പ്രളയക്കെടുതിയിൽ നിന്നുള്ള അതിജീവനത്തിന്‍റെ വഴിയിൽ മലയാളത്തിന് ഇന്ന് തിരുവോണം. ജലം കൊണ്ട് മുറിവേറ്റവരെ കൂടി ചേർത്തു പിടിച്ചാണ് കേരളം ഇന്ന് ഓണം ആഘോഷിക്കുന്നത്. മഹാപ്രളയത്തെ മറികടന്ന് കനിവിന്‍റെ പൊന്നോണം.
പതിവ് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, തലേന്ന് ഉത്രാടപാച്ചിലില്ലാതെ ഒരോണക്കാലം. ഒരുപക്ഷേ, ഈ നൂറ്റാണ്ടിൽ ഇതാദ്യമായാകാം നാം ഇതുപോലൊരു തിരുവോണത്തെ വരവേൽക്കുന്നത്. പ്രളയം വരുത്തിവെച്ച കെടുതികൾക്കിടയിലാണ് ഇക്കുറി ഓണം. പലരുടെയും തിരുവോണം ദുരിതാശ്വാസ ക്യാമ്പുകളിൽ. സദ്യയൊരുങ്ങുന്നതും ഊഞ്ഞാൽപ്പാട്ടുയരുന്നതും അവിടെത്തന്നെ.
ഒരുമയുടേയും അതിജീവനത്തിന്‍റേയും മാനവികതയുടേയും പൊന്നോണമാണ് ഇക്കുറി. അതിനാൽ ഈ വർഷത്തെ ഓണം ഓരോ മലയാളിക്കും മനോഹരവും വ്യത്യസ്തവുമാണ്. എല്ലാം നഷ്ടപ്പെട്ടവരിലേക്ക് കൂടി വിഭവങ്ങൾ എത്തിച്ച് ഈ ഓണം നാം ഒരുമിച്ചുണ്ണുകയാണ്. ആഘോഷങ്ങൾ ഒഴിവാക്കുകയല്ല, ആരെയും മാറ്റിനിർത്താതെ ഓണക്കോടിയിൽ സ്നേഹം നിറച്ച് നാം അവരെക്കൂടി ചേർത്തണയ്‌ക്കുകയാണ്.
അതിജീവനത്തിന്‍റെ വഴിയിൽ ആരവങ്ങൾ തീർക്കട്ടെ ഓണം. ജനം ടിവിയുടെ എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ.















