Columns

നമ്പി നാരായണൻ എങ്ങനെ ചാരനായി ?

ഭാസ്കർ ടി ദാസ്

വലിയ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉള്ള ത്വര ഐ എസ് ആർ ഒയെ കൊണ്ട് ചെന്ന് എത്തിച്ചത് ക്രയോജനിക് സാങ്കേതിക വിദ്യയിൽ ആണ്. ക്രയോജനിക് എൻജിൻ ഘടിപ്പിച്ച ജി.എസ്.എൽ.വി റോക്കറ്റ് വേണം അതുണ്ടെങ്കിലെ ഭാരം ജാസ്തി ഉള്ള ഉപഗ്രഹങ്ങൾ ജിയോ സ്റ്റേഷനറി ഓർബിറ്റിൽ എത്തിക്കാൻ അവൂ. മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാൻ ആവൂ. രാജ്യത്തെ വളർന്നു വരുന്ന വാർത്താവിനിമയ, സൈനിക, കാലാവസ്ഥാ നിരീക്ഷണ ആവശ്യങ്ങൾക്ക് അത്യന്താപേക്ഷികം ആണ് ജി.എസ്.എൽ.വി. മറ്റ് രാജ്യങ്ങളെ ഇതിന് സമീപിപ്പിച്ചാൽ വരുന്ന ഭീമമായ ചിലവ് രാജ്യത്തിന് താങ്ങാൻ ആവുന്നത് ആയിരുന്നില്ല.

എന്നാൽ ക്രയോജനിക് വിദ്യയിൽ പ്രവർത്തിക്കുന്ന എഞ്ചിൻ വികസിപ്പിക്കൽ ശ്രമകരമായിരുന്നു. തത്കാല ആവശ്യങ്ങൾക്കായി ക്രയോജനിക് എഞ്ചിൻ വേറെ ഏതെങ്കിലും രാജ്യത്തു നിന്ന് വാങ്ങാൻ ഇസ്രൊ തീരുമാനിച്ചു. ആദ്യം ജനറൽ ഡൈനാമിക്‌സ് കോർപറേഷൻ ഒരു അമേരിക്കൻ എഞ്ചിൻ നൽകാം എന്ന് ഏറ്റു, പക്ഷെ വില താങ്ങാവുന്നതിലും അധികമായിരുന്നു. പിന്നെ ഏരിയാൻസ്പേസ് എന്ന ഫ്രഞ്ച് കമ്പനി വില അല്പം താഴ്ത്തി എഞ്ചിൻ വാഗ്ദാനം നൽകി. എന്നാൽ അന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്ത് റഷ്യ 200 കോടിക്ക് രണ്ട് എഞ്ചിൻ, അതും അത് നമുക്ക് അവ ഉണ്ടാക്കാൻ ഉള്ള ടെക്നോളജി ഉൾപടെ നൽകാം എന്നേറ്റു.

അങ്ങനെ 1991 ജനുവരി മാസം 18ന് ഇസ്രൊയും റഷ്യൻ ഏജൻസി ഗ്ലാവ്‌കോസ്മോസും തമ്മിൽ കരാറിൽ ഏർപ്പെട്ടു. എന്നാൽ കഷ്ടകാലത്തിന് സോവിയറ്റ് റഷ്യ 1991 ഡിസംബർ മാസം തകർന്നു. പുതിയ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കൻ ഇടപെടലുകൾ ശക്തമായിരുന്നു. അമേരിക്കൻ ചാര സംഘടനകൾക്ക് അവിടെ സ്വൈര്യ വിഹാരം ആയിരുന്നു.

