കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരണമെന്നും സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് പറഞ്ഞു.
കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു വിവാദ വിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നല്‍കേണ്ടത് കോടതിയാണെന്നും മത സംവിധാനമോ മത മേലധ്യക്ഷന്മാരോ മതനേതാക്കന്മാരോ അല്ലെന്നും ജോസഫൈന് പറഞ്ഞു. കുറിപ്പിലൂടെ മതനേതാക്കന്മാരുടെ സാന്നിധ്യത്തില്‍ പോലുമല്ലാതെ സ്ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.
കണ്ണൂര്‍ പയ്യന്നൂരിലെ സംഭവത്തില്‍ കേരള വനിതാ കമ്മീഷന് ശക്തമായി ഇടപെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന് കേസെടുത്തിരിക്കുന്നത്.