Kerala

തൃപ്പൂണിത്തറ അത്തച്ചമയം ഇന്ന് ; ആഘോഷങ്ങള്‍ ഒഴിവാക്കും

കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും. കാലവര്‍ഷകെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിയാണ് ഇത്തവണ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ലായം കൂത്തമ്പലത്തില്‍ നടത്താനിരുന്ന കലാപരിപാടികളെല്ലാം ഒഴിവാക്കി. ഇതിനായി വകയിരുത്തിയിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കും.

രാവിലെ 9.30 ന് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ധനമന്ത്രി തോമസ് ഐസക്ക് അത്തചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അത്തം ഘോഷയാത്രയും പൂക്കള മത്സരവും നടക്കും. ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറെ കവാടത്തിലൂടെ ബസ്സ് സ്റ്റാന്‍ഡ് വഴി സ്റ്റാച്യു ജംഗ്ഷനില്‍ എത്തിയശേഷം വടക്കേകോട്ട വഴി പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന്റെ മുന്നിലൂടെ തിരിച്ച് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെത്തി സമാപിക്കും.

കൊച്ചിരാജാവ് കോഴിക്കോട് സാമൂതിരിയോട് യുദ്ധത്തില്‍ നേടിയ ചരിത്രവിജയം ആഘോഷിക്കാനായി തുടങ്ങിയതാണ് അത്തച്ചമയമെന്നും, മാമാങ്കത്തില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി നടത്തുന്ന സൈനികശക്തി പ്രകടനമാക്കാനാണ് അത്തച്ചമയമെന്നും ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്. രാജാവ് ഓണക്കാലത്ത് പ്രജകളെ കാണാന്‍ നടത്തിയിരുന്ന യാത്രയാണ് അത്തച്ചമയമായി മാറിയതെന്നും പറയപ്പെടുന്നു. ചിങ്ങമാസത്തിലെ അത്തംനാളില്‍ കൊച്ചി മഹാരാജാവ് ഉടവാള്‍ അണിഞ്ഞ് ചമയങ്ങളും സര്‍വവിധ അകമ്പടികളുമായി എല്ലാ പ്രതാപത്തോടും കൂടി ആസ്ഥാനത്തുനിന്ന് പുറപ്പെടും. വളരെയധികം ആര്‍ഭാടങ്ങള്‍ നിറഞ്ഞ യാത്രയാണ് കൊച്ചിരാജാവിന്റെ അത്തച്ചമയയാത്ര.

അത്തച്ചമയത്തിന്റെ സാമുദായിക ഐക്യവും ശ്രദ്ധേയമാണ്. കരിങ്ങാച്ചിറ കത്തനാരും, നെട്ടൂര്‍ തങ്ങളും, ചെമ്പില്‍ അരയനും അത്തച്ചമയദിനത്തില്‍ കോവിലകത്തെത്തി രാജാവിനെ സന്ദര്‍ശിച്ച അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു. 1949ല്‍ തിരുവതാംകൂര്‍ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം ഇല്ലാതെയായി, പിന്നീട് 1961ല്‍ ജനകീയ അത്തച്ചമയമായി മാറി. ഇതേവര്‍ഷം ഓണത്തെ സംസ്ഥാനോത്സവമായി പ്രഖ്യാപിച്ചതോടെയാണ് അത്തച്ചമയം വീണ്ടും തുടങ്ങിയത്.

രാജഭരണകാലത്തെ അത്തച്ചമയത്തിനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന താല്‍പര്യം കണക്കാക്കിയാണ് പൗരസമതി അത്തച്ചമയം പുനരാരംഭിച്ചത്. കൊച്ചിരാജവംശത്തിന് അത്തച്ചമയത്തിലുളള സ്ഥാനം കണക്കിലെടുത്ത് അത്തപ്പതാക കൈമാറുന്ന ചടങ്ങ് കൊച്ചിരാജവംശത്തിലെ മുതിര്‍ന്ന അംഗമാണ് നിര്‍വ്വഹിക്കുന്നത്. കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനം എവിടെയാണോ അവിടെ വെച്ചാണ് അത്തച്ചമയം തുടങ്ങുക എന്നതായിരുന്നു കീഴ്‌വഴക്കം. ഇതനുസരിച്ച് ചാഴൂര്‍കോവിലകം, തൃശ്ശൂര്‍, കണയന്നൂര്‍, എന്നിവിടങ്ങളില്‍ നിന്നും അത്തച്ചമയം പുറപ്പെട്ടിട്ടുണ്ട്.

287 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close