Sports

വാഴ്ത്തുപാട്ടുകള്‍ക്കപ്പുറം ഒരു ഫ്രാന്‍സ്

കളിമുറ്റം- ആര്‍. ബാലകൃഷ്ണന്‍

ഫ്രാന്‍സ് എന്നും അങ്ങിനെയായിരുന്നു. വളരെ പതിഞ്ഞ താളത്തിലാണ് തുടങ്ങുക. സ്വന്തം ഹാഫിലേയ്‌ക്കൊതുങ്ങും. അക്ഷരാര്‍ത്ഥത്തില്‍ ഉള്‍വലിയും. വാസ്തവത്തില്‍ പ്രതിരോധം ഒന്നുകൂടി ഉറപ്പിച്ച് അവര്‍ എതിരാളിയെ പഠിക്കുന്ന സമയമാണത്. ലോകകപ്പിലുടനീളം അത് പ്രകടമായിരുന്നു.

4-2-3-1 ശൈലിയാണ് മിക്കവാറും മത്സരങ്ങളില്‍ ഫ്രാന്‍സ് അവലംബിച്ചത്. 4-4-2 അല്ലെങ്കില്‍ 4-1-4-1 എന്ന ഫോര്‍മേഷനായിരുന്നു ചിലപ്പോള്‍. 4-3-3 എന്ന രൂപമാറ്റവുമുണ്ടായിട്ടുണ്ട്. ഡിഫന്‍സിന് മുന്‍തൂക്കം നല്‍കിയുള്ള ഒരു ഗെയിംപ്ലാന്‍. യൂറോ കപ്പിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ഉടച്ചുവാര്‍ത്തതും ഫ്രാന്‍സിന്റെ പ്രതിരോധനിരയെയാണ്. പ്രതിരോധമാണ് എന്നും ഫ്രാന്‍സിന്റെ കരുത്ത്. ലോകകപ്പ് ഫൈനലിലും അതാണ് കണ്ടത്.

ക്രൊയേഷ്യയ്ക്ക് അത് മനസ്സിലായില്ല. നിലയ്ക്കാത്ത പോര്‍വീര്യവുമായി അവര്‍ നിരന്തരം ഫ്രഞ്ച് ഗോള്‍മുഖം റെയ്ഡ് ചെയ്തുകൊണ്ടേയിരുന്നു. കളി തുടങ്ങി പത്തു മിനിറ്റ് തികയും മുന്‍പ് ഇവാന്‍ പെരിസിച്ചും മരിയൊ മന്‍സൂക്കിച്ചും തുറന്നെടുത്ത അവസരങ്ങള്‍ തന്നെ അതിനു തെളിവ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കു മുന്‍പില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്ക്കുക എന്ന അത്യന്തം ദുഷ്‌ക്കരമായ തന്ത്രമായിരുന്നു ഫ്രാന്‍സിന്റേത്. ഇടയ്ക്ക് ഒരവസരം, ഒരുപക്ഷേ ഒരര്‍ദ്ധാവസരമെങ്കിലും കിട്ടിയാല്‍ ഗോളടിക്കുക എന്നും. കളി തുടങ്ങി ഇരുപത് മിനിറ്റാകുമ്പോഴേയ്ക്കും അത് സംഭവിക്കുകയും ചെയ്തു.

ഫ്രീ കിക്ക്. ഗോള്‍. മരിയൊ മാന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടി വലയില്‍ വീണ ഗോളിന് ഭാഗ്യത്തിന്റെ സ്പര്‍ശമുണ്ടായിരുന്നുവെന്നത് നേര്. പക്ഷേ, കിക്കെടുത്ത അന്റോയ്ന്‍ ഗ്രീസ്മാന്റെ മികവ് കുറച്ചു കാണാനാവില്ല, ഒട്ടും.

