസ്രിയയുടെ ജെസിയും ചിത്രം കണ്ടിറങ്ങുമ്പോഴും നമ്മുടെ കൂടെ കൂടുന്നു. പതിനഞ്ചാം വയസിൽ കുടുംബത്തിന്‍റെ ബാധ്യതയുമായി കടൽകടക്കുന്ന ജോഷ്വോയുടെ അനുഭവ തീവ്രത പൃഥ്വിരാജ് കൈയടക്കത്തോടെ ഭദ്രമാക്കിയിട്ടുണ്ട്. അലോഷിയായെത്തിയ രഞ്ജിത്തും സോഫിയയായെത്തിയ പാർവ്വതിയും മാത്രമല്ല ബ്രൗണി എന്ന നായയും കൂടെയുടെ മനോഹരമായ കാഴ്ചകൾ തന്നെ.

എന്നാൽ കൂടെ എന്ന സൈക്കോളജിക്കൽ ഇമോഷനൽ ഡ്രാമ ഹാപ്പി ജേർണി എന്ന മറാത്തി ചിത്രത്തേയും കൂടെ കൂട്ടുന്നുവെന്നതാണ് വാസ്തവം. ദേശീയ അവാർഡ് ജേതാവായ സച്ചിൻ കുണ്ഡൽക്കർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് 2014 ജൂലൈ എട്ടിന് പുറത്തിറങ്ങിയ ഈ മറാത്തി ചിത്രത്തെ ദൃശ്യങ്ങളിൽ പോലും പകർത്തിവെക്കുന്നുണ്ട് കൂടെ. കഥാപാത്രങ്ങളും കഥാപരിസരങ്ങളും മാറുന്നു എന്നുമാത്രം. അതുൽകുൽക്കർണിയും പല്ലവി സുഭാഷും പ്രിയ ബബതും പ്രധാനവേഷത്തിലെത്തിയ സിനിമ പക്ഷേ മറാത്തയിലെ ഒരു ശരാശരി ചിത്രം മാത്രമായിരുന്നു. നിരഞ്‍‍ജന്‍റേയും ജാനകിയുടേയുംസങ്കീർണമായ ഗാഢ ബന്ധമാണ് ജോഷ്വായുടേയും ജെനിയുടേയുമായി മൊഴിമാറ്റം ചെയ്യപ്പെട്ടത്.

അതുൽക്കുൽക്കർണി കൂടെയിൽ അഷറഫ് എന്ന ഫുട്ബോൾ കോച്ചായി എത്തുന്നുവെന്നത് യാദൃശ്ചികമാണോയെന്ന് വ്യക്തമാക്കേണ്ടത് തിരക്കഥയും സംവിധാനവുമൊരുക്കിയ അഞ്ജലി തന്നെയാണ്. പൃഥ്വരാജിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ അയ്യ സംവിധാനം ചെയ്‍‍തത് സച്ചിനാണെന്നത് മറ്റൊരു യാദൃശ്ചികതയായയേക്കാം. ഏതൊരു പുതിയ സിനിമയുടെ ടീസറോ ട്രെയിലറോ പുറത്തിറക്കുക എന്നത് സാധാരണമായ കാര്യമാണ്. എന്നാൽ കൂടെയുടെ ട്രെയിലറോ ടീസറോ അണിയറ പ്രവർത്തകർ പുറത്തിറക്കിയില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഗാനങ്ങൾ മാത്രമാണ് കൂടെയുടേതായ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നത്.

ഏതായാലും ഹാപ്പി ജേർണിയിൽ നിന്ന് കൂടെയിലെത്തുമ്പോൾ സിനിമ കൂടുതൽ ഹൃദ്യമാകുന്നു എന്നത് വാസ്‍തവം തന്നെയാണ്. പക്ഷേ ചിത്രത്തിന്‍റെ ടൈറ്റിലൊരിടത്തും ഹാപ്പി ജേർണിയെക്കുറിച്ച് പരാമർശിക്കാത്തത് കൂടെയുടെ മൗലികതയെ തന്നെ ചോദ്യം ചെയ്യുകയാണ്.

കെ പി സുരേഷ് കുമാർ

മാദ്ധ്യമ പ്രവർത്തകൻ

281 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close