കരാർ ആട്ടിമറിക്കപ്പെടും എന്ന് മുൻകൂട്ടി മനസിലാക്കിയ ഇസ്രൊയും, ഗ്ലാവ്‌കോസ്മോസും മുൻകൂട്ടി വേറൊരു പദ്ധതി ആവിഷ്കരിച്ചു. കേരളത്തിലെ, കേരള ഹൈ ടെക് ഇൻഡസ്ട്രീസ് ലിമിറ്റഡിന് എഞ്ചിൻ ഉണ്ടാക്കാനുള്ള കരാർ ഗ്ലാവ്‌കോസ്മോസ് കൊടുക്കാം എന്ന ധാരണ ഉണ്ടാക്കി. മിസൈൽ ടെക്നോളജി കണ്ട്രോൾ റെജിം (MTCR) മുഖേന അമേരിക്ക ക്രയോജനിക് കരാർ തകിടം മറിക്കും എന്ന് മനസിലാക്കിയ ഇന്ത്യൻ റഷ്യൻ ശാസ്ത്രജ്ഞരുടെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ വിദ്യ. കാരണം റഷ്യ കരാർ കൊടുക്കുന്നത് മറ്റൊരു കമ്പനിക്ക് ആണ് ഇസ്രൊക്ക് അല്ല.

വിചാരിച്ച പോലെ 1992ൽ അമേരിക്ക ഇടപെട്ടു, കരാർ സാധുവല്ല എന്ന് അന്നത്തെ പ്രസിഡന്റ് ബുഷ് പ്രഖ്യാപിച്ചു. ഇസ്രൊക്കും ഗ്ലാവ്‌കോസ്മോസിനും എതിരെ അമേരിക്ക ഉപരോധം കൊണ്ടുവന്നു. അമേരിക്ക നമുക്ക് തരാം എന്ന് പറഞ്ഞ സാധനം ആണ് മറ്റൊരു രാജ്യം തരാം എന്നേറ്റപ്പോൾ അവർ കച്ചറയാക്കിയത്. പിന്നീട് ക്ലിന്റൻ അമേരിക്കൻ പ്രസിഡന്റായി, പക്ഷെ മുൻ നിലപാടിൽ നിന്ന് മാറ്റം ഉണ്ടായില്ല, മാത്രമല്ല ഇസ്രൊയുമായുള്ള കരാർ അട്ടിമറിക്കാൻ റഷ്യൻ പാർലമെന്റിൽ പ്രമേയം വരെ പാസ്സാക്കിക്കാൻ അമേരിക്കക്ക് കഴിഞ്ഞു. എന്നാൽ ഗ്ലാവ്‌കോസ്മോസ് വളരെ ശക്തമായി ഇന്ത്യയുടെ കൂടെ നിന്നു, എന്ത് വില കൊടുത്തും ഭാരതവുമായുള്ള കരാർ നടപ്പിലാക്കും എന്നവർ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് ബോറിസ് എൽസിനെ സമ്മർദത്തിൽ ആക്കി.

റഷ്യൻ പാർലമെന്റ് MTCR മർഗ്ഗനിർദേശങ്ങൾ നടപ്പിലാക്കാൻ ഉള്ള പ്രമേയം പാസാക്കിയ സ്ഥിതിക്ക് ഗ്ലാവ്‌കോസ്മോസിന് ടെക്നോളജി നമുക്ക് നൽകാൻ അധികം സമയം ഉണ്ടായിരുന്നില്ല. നിയമം പ്രാബല്യത്തിൽ ആയാൽ ടെക്നോളജി ട്രാൻസ്ഫർ നടക്കില്ല. അവർ എല്ലാ ഡോക്യൂമെന്റസും, ഉപകരണങ്ങളും ഇന്ത്യയിൽ എത്തിക്കാൻ ഉള്ള ശ്രമം തുടങ്ങി.

സിനിമയിൽ കാണുന്ന പോലെ ഒരു ചിന്ന ഫയൽ അല്ല, ലോഡ് കണക്കിന് കടലാസും സാധനങ്ങളും ആണ്. അത് മോസ്‌കോവിൽ നിന്ന് ഡൽഹിയിൽ എത്തിക്കൽ ആയിരുന്നു അടുത്ത ശ്രമകരമായ പണി. കസ്റ്റംസ് ക്ലിയറൻസ് ഇല്ലാതെ വിമാനത്തിൽ കയറ്റി വിടണം. കസ്റ്റംസ് ക്ലിയറൻസിന് പോയാൽ സി.ഐ.എ അറിയും.

