കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ കെ.മനോജിന്റെ ഓര്‍മകള്‍ക്ക് ഇന്ന് നാല് വയസ്. 2014 സെപ്തംബര്‍ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ വെച്ച് മനോജിനെ മൃഗീയമായി സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.
രാവിലെ വീട്ടില്‍ നിന്നും തലശ്ശേരിയിലേക്ക് പോകവേ അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകമായിരുന്നു. കൊലപ്പെടുത്തിയിട്ടും കലി തീരാതെ സി.പി.എമ്മുകാര്‍ മനോജിന്റെ തല അറുത്ത് മാറ്റുകയും ചെയ്തു. മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മനോജിനെ നേരത്തെ നിരവധി തവണ സിപിഎമ്മുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
നാട്ടുകാര്‍ക്കും സംഘപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയങ്കരനായിരുന്ന മനോജിന്റെ കൊലപാതകം നാടിനെ നടുക്കിയിരുന്നു. ആദ്യഘട്ടത്തില്‍ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും സിപിഎം നേതാക്കള്‍ കേസില്‍ പിടിക്കപ്പെട്ടതോടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി. ഏറ്റവുമൊടുവില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പങ്കു കൂടി പുറത്ത് വന്നു. നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് സി.ബി.ഐ കോടതിയുടെ പരിഗണനയിലാണുള്ളത്.