ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ ഹിമമേഖലയില്‍ തടാകത്തിന്റെ തെളിവുകള്‍ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. ശീതീകരിച്ച നിലയില്‍ ജലസാന്നിധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ദ്രാവകാസ്ഥയില് ജലമുണ്ടെന്ന വിവരം ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഉപരിതലത്തില്‍ നിന്നും ഒരു കിലോമീറ്ററോളം താഴെയായാണ് തടാകം സ്ഥിതി ചെയ്യുന്നത്. ഇരുപതു കിലോമീറ്ററിലായി പരന്നു കിടക്കുകയാണ് തടാകം.
ഇറ്റാലിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രഫസര്‍ റോബര്‍ട്ടോ ഓറോസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് പിന്നില്‍. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാര്‍സ് എക്സ്പ്രസ്സില്‍ ഘടിപ്പിച്ച റഡാര്‍ വഴി നടത്തിയ നിരീക്ഷണത്തിലൂടെയാണ് തടാകം കണ്ടെത്തിയത്.
ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ രൂപത്തില്‍ ജീവനുണ്ടാകാമെന്ന വാദത്തിനു ബലം നല്‍കുന്നതാണ് കണ്ടെത്തല്‍.