പത്ത് മിനിറ്റിനുള്ളില്‍ ക്രൊയേഷ്യക്കാര്‍ ഗോള്‍ മടക്കി. ലൂക്ക മോഡ്രിച്ചിന്റെ ഫ്രീ കിക്ക് ദോമഗോജ് വിദയിലേയ്ക്ക്. വിദ പെരിസിച്ചിന്. പെരിസിച്ചിന്റെ ഷോട്ട് വലയില്‍. സമനില. പത്തു മിനിറ്റ് കഴിയുമ്പോഴേയ്ക്കും ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഗ്രീസ്മാന്‍ തന്നെയായിരുന്നു ഇത്തവണയും താരമെന്ന് മറന്നുകൂടാ. ഗ്രീസ്മാന്റെ കൃത്യതയാര്‍ന്ന കോര്‍ണര്‍ കിക്ക്. ഗോള്‍മുഖം ലക്ഷ്യമാക്കി ബ്ലെയ്‌സ് മെറ്റിയുഡിയുടെ ഹെഡര്‍ തടയാന്‍ ബോക്‌സിനുള്ളില്‍ ഒപ്പം ചാടിയ പെരിസിച്ചിന്റെ കയ്യില്‍ പന്ത് തട്ടുന്നു. പെനാല്‍റ്റി. വീണ്ടും ഗ്രീസ്മാന്‍. ഗോള്‍… ആ പ്രതിഭാസ്പര്‍ശം പ്രകീര്‍ത്തിക്കപ്പെടുകതന്നെ വേണം.

ഫ്രാന്‍സിന്റെ സെറ്റ് പീസ് വിദഗ്ദ്ധനാണ് ഗ്രീസ്മാന്‍. ഗോളടിക്കാന്‍ മാത്രമല്ല, തന്ത്രങ്ങള്‍ മെനയാനും ഗോളടിപ്പിക്കാനുമുള്ള ഈ അത്‌ലറ്റിക്കൊ മഡ്രിഡ് താരത്തിന്റെ പ്രാഗത്ഭ്യം ലോകകപ്പിലുടനീളം പ്രകടമായിരുന്നു.

ഇടവേളയ്ക്കുശേഷം ക്രൊയേഷ്യ കളംനിറഞ്ഞാടുമെന്നും കപ്പ് നേടുമെന്നും ഉറപ്പിക്കുക മാത്രമല്ല, ഫ്രാന്‍സിന് ഒരു നേരിയ സാദ്ധ്യത കല്പിച്ചുകൊടുക്കാന്‍ അപ്പോള്‍പോലും അധികം പേരുണ്ടായിരുന്നില്ല. അത്രമേല്‍ ആരാധനയായിരുന്നു ക്രൊയേഷ്യയോട്.

അതിനു പിറകിലുള്ള താല്പര്യം ഫുട്‌ബോള്‍ മാത്രമാണെന്ന് പറയാനാവില്ല. ലോകഫുട്‌ബോളിന് പുതിയ കിരീടാവകാശിയുണ്ടാകണമെന്ന് അവരില്‍ പലരും പറഞ്ഞുതുടങ്ങിയത് എതിരാളി ഫ്രാന്‍സായതുകൊണ്ടായിരുന്നു. ജര്‍മനിയും അര്‍ജന്റീനയും ബ്രസീലും ഇംഗ്ലണ്ടും യുറുഗ്വായും പോര്‍ച്ചുഗലും പുറത്തായ ശേഷമായിരുന്നു. ബെല്‍ജിയം സെമിയില്‍ തോറ്റതിനു ശേഷവും. ഫൈനല്‍റൗണ്ട് യോഗ്യതപോലും നേടാനാകാതെ ഇറ്റലിയും ഹോളന്റും പുറത്തുനില്‍ക്കുന്നതുകൊണ്ടുകൂടിയായിരുന്നു. അത് ഫുട്‌ബോളല്ല. അതിലൊരു കാവ്യനീതിയുമില്ല.

ലോകകപ്പ് ജേതാവിന്റെ സാധ്യതാപട്ടികയില്‍ വളരെ താഴെയായിരുന്നു ഫ്രാന്‍സിന്റെ സ്ഥാനം. കേരളത്തിലുടനീളം സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ പോലും അതിനു സാക്ഷ്യം പറയും. ആരാധകരധികമില്ല എന്ന തിരിച്ചറിവുണ്ടായിരുന്നു ഫ്രാന്‍സിന്. ബഹുഭൂരിപക്ഷവും എതിരാളികള്‍ക്കൊപ്പമാണെന്നും.

