കൊച്ചി; കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. മധ്യമേഖല ഐജി വിജയ് സാക്കറെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. നിയമപരമായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അനുമതി ലഭിച്ചതായാണ് വിവരം.
അതേസമയം ബിഷപ്പ് താമസിക്കുന്ന ഹോട്ടലിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണം ഉണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹോട്ടലില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.
ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രണ്ടാം ദിവസത്തെ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചത്. ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്കിയ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് സൂചന. തൃപ്പൂണിത്തുറ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ബുധനാഴ്ചയും ഏഴു മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു.
അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും ബിഷപ്പ് തെറ്റായ ഉത്തരമാണ് നല്‍കിയതെന്നാണ് വിവരം. കുറവിലങ്ങാട് മഠത്തില്‍ താമസിച്ചില്ലെന്ന വാദവും മുതലക്കോടം മഠത്തില്‍ താമസിച്ചെന്ന വാദവും പൊലീസ് ചോദ്യം ചെയ്യലില്‍ പൊളിഞ്ഞിരുന്നു.