ഇസ്രൊ എയർ ഇന്ത്യയെ സമീപിച്ചു. ഇന്ത്യയുടെ സ്വന്തം വിമാനം, പക്ഷെ കസ്റ്റംസ് ക്ലിയർ ചെയ്യാതെ ഒന്നും അവർ കൊണ്ടുവരില്ല എന്ന് എയർ ഇന്ത്യ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം അവർക്ക് അറിയാഞ്ഞിട്ടല്ല. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ഇന്നത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ആയിരുന്നു അന്നത്തെ സിവിൽ ഏവിയേഷൻ മന്ത്രി. പക്ഷെ റഷ്യൻ ഉറാൽ എയർലൈൻസ് എന്ന വിമാന കമ്പനി ഇസ്രൊ കുറച്ച് കാശ് അധികം കൊടുക്കാം എന്ന് പറഞ്ഞപ്പോൾ കസ്റ്റംസ് പരിശോധന ഇല്ലാതെ സാധനം ഡൽഹിയിൽ എത്തിക്കാം എന്നേറ്റു.

നാല് വിമാനത്തിൽ ആണ് ക്രയോജനിക് സാങ്കേതിക വിദ്യയുടെ ബ്ലൂ പ്രിന്റ് അന്ന് ഉറാൽ വിമാനം ഡൽഹിയിൽ എത്തിച്ചത്, അമേരിക്കൻ ചാരന്മാരെ കബളിപ്പിക്കാൻ വേണ്ടി ഇസ്രൊ ഒരു മാർഗം കണ്ടുപിടിച്ചു, ഇന്ത്യയുടെ എയർക്രാഫ്റ്റ് ടെക്നോളജി ടെസ്റ്റ് ചെയ്യാൻ ഉള്ള സാധനങ്ങൾ റഷ്യയിലേക്ക് കൊണ്ടുപോകാൻ എന്ന വ്യാജേന ആണ് വിമാനങ്ങൾ ഡൽഹിയിൽ പറന്ന് ഇറങ്ങിയത്.

അതിൽ ഒരു വിമാനത്തിൽ ഒരു ഇസ്രൊ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ഭാരതത്തിന്റെ ക്രയോജനിക് ആവശ്യങ്ങൾക്ക് വേണ്ടി ബുഷിനെയും ക്ലിന്റനേയും വരെ മുൾ മുനയിൽ നിർത്തിയ ഒരാൾ, ഇന്നും റോക്കറ്റ് വിക്ഷേപണത്തിന് നമ്മൾ ഉപയോഗിക്കുന്ന ‘വികാസ് എഞ്ചിൻ’ വികസിപിച്ച മനുഷ്യൻ, അമേരിക്കൻ ചാരന്മാരുടെ കണ്ണ് വെട്ടിച്ച്, സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്താൻ ഒരുങ്ങി, ഭാരതത്തിന് ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കാൻ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച, “നമ്പി നാരായണൻ”

ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യയിൽ എത്തി കഴിഞ്ഞപ്പോൾ, നയതന്ത്ര നീക്കം കൊണ്ട് ഒന്നും ഇനി സാധിക്കില്ല എന്ന അവസ്ഥ വന്നു അമേരിക്കക്ക്. ഇന്ത്യയുടെ ക്രയോജനിക് പദ്ധതി തകർക്കാൻ ഉള്ള മിഷൻ പൂർണമായി അവരുടെ ചാര സംഘടന സി.ഐ.എക്ക് നൽകി.

ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാക്കാൻ ക്രയോജനിക് വിദ്യ ഉപയോഗിക്കും എന്നാണ് അമേരിക്ക ഇന്ത്യയുടെ പദ്ധതി അട്ടിമറിക്കാൻ ഉള്ള കാരണം ആയി പറഞ്ഞിരുന്നത്. എന്നാൽ സൂപ്പർ കൂൾഡ് ലിക്വിഡ് ഹൈഡ്രജനും, ഓക്‌സിജനും ഇന്ധനമായി ഉപയോഗിക്കുന്ന ക്രയോജനിക് എഞ്ചിൻ ബാലിസ്റ്റിക് മിസൈൽ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കാൻ കൊള്ളാത്ത ഒരു സാങ്കേതിക വിദ്യ ആണ്. സോളിഡ് ഫ്യുവൽ അഥവാ ഘര ഇന്ധനം ആണ് മിസൈലുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ മാത്രമേ മിസൈലുകൾ ഉണ്ടാക്കി സൂക്ഷിച്ചു വെക്കാൻ ആവുകയുള്ളൂ. മൈനസ് ഇരുനൂറ്റി അമ്പത് ഡിഗ്രി സെന്റിഗ്രേഡിൽ തണുപ്പിച്ച ഹൈഡ്രജൻ ദ്രാവകം നിറച്ച് മിസൈൽ സൂക്ഷിച്ചു വെക്കാൻ ആവില്ല. അതുകൊണ്ട് യുദ്ധ മുഖത്ത് വെച്ച് മിസൈലുകളിൽ ഇന്ധനം നിറക്കേണ്ടി വരും. അതും വളരെ സമയം എടുക്കുന്നതും ശ്രമകരമായതുമായ പണിയാണ്.

പക്ഷെ ആ സമയത്ത്‌ തന്നെ ഡി.ആർ.ഡി.ഒ, അബ്ദുൽ കലാമിന്റെ നേത്രത്വത്തിൽ അഗ്നി ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിച്ചിരുന്നു. 1989ൽ അഗ്നി മിസൈൽ പരീക്ഷിക്കുകയും ചെയ്തു. ഇന്ന് നമ്മൾ വികസിപ്പിക്കുന്ന അഗ്നി 6ന് ഇന്ത്യയിൽ നിന്ന് തൊടുത്താൽ അമേരിക്ക വരെ എത്താൻ ശേഷിയുള്ളത് ആണ്. പക്ഷെ ഇന്ത്യയുടെ യഥാർത്ഥ ഇന്റർ കൊണ്ടിനെന്റൽ മിസൈൽ പദ്ധതിക്ക് യാതൊരു പാരയും അമേരിക്ക വെച്ചില്ല. ചൈനയെ ഒതുക്കാൻ ഇന്ത്യക്ക് സാധിക്കും എന്ന കണക്ക്കൂട്ടൽ അമേരിക്കയ്ക്ക് അന്നേ ഉണ്ടായിരുന്നു.

പറഞ്ഞുവന്നത്, ആയുധം ഉണ്ടാക്കിയാലോ എന്ന ഭയം അല്ല അമേരിക്കയെ ഇന്ത്യയുടെ ക്രയോജനിക് പദ്ധതി അട്ടിമറിക്കാൻ പ്രേരിപ്പിച്ചത്, കച്ചവട ലക്ഷ്യങ്ങൾ ആയിരുന്നു. ഇന്ത്യക്ക് ആ സാങ്കേതിവിദ്യ കിട്ടിയാൽ നാസയുടെ ഉപഗ്രഹ കച്ചവടത്തിന്റെ കുത്തക പൊളിയും. ജിയോ സ്റ്റേഷനറി ഓർബിറ്റിൽ ഇന്ത്യയുടെ ഉപഗ്രഹങ്ങളും, നമ്മൾ ചെറിയ ചിലവിൽ വിക്ഷേപിച്ചു കൊടുക്കുന്ന ഉപഗ്രഹങ്ങളും വന്ന് നിറയും. 70കളിലും 80കളിലും 90കളിലും ലോ എർത്ത് ഓർബിറ്റിൽ അങ്ങനെ ചറ പറ ഉപഗ്രഹങ്ങൾ നിറച്ച ചരിത്രം ഉണ്ട് നമുക്ക്.