അതുകൊണ്ട് സ്വതസിദ്ധമായ ശൈലിയില്‍ തന്നെയാണ് ഫ്രാന്‍സ് രണ്ടാംപകുതിയും തുടങ്ങിയത്. പ്രതിരോധത്തിലൂന്നി കളിക്കുന്നതിനിടെ പൊടുന്നനെ ഒരു പ്രത്യാക്രമണം. ആ ഗെയിംപ്ലാന്‍ കൃത്യമായി അവര്‍ നടപ്പാക്കി. ആറു മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു ഗോള്‍.

വലതു വിങിലൂടെ പന്തുമായി കുതിച്ചെത്തിയ എംബാപ്പെ നല്‍കിയ പാസ് ഗ്രീസ്മാന്‍ പോള്‍ പോഗ്ബയ്ക്കു നല്‍കുന്നു. ക്രൊയേഷ്യന്‍ ഡിഫന്റര്‍മാര്‍ക്കിടയിലൂടെ ആ മധ്യനിരക്കാരന്റെ തകര്‍പ്പനടി ഗോളിലേയ്ക്ക്, 59-ാം മിനിറ്റില്‍. അടുത്ത ഗോള്‍ വന്നത് ഇടത് വിങിലൂടെയായിരുന്നു. ലൂക്കാസ് ഹെര്‍ണാണ്ടസ്സിന്റെ പാസ്. ഇത്തവണ എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചു.

ക്രൊയേഷ്യ തോറ്റു തുടങ്ങുന്നത് അപ്പോള്‍ മുതലാണ്. കളിയുടെ ഗതിക്കെതിരെ തുടരെത്തുടരെ വീണ ആ രണ്ട് ഗോളുകളില്‍. പന്തടക്കത്തിലും ആക്രമണോത്സുകതയിലും ഗോളിലേയ്ക്കുള്ള ഷോട്ടുകളിലും ഒരിക്കലും തങ്ങളെ കടന്നുപോകാനാകാത്ത ഒരു ടീമിന് ആക്രമണത്തിന് കൃത്യമായ രൂപരേഖയുണ്ടായിരുന്നുവെന്ന് ക്രൊയേഷ്യ തിരിച്ചറിയാന്‍ വൈകിപ്പോയതായിരുന്നു ഒരു പിഴവ്. ക്വാര്‍ട്ടറിലും സെമിഫൈനലിലും ഫ്രാന്‍സ് തങ്ങളുടെ പ്രതിരോധത്തിന്റെ ഉറപ്പ് കൂട്ടിക്കൂട്ടി കൊണ്ടുവന്നത് അവര്‍ ശ്രദ്ധിച്ചതുമില്ല. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ആ കോട്ടയില്‍ തട്ടി ഫലം കാണാതെ വരുമ്പോള്‍ ക്രൊയേഷ്യ തളരുമെന്നും ദെഷാംപ്‌സ് കണക്കുകൂട്ടിയിരുന്നു. അത് തെറ്റിയില്ല. പ്രാദേശികമത്സരങ്ങളിലെ ഗോള്‍ കീപ്പര്‍മാര്‍പോലും കാണിക്കാത്ത മണ്ടത്തരം ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസിന്റെ ഭാഗത്തുനിന്നുണ്ടായതാണ് ക്രൊയേഷ്യക്ക് ലഭിച്ച ബോണസ്. 4-1 എന്ന സ്‌കോറിന്റെ ആഘാതം അവര്‍ക്ക് താങ്ങാനാവുമായിരുന്നില്ല.

ഫിഫന്‍സീവ് മിഡ് ഫീല്‍ഡര്‍മാരായ പോള്‍ പോഗ്ബ, എന്‍ഗോളൊ കാന്റെ, വിങറായ കൈലിയന്‍ എംബാപ്പെ, മുന്നേറ്റനിരയിലെ ഗ്രീസ്മാന്‍ എന്നിവരിലായിരുന്നു കളിയുടെ ചുക്കാന്‍. എന്നാല്‍ അവരിലൂടെയാണ് കളിയുടെ ഗതി നിശ്ചയിച്ചിട്ടുള്ളതെന്ന തോന്നലുളവാക്കാതിരിക്കാനും ദെഷാംപ്‌സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ മാത്രമല്ല, കളി നിയന്ത്രിക്കാനും കെല്പുള്ളവനാണ് പോഗ്ബ. ഫ്രഞ്ച് പ്രതിരോധത്തിനു മുന്‍പില്‍ എതിര്‍പാളയത്തിലേക്കു കടന്നു കയറാതെ ഒതുങ്ങിനിന്ന് കളിക്കാനായിരുന്നു കാന്റെ നിയോഗിക്കപ്പെട്ടത്. ഫ്രാന്‍സിന്റെ വിജയത്തില്‍ ഈ കൂട്ടുകെട്ട് ഏറെ നിര്‍ണായകമായി എന്നു മാത്രമല്ല, കാന്റെയുടെ കളി അങ്ങേയറ്റം ആസ്വാദ്യകരമാവുകയും ചെയ്തു.

