Special

കാവേരീ തീരത്തെ കാവി പുതപ്പിച്ച തേരാളി അനന്ത്കുമാർ

ഗ്രാമങ്ങളിൽ തരംഗമായി യെദ്യൂരപ്പ,നഗരങ്ങളിൽ ആവേശമായി അനന്തകുമാർ, 90കളിൽ കന്നഡ മണ്ണിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു ഇത്. പരമ്പരാഗത മായി കോൺഗ്രസിനെ അനുകൂലിച്ച ബംഗളൂരു നഗരം വേഗത്തിൽ കാവി പുതച്ചതിനു പിന്നിൽ അനന്തകുമാറിന്റെ നേതൃ പാടവവും ചുറുചുറുക്കുമായിരുന്നു.

കന്നഡ ഭാഷയിൽ ആവേശം കൊള്ളിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാനായി നഗരങ്ങളിൽ യുവാക്കൾ അടക്കം നിരവധിപേർ തടിച്ചുകുടുമായിരുന്നു. കർഷകരും തൊഴിലാളികളും ബിജെപിയുടെ പിന്നിൽ അണിനിരന്നതിനു കാരണം യെദ്യൂരപ്പ, അനന്തകുമാർ കൂട്ടുകെട്ടിന്റെ ചാണക്യ തന്ത്രങ്ങളായിരുന്നു.

1959ൽ ബാംഗളൂരിലായിരുന്നു അനന്തകുമാറിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ ആർ എസ് എസുമായി അടുത്തു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് എ ബി വി പിയിൽ സജീവമായി. 1985ൽ എ ബി വി പിയുടെ ദേശീയ സെക്രട്ടറിയായി. തുടർന്ന് യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.

ഈ സമയത്താണ് യദ്യൂരപ്പയ്ക്കൊപ്പം കന്നഡ മണ്ണിൽ ബിജെപിയ്ക്ക് ശക്തമായ വേരോട്ടം ഉണ്ടായത്. 1996ൽ ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മികച്ച ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി ആറു തവണയും മണ്ഡലം അനന്തകുമാറിനെ കൈ വിട്ടില്ല. 2003ൽ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി.

2004ൽ ചരിത്രത്തിൽ ആദ്യമായി കൂടുതൽ എം പിമാരെ കർണാടകയിൽ നിന്ന് ലോക്‌സഭയിലേക്ക് അയക്കാൻ അദ്ധ്യക്ഷനെന്ന നിലയിൽ അദ്ദേഹത്തിന് സാധിച്ചു. പ്രവർത്തന മികവും കഴിവും പരിഗണിച്ചു അദ്വാനിയുടെ പ്രിയ ശിഷ്യൻ ദേശീയ നേതൃത്വത്തിലേക്കു ഉയർന്നു. പാർട്ടിയോട് പിണങ്ങി മാറി നിന്ന യദ്യൂരപ്പയെ തിരികെയെത്തിക്കാനും മുൻ കൈ എടുത്തത് അനന്തകുമാർ ആയിരുന്നു. 1998ൽ വാജ്‌പേയി മന്ത്രി സഭയിൽ വ്യോമയാന മന്ത്രിയായി. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത കുമാർ.

നഗരവികസനം അടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതല വഹിച്ച അദ്ദേഹം ഒടുവിൽ നരേന്ദ്രമോദി മന്ത്രിസഭയിൽ രാസവളം, പാർലമെന്ററികര്യം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്. 2014ൽ വ്യവസായി നന്ദൻ നിലേക്കനിയായിരുന്നു ബംഗളൂരു സൗത്തിൽ അനന്തകുമാറിന്റെ എതിരാളി.

പ്രതിപക്ഷം അനാവശ്യ വിവാദങ്ങളുയർത്തി സഭ തടസ