Sports

വംശീയാധിക്ഷേപം; മെസ്യൂട്ട് ഓസില്‍ വിരമിച്ചു

ബെര്‍ലിന്‍: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ വംശീയാധിക്ഷേപവും അവഹേളനവും നേരിട്ട ജര്‍മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ജര്‍മനിക്കായി ഇനി കളിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രസ്താവന പുറത്തിറക്കിയത്. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെയാണ് ഫോട്ടോയുടെ പേരില്‍ വിവാദം ഉണ്ടാകുന്നത്.

ഫോട്ടോ പുറത്തു വന്നതോടെ തുര്‍ക്കി വംശജനായ ഓസിലിനും കുടുംബത്തിനും കടുത്ത വംശീയാക്രമണവും അവഹേളനവും നേരിടേണ്ടി വന്നിരുന്നു. ജര്‍മന്‍ ടീം മാനേജര്‍ ഒളിവര്‍ ബീര്‍ഹോഫും ഓസിലിനെതിരെ രംഗത്ത് വന്നിരുന്നു. എര്‍ദോഗനുമായുള്ള കൂടിക്കാഴ്ച ഓസില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ഒളിവര്‍ പറഞ്ഞത്.

ഇതിനിടെ ഇരട്ട പൗരത്വമുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ആവശ്യവും ജര്‍മനിയില്‍ ഉയര്‍ന്നു വന്നു. വിഷയത്തില്‍ ഇന്നലെയാണ് ഓസില്‍ ഔദ്യോഗിക വിശദീകരണം പുറത്തു വിട്ടത്.

തനിക്കും കുടുംബത്തിനും നിരവധി വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണി ഫോണുകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവഹേളനം എന്നിവ നേരിടേണ്ടി വന്നതായി ഓസിലിന്റെ പ്രസ്താവനയില്‍ പറയുന്നു. എര്‍ദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്നത നേതാവിനോടുള്ള ആദരം മാത്രമാണ്. ഞാനൊരു പ്രഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. എന്നാല്‍, ചിത്രമെടുത്തതിന്റെ പേരില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലയില്‍ നിന്ന് എതിര്‍പ്പുണ്ടായി. ഇനിയും ജര്‍മനിയുടെ ജഴ്‌സി ഞാന്‍ ധരിക്കുന്നത് അവര്‍ക്കിഷ്ടമല്ലെന്നു മനസ്സിലായി.

2009ല്‍ തന്റെ അരങ്ങേറ്റം മുതല്‍ നേടിയതെല്ലാം പലരും മറന്നുപോയി. ഇപ്പോള്‍ നടന്ന സംഭവങ്ങളൊക്കെ ഹൃദയത്തില്‍ കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. വംശീയതയും അവഹേളനവുമായിട്ട് എനിക്ക് ഈ കാര്യങ്ങള്‍ തോന്നുന്ന സാഹചര്യത്തില്‍ ജര്‍മനിക്കായി അന്താരാഷ്ട്രതലത്തില്‍ കളിക്കാനാകില്ല. വലിയ പ്രതാപത്തോടെയും ആവേശത്തോടെയുമാണ് ഞാന്‍ ജര്‍മന്‍ കുപ്പായം അണിഞ്ഞിരുന്നത്. ഏറെ പ്രയാസകരമേറിയതാണ് എന്റെ തീരുമാനം. ജര്‍മനിയില്‍ നിന്ന് എനിക്ക് എല്ലാഴ്‌പ്പോഴും ലഭിച്ചത് നല്ല സഹതാരങ്ങളേയും പരിശീലകനേയുമാണെന്നും ഓസില്‍ പ്രസ്താവനയില്‍ കുറിച്ചു.

ലോകകപ്പില്‍ പുറത്തായതിനെ തുടര്‍ന്ന് ഓസിലിന് ജര്‍മനിയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വിഷയത്തില്‍ ഓസിലിനെ മാത്രം ബലിയാടാക്കുകയാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവും രംഗത്ത് വന്നിരുന്നു.

386 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close