ന്യൂഡല്‍ഹി: ചണ്ഡീഗഡിലെ ആദ്യ വനിത ടാക്സി ഡ്രൈവര്‍ നവ്ദീപ് കൗര്‍ കാര്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റില്‍. മൊഹാലിയില്‍ നിന്ന് തോക്ക് ചൂണ്ടി കാര്‍ തട്ടിയെടുത്ത സംഭവത്തിലാണ് നവ്ദീപ് കൗറിനെയും കൂട്ടാളികളായ അനില്‍കുമാര്‍ സോനു, ഗുര്‍പ്രീത് സിംഗ് എന്നിവരെയും ജലന്ധര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചണ്ഡീഗഡ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. കാര്‍ മോഷണം, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവയായിരുന്നു ഇവരുടെ പ്രധാന പരിപാടികള്‍.
നവ്ദീപ് കൗറിന്റെ ഭര്‍ത്താവ് ഗുര്‍വീന്ദര്‍ സിംഗും കവര്‍ച്ചകേസില്‍ ജയിലില്‍ കഴിയുകയാണ്. ക്രിമിനല്‍ സംഘത്തലവനായ ഇയാള്‍ ആറ് ബാങ്കുകള്‍ കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ഇവര്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്.
മൊഹാലിയില്‍ തോക്ക് ചൂണ്ടി കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസിന് നവ്ദീപിന്റെ ക്രിമിനല്‍ സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. കവര്‍ച്ചക്ക് ഉപയോഗിച്ചിരുന്ന കാര്‍ കൂടി കണ്ടെത്തിയതോടെ പൊലീസ് സംഘം നവ്ദീപിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.
കാറിനുള്ളില്‍ നിന്ന് മയക്കുമരുന്നുകളും തോക്കുകളും കണ്ടെടുത്തതായി ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ സിന്‍ഹ പറഞ്ഞു. നവ്ദീപിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ചില സുപ്രധാന വിവരങ്ങളും ലഭിച്ചതായും പൊലീസ് പറഞ്ഞു.