പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്ക്കെതിരായ ലൈംഗിക പീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ഡിവൈഎഫ്ഐ വനിത നേതാവ്. തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായാണ് പരാതിക്കാരി വ്യക്തമാക്കിയത്. സിപിഎം നേതൃത്വത്തിന് നല്കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎല്‍എ ഫോണിലൂടെ അശ്ലീല സംഭാഷണം സംഭാഷണം നടത്തിയതായും പരാതിക്കാരി പറയുന്നു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
പരാതിയെ തുടര്‍ന്ന് പികെ ശശിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗമാണ് പരാതിക്കാരിയായ യുവതി. രണ്ടാഴ്ച മുന്‍പ് വനിതാ നേതാവ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയിരുന്നു. നടപടി വരാത്തതിനാല്‍ സീതാറായം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം ഇതിനായി നിയോഗിച്ചു. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്.