ഇതാണ് അമേരിക്ക ക്രയോജനിക് പദ്ധതി അട്ടിമറിക്കാൻ ഉള്ള പ്രധാന കാരണം, സിഐഎക്ക് ആ ദൗത്യം ഏല്പിച്ചപ്പോൾ നമ്മൾ കണ്ടത് വിദേശ ചാരന്മാരുടെ പണത്തിന് വേണ്ടി എന്ത് തന്തയില്ലാത്തരവും കാണിക്കാൻ മടിയില്ലാത്ത, ഒരു പറ്റം ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ആണ്. നമ്മളെ ഭരിക്കുന്നവർ, രാഷ്ട്രത്തിന്റെ സുരക്ഷ തന്നെ അട്ടിമറിക്കാൻ ശക്തിയുള്ളവർ, ഇന്റലിജൻസിലും, പോലീസിലും, മന്ത്രിസഭയിൽ പോലും നുഴഞ്ഞു കയറിയ രാജ്യദ്രോഹികൾ. ഇന്നും അവരെ സംരക്ഷിച്ചു നിർത്തുന്ന രാഷ്ട്രീയ നേതൃത്വം.

ചാരന്മാരെയും സൈനികരെയും വെല്ലുന്ന ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി ഇന്ത്യയിൽ വിമാനമിറങ്ങിയ നമ്പി നാരായണനെ സ്വീകരിച്ചത് പൂച്ചെണ്ടുകളോ മാലപ്പടക്കങ്ങളോ ആയിരുന്നില്ല. തന്റെ ജീവൻ പോലും പോയേക്കാമായിരുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹത്തിനെ രാജ്യം വരവേറ്റത് അറസ്റ്റ് ചെയ്തിട്ടായിരുന്നു. ഇന്ത്യൻ ക്രയോജനിക് വിദ്യ പാകിസ്താന് ചോർത്തി കൊടുത്തത്രേ, ഇന്ത്യക്ക് അത് വരെ സ്വന്തമല്ലാത്ത വിദ്യ ആണെന്ന് ഓർക്കണം.

അമേരിക്കൻ പണം കേരളത്തിൽ ഒഴുകി. പോലീസ്, മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ ഒക്കെ അത് വാരി തിന്ന് നമ്മുടെ ഇസ്രൊ തന്നെ പൂട്ടിക്കാൻ ഉള്ള ദൗത്യം സിഐഎക്ക് വേണ്ടി ഏറ്റെടുത്തു. 1994 ഒക്ടോബർ മാസം മറിയം റഷീദ എന്ന മാലിദ്വീപ് സ്വദേശി വിസ തീർന്നിട്ടും രാജ്യം വിടാത്തത്തിന് അറസ്റ്റിൽ ആവുന്നു. ഈ സീനിലേക്ക് ആണ് പൊലീസുകരായ സിബി മാത്യൂസ്, കെ.കെ ജോഷ്വാ, എസ് വിജയൻ എന്നിവർ കടന്ന് വരുന്നത്.

മറിയം റഷീദ തന്റെ വിസാ കാലാവധി നീട്ടികിട്ടാൻ കമ്മീഷണർ ഓഫിസിൽ അപേക്ഷ കൊടുക്കാൻ പോയപ്പോൾ രമണ് ശ്രീവാസ്തവ എന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കാണുന്നു. തന്റെ ആവശ്യം അറിയിച്ചപ്പോൾ പരിഗണിക്കാം എന്ന് ശ്രീവാസ്തവ സമ്മതിച്ചു. രണ്ടാമതും റഷീദ ശ്രീവാസ്തവയെ കാണാൻ ചെന്നപ്പോൾ എസ് വിജയൻ എന്ന പൊലീസുകാരനുമായി പരിചയപ്പെടുന്നു. അയാൾ വിസാ കാലാവധി നീട്ടികൊടുക്കാം എന്നേറ്റു റഷീദയുമായി പരിചയത്തിൽ ആയി. പക്ഷെ വിജയൻ റഷീദയെ ലൈംഗികമായി അപമാനിക്കുന്നത് മുതൽ ആണ് കേസ് തുടങ്ങുന്നത്.