ഗോളടിക്കുന്ന ചുമതല മാത്രമല്ല ഗ്രീസ്മാനെ ഏല്പിച്ചിരുന്നത്. ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍, പ്രത്യേകിച്ച് മധ്യഭാഗത്ത് വിള്ളലുണ്ടാക്കാനും അതിലൂടെ കടന്നുകയറാന്‍ അവസരമുണ്ടാക്കാനുമുള്ള ഉത്തരവാദിത്വം ഗ്രീസ്മാനായിരുന്നു.

വേഗവും ഡ്രിബഌംഗ് മികവുമുള്ള എംബാപ്പെയെ സ്വന്തം ഹാഫില്‍ നിര്‍ത്തിയാണ് ദെഷാംപ്‌സ് കളിപ്പിച്ചത്. എപ്പോഴും എതിര്‍പകുതിയില്‍ അതിവേഗം കുതിച്ചെത്തുന്ന കളിക്കാരനില്‍ നിന്ന് നിശ്ചിതസമയത്തു മാത്രം എതിര്‍പ്രതിരോധത്തെ പിളര്‍ത്താനെത്തുന്ന വിങറായി എംബാപ്പെയെ പ്രയോജനപ്പെടുത്തുകയായിരുന്നു പരിശീലകന്‍.

ഫോമിലേയ്ക്കുയരാന്‍ കഴിയാതെ പോയ ഒളിവര്‍ ജിറൂഡായിരുന്നു ഫൈനലിലും ഫ്രാന്‍സിന്റെ ദുര്‍ബലമായ ഘടകം. എന്നിട്ടും മത്സരം കൈപ്പിടിയിലൊതുങ്ങിയെന്ന് ഉറപ്പാകുന്നതുവരെയും ജിറൂഡിനെ കളത്തില്‍ നിര്‍ത്തിയതും ദെഷാംപ്‌സിന്റെ തന്ത്രം. എതിരാളിയുടെ നോട്ടത്തില്‍ പെടാതെ ആവശ്യമായ സമയത്ത് പ്രതിരോധപ്പൂട്ടു പൊളിച്ച് ഗ്രീസ്മാനും എംബാപ്പെയ്ക്കും അകത്തു കയറാന്‍ ജിറൂഡിനെ മുന്നില്‍ നിര്‍ത്തണമായിരുന്നു.

1998ല്‍ ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ദെഷാംപ്‌സിന് കൃത്യമായ രണ്ട് ചുമതലകളുണ്ടായിരുന്നു. സ്വന്തം ബോക്‌സിലേയ്ക്ക് ബ്രസീലിനെ കടക്കാന്‍ അനുവദിക്കാതിരിക്കുക. ബ്രസീല്‍ ഗോള്‍ മുഖത്ത് ആക്രമിച്ചു കയറാന്‍ സിദാനും പെറ്റിറ്റിനും കൃത്യമായി പന്തെത്തിക്കുക. ഇരുപതാം വര്‍ഷം പരിശീലകനായെത്തുമ്പോള്‍ ആ നീക്കങ്ങള്‍ക്ക് പുതിയ അനുബന്ധം എഴുതി ദെഷാംപ്‌സ് വീണ്ടും വിജയിച്ചിരിക്കുന്നു.

പ്രതിരോധത്തിലൂന്നിയുള്ള മുന്നേറ്റം മാത്രമായിരുന്നില്ല അത്. എതിരാളിയെ അറിഞ്ഞ് അവരെ മറികടക്കുന്നതിനാവശ്യമായ കളി മാത്രം പുറത്തെടുത്തതിന്റെ വിജയംകൂടിയാണ്.

ആർ.ബാലകൃഷ്ണൻ

88 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close