ന്യൂഡല്‍ഹി: 36 കൊല്ലത്തെ നീണ്ട കാത്തിരിപ്പ്. തന്റെ ഭര്‍ത്താവ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നു പോലും അറിയാതിരുന്ന വര്‍ഷങ്ങള്‍. പ്രതീക്ഷ കൈവിടാതെ മഖ്നി ദേവി എന്ന വീട്ടമ്മ കാത്തിരുന്നത് വെറുതെയായില്ല.
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹരിയാലി തീജ് എന്ന വിശേഷ ദിനത്തില്‍ ഗജാനന്ദ് ശര്‍മ്മ തിരിച്ചെത്തി. ശിവ ഭഗവാനും പാര്‍വതി ദേവിയും ഒരുമിക്കുന്ന ദിവസമായാണ് ഹരിയാലി തേജ് കണക്കാക്കുന്നത്. ഏറെ ദൈവീകമായി കരുതുന്ന ആ ദിനത്തില്‍ തന്നെ ഭര്‍ത്താവ് മടങ്ങി വന്നത് ദൈവത്തിന്റെ സമ്മാനമാണെന്നാണ് മഖ്നി ദേവി കരുതുന്നത്.
കഴിഞ്ഞ നാല് ദശാബ്ദമായി പാകിസ്ഥാനിലെ ജയിലിനുള്ളിലായിരുന്നു ശര്‍മ്മ. ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 68 വയസുള്ള ഗജാനന്ദിനെ 1982ലാണ് കാണാതാകുന്നത്. വീട്ടില്‍ നിന്ന് ഒരു ദിവസം പുറത്തേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് ആരും കണ്ടിട്ടില്ല. ശര്‍മ്മയുടെ കുടുംബം ഇദ്ദേഹത്തെ കുറിച്ച് വളരെ അധികം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഗജാനന്ദ് ശര്‍മ്മ മരിച്ചുവെന്നാണ് മകന് മുകേഷ് ഉള്‍പ്പെടെ ഉള്ളവര്‍ വിശ്വസിച്ചിരുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ മെയ് ഏഴിനാണ് ഗജാനന്ദ് പാകിസ്ഥാനിലെ ലാഹോര്‍ ജയിലില്‍ ജീവനോടെ ഉണ്ടെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുടുംബവുമായി ബന്ധപ്പെടുകയും ഗജാനന്ദ് ഇന്ത്യന്‍ വംശജനാണെന്ന് തെളിയിക്കുന്നതുള്‍പ്പെടെ ഉള്ള രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ഓഗസ്ത് 14ന് പാകിസ്ഥാനിലെ സ്വാതന്ത്യദിനത്തിന്റെ ഭാഗമായി അവിടെ ജയിലില്‍ കഴിഞ്ഞിരുന്ന 30 പേരെ വിട്ടയച്ചിരുന്നു. ഇതാണ് ഗജാനന്ദിനും പുറത്തെത്താന്‍ വഴി തെളിച്ചത്.
എന്റെ ഭര്‍ത്താവ് വളരെ മോശം അവസ്ഥയിലാണ് തിരിച്ചെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. അദ്ദേഹത്തെ എന്നില്‍ നിന്നും അകറ്റി നിര്‍ത്തിയതിനും അദ്ദേഹത്തെ ഈ അവസ്ഥയിലാക്കിയതിനും എന്റെ ശാപം എപ്പോഴും പാകിസ്ഥാനോടൊപ്പം ഉണ്ടാകുമെന്നാണ് മഖ്നി ദേവി പറയുന്നത്.
തങ്ങളുടെ വീട്ടില്‍ ഈ വര്‍ഷത്തെ ദീപാവലി നേരത്തെ എത്തിയെന്നും ഏറെ സന്തോഷമുണ്ടെന്നും ഗജാനന്ദിന്റെ മകനും പ്രതികരിച്ചു.