വിജയനെതിരെ ശ്രീവാസ്തവക്ക് പരാതി നൽകും എന്ന് ഭീഷണിപെടുത്തിയ റഷീദയെ പോലീസ് അറസ്റ് ചെയ്യുന്നു, വിസ കാലാവധി തീർന്ന് ഓവർ സ്റ്റേ ചെയ്തതിന്. പിന്നീട് റഷീദ പാകിസ്ഥാൻ ചാരവനിത ആവുന്നു. അവർ നമ്പി നാരായണനേയും സഹപ്രവർത്തകൻ ഡി ശശികുമാറിനെയും റഷീദ കണ്ടു എന്നും, ഇവർ റഷീദക്ക് ഇന്ത്യൻ ക്രയോജനിക് ടെക്നോളജി കയ്മാറാം എന്നും അറിയച്ചത്രേ.

രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട കേസ് ആയത് കൊണ്ട് ഐ.ബി എത്തി അന്വേഷണത്തിന്. ഐബിയിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ ആർ ബി ശ്രീകുമാർ പക്ഷെ ഡൽഹിയിൽ നിന്ന് വന്നത് കേവലം ക്രയോജനിക്ക് വിദ്യ അട്ടിമറിക്കുക എന്ന ലക്ഷ്യം മാത്രമായി ആയിരുന്നില്ല. സിഐഎക്ക് വേണ്ടി ഇസ്രൊ തന്നെ പൂട്ടിക്കുക എന്ന ലക്ഷ്യവുമായാണ്. 50 ദിന രാത്രങ്ങൾ നമ്പി നാരായൺ എന്ന സാധു മനുഷ്യനെ ഈ കപാലികർ എല്ലാം ചേർന്ന് ഭേദ്യം ചെയ്തത്

25 വർഷത്തെ സേവനത്തിൽ 8 പ്രൊമോഷൻ കിട്ടിയ നമ്പി നാരായണന് എതിരെ അന്ന് ഇസ്രോയിലെ CISF മേധാവി ആയിരുന്ന താൻ കൈക്കൂലി കേസിൽ അന്വേഷണം നടത്തിയിട്ടുണ്ട് എന്ന പച്ച നുണ ശ്രീകുമാർ കുറ്റപത്രത്തിൽ എഴുതി പിടിപ്പിച്ചു. ഇസ്രോയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ മൊഴി തന്നാൽ നമ്പി നാരായണനെ മാപ്പ്‌ സാക്ഷി ആക്കാം എന്ന് വാഗ്ദാനം ചെയ്തു. നിരസിച്ച അദ്ദേഹത്തെ ബോധം പോകുന്നത് ക്രൂരമായി മർദ്ദിച്ചു. അന്ന് അദ്ദേഹം ജീവൻ രക്ഷിക്കാൻ വേണ്ടി അവർ പറഞ്ഞു കൊടുത്ത മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിൽ ഇന്ന് ഇസ്രൊ തന്നെ ഉണ്ടാവുമായിരുന്നില്ല.

മലയാള മനോരമയും, ദേശാഭിമാനിയും നിറം പിടിപ്പിച്ച കഥകൾ പടച്ചു വിട്ട് പൊതു ജനത്തിനേ കബളിപ്പിച്ചു. കേരള ഭരണം വരെ ഇവർ ഇവർക്ക് അനുകൂലമായി അട്ടിമറിച്ചു.

സിബിഐ അന്വേഷണം ഏറ്റെടുത്തു, കേവലം 2 ആഴ്ച കൊണ്ട് അവസാനിപ്പിക്കാമായിരുന്ന അന്വേഷണം 1996 മേയ് മാസം വരെ നീണ്ടു. സിബിഐ നമ്പി നാരായണന് കളീൻ ചിറ്റ് നൽകി, ഒരു വസ്തുതയും ഇല്ലാത്ത സൃഷ്ടിക്ക പെട്ട കള്ള കേസ് ആണെന്ന് റിപ്പോർട്ട് സമർപ്പിച്ചു. 1998 ഏപ്രിൽ മാസം സുപ്രീം കോടതിയും കേസ് ഡിസ്മിസ്സ് ചെയ്തു. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ പൊലീസുകരായ സിബി മാത്യൂസ് അന്നത്തെ ക്രൈം ഡിഐജി, സർക്കിൾ ഇൻസ്‌പെക്ടർ വിജയൻ, കെ കെ ജോഷ്വാ എന്നിവരെ പ്രതിചേർത്ത് കേസ് എടുക്കാൻ സിബിഐ സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഭവം നടന്ന സമയത്തെ ഐബി അഡിഷണൽ ഡയറക്ടർ ആയിരുന്ന രത്തൻ സെഹ്ഗാളിനെ വാജ്പേയി മന്ത്രിസഭ വന്ന ശേഷം 1996 നവംബർ മാസം സർവീസിൽ നിന്ന് പുറത്താക്കി, കുറ്റം അമേരിക്കൻ ചാര സംഘടനക്ക് വേണ്ടി പ്രവർത്തിച്ചതിന്. ഈ സംഭവത്തോടെ ഇസ്രൊ ചാര കേസിലെ സിഐഎ പങ്ക് സംശയം ലേശമില്ലാതെ പുറത്ത് വന്നു.

പക്ഷെ കേരളത്തിലെ ചാരൻമാർക്ക് കൂടുതൽ സ്ഥാനങ്ങളും പദവികളും നൽകാൻ പിന്നീട് വന്ന ആന്റണി സർക്കാറും,നായനാർ സർക്കാരും, അച്യുതാനന്ദൻ സർക്കാരും, ഉമ്മൻ ചാണ്ടി സർക്കാരും ഒക്കെ സദാ ശ്രദ്ധ ചെലുത്തി. എന്നാൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നമ്പി നാരായണന് നൽകാൻ പറഞ്ഞ 1 കോടി രൂപ നഷ്ടപരിഹാരം ഇവർ ആരും നൽകിയില്ല, കേരള ഹൈക്കോടതി വിധിച്ച 10 ലക്ഷം രൂപ നഷ്ടപരിഹാരവും കൊടുത്തില്ല.

സിബി മാത്യൂസ് വളർന്ന് എഡിജിപി ആയി ഇപ്പൊ ജോലിയിൽ നിന്ന് വിരമിച്ച ശേഷം സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി സർക്കാർ ശമ്പളം പറ്റുന്നു. വിജയൻ എസ് പി ആയി വിരമിച്ചു എന്നാണ് അറിവ്. ജോഷ്വയും വിരമിച്ചു. എന്നാൽ ഇവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ആവശ്യം 2011 വരെ എല്ലാ കേരള മുഖ്യന്മാരുടെ മേശപുറത്തും ഇരുന്ന് ചിതൽ അരിച്ചു.

2011ൽ അധികാരമേറ്റ ഉമ്മൻ ചാണ്ടി, വെറും 43 ദിവസത്തിനുള്ളിൽ ആ നിർദേശത്തിന്റെ മുകളിൽ ഒരു തീരുമാനം എഴുതി. കേസ് എടുക്കണ്ട എന്ന്. ഈ ചാരന്മാർക്ക് എതിരെ അന്വേഷണം വന്നാൽ അത് എവിടെ വരെ എത്തും എന്ന് ചാണ്ടിക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലലോ.

ഇന്ന് ഭാരതം നിലവിൽ ഉള്ള ഏത് എഞ്ചിനേയും കടത്തി വെട്ടുന്ന സ്വന്തം ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചു CE-7.5 ഉം CE-20 ഉം, ഈ വിദ്യ കൈവശം ഉള്ള അമേരിക്ക, ഫ്രാൻസ്, റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഗ്രൂപ്പിൽ ചേർന്ന് ആറാമൻ ആയി.

പക്ഷെ നമ്പിനാരായണന് നീതി കിട്ടണമെങ്കിൽ അദ്ദേഹത്തെ ദ്രോഹിച്ചവർ മുഴുവൻ ഇരുമ്പഴിക്കുള്ളിൽ ആവണം, എന്നാലേ നമുക്കും നീതി കിട്ടുകയുള്ളൂ.

ഭാസ്കർ ടി ദാസ്

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close