Columns

അന്ന് രമൺ ശ്രീവാസ്തവ മദാലസകൾ വന്നാൽ മയങ്ങി വീഴുന്നവൻ, ചാരൻ, രാജ്യദ്രോഹി :ഇന്ന് മുഖ്യമന്ത്രിയുടെ ഉപദേശകൻ : കാലം കണക്കു തീർക്കുന്നത് ഇങ്ങനെയാണ്

വായുജിത്

മദാലസകൾ വന്നാൽ മയങ്ങി വീഴുന്നവൻ , രാജ്യദ്രോഹി , ചാരൻ , ജനന തീയതി തിരുത്തിയവൻ, പാലക്കാട് 11 കാരിയെ വെടിവെച്ചു കൊല്ലാൻ നിർദ്ദേശം കൊടുത്തവൻ എന്നിങ്ങനെ പലവിധ വിശേഷണങ്ങളായിരുന്നു ചാരക്കേസിന്റെ കാലത്ത് ഐജി ആയിരുന്ന രമൺ ശ്രീവാസ്തവക്ക് എൽ.ഡി.എഫുകാർ നൽകിയത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ മുതൽ ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയൻ വരെ നിയമസഭയിൽ രമൺ ശ്രീവാസ്തവയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും കരുണാകരനെ മാറ്റാനും കാരണക്കാരനായിരുന്നു രമൺ ശ്രീവാസ്തവ.

രമൺ ശ്രീവാസ്തവയെ തൃശൂർക്കാർക്ക് നന്നായി അറിയാമെന്നും പെണ്ണും പണവും കണ്ടാൽ സ്വന്തം യൂണിഫോമിന്റെയും രാഷ്ട്രത്തിന്റെ താത്പര്യം അപകടപ്പെടുത്തുന്നതിനു പോലും മടിയില്ലാത്ത ആളാണ്  എന്നുമായിരുന്നു സിപിഐ നേതാവായ വിവി രാഘവൻ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി ആയിരുന്ന കരുണാകരൻ അതിനെ നേരിട്ടത് എൽഡിഎഫ് സർക്കാർ തിരുവനന്തപുരം കമ്മീഷണറായി അദ്ദേഹത്തെ നിയമിച്ചപ്പോൾ ഈ പരമാർത്ഥങ്ങളൊന്നും അറിഞ്ഞില്ലായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചാണ്.

വിവി രാഘവന്റെ പ്രസംഗം


1995 ഫെബ്രുവരി 10 നും 14 നും നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിശിതമായ വിമർശനമാണ് രമൺ ശ്രീവാസ്തവക്കെതിരെ ഉയർന്നത്. പ്രമേയം അവതരിപ്പിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാകട്ടെ രാജ്യദ്രോഹിയെന്ന വിശേഷണമാണ് ശ്രീവാസ്തവക്ക് നൽകിയത്. മറ്റ് പല ആരോപണങ്ങളും വിഎസ് ഉന്നയിക്കുകയുണ്ടായി.

വിഎസിന്റെ പ്രസംഗം..

1991 ഡിസംബറിൽ സിറാജുന്നീസയെ വെടിവെച്ച് കൊല്ലാൻ നേരിട്ട് ഓർഡർ കൊടുത്ത ആളാണെന്നായിരുന്നു ഇ കെ നായനാർ പറഞ്ഞത്. ഷൂട്ട് ടു കിൽ എന്നാണ് നിർദ്ദേശം നൽകിയതത്രെ

നായനാരുടെ പ്രസംഗം..

ഇന്ന് തന്റെ പൊലീസ് ഉപദേശകനായി കൊണ്ടു നടക്കുന്ന ശ്രീവാസ്തവയെ അന്ന് പിണറായി വിജയൻ വിശേഷിപ്പിച്ചത് ചാരനെന്നാണ്. അവിശ്വാസ പ്രമേയ ചർച്ചയിലാകട്ടെ കൂടുതൽ കടുത്ത ആരോപണമാണ് പിണറായി വിജയൻ ഉന്നയിക്കുന്നത് . രാജ്യദ്രോഹിയായ ഐജി എന്നാണ് വിശേഷണം..

പിണറായി വിജയന്റെ പ്രസംഗങ്ങൾ..

ചാരക്കേസിൽ ബലിയാടായ നമ്പി നാരായണന് സുപ്രീം കോടതി അൻപതു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിച്ചപ്പോൾ രമൺ ശ്രീവാസ്തവ ഇന്നെവിടെയാണെന്നൊരു ചോദ്യം ഉയരുന്നുണ്ട് . മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേശകനാണ് ഇന്ന് രമൺ ശ്രീവാസ്തവ. കഴിഞ്ഞ വർഷമാണ് ശ്രീവാസ്തവയെ ഉപദേശകനായി സംസ്ഥാന സർക്കാർ നിയമിക്കുന്നത്.ഇരുപത്തിനാലു വർഷങ്ങൾക്ക് മുൻപ് നിയമസഭയിൽ നടന്ന ചർച്ചകളിൽ പ്രധാന വില്ലനായിരുന്ന ആളിനെയാണ് മുഖ്യമന്ത്രി ഉപദേശകനായി നിയമിച്ചതെന്ന് അന്നേ ആരോപണങ്ങൾ ഉയർന്നിരുന്നു.

ചാരക്കേസിൽ എല്ലാവർക്കും അവരവരുടേതായ താത്പര്യങ്ങൾ ഉണ്ടായിരുന്നുവെന്നതാണ് ഇത് വെളിവാക്കുന്നത്. കരുണാകര വിരുദ്ധ ഗ്രൂപ്പ് കരുണാകരനെ താഴെയിറക്കാൻ ചാരക്കേസ് ഉപയോഗിച്ചപ്പോൾ ശ്രീവാസ്തവയെ വച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനായിരുന്നു എൽ.ഡി.എഫ് ശ്രമം.കക്ഷി രാഷ്ട്രീയ സാദ്ധ്യതകൾ ഉപയോഗിക്കുക എന്നതിലുപരി രാജ്യതാത്പര്യത്തിന് ഇരു മുന്നണികളും വലിയ സ്ഥാനമൊന്നും കൊടുത്തിരുന്നില്ല എന്നതാണ് യഥാർത്ഥ സത്യം .സീനിയോറിറ്റി മറികടന്ന് രമൺ ശ്രീവാസ്തവയെ ഡിജിപി ആക്കിയത് അന്ന്  കലി തുള്ളിയ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് . ഒടുവിൽ അതേ ശ്രീവാസ്തവയെ തന്നെ  എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിക്ക് ഉപദേശകനായും നിയമിക്കുകയും ചെയ്തു.

മറ്റൊരു രസകരമായ കാര്യം കരുണാകരന്റെ സ്വന്തം ആളെന്ന് വിഎസ് അന്ന് ആരോപിക്കുന്ന മദ്ധ്യമേഖല ഐജി ഇന്ന് കേരളത്തിന്റെ ഡിജിപിയാണ്. ലോക്നാഥ് ബെഹ്‌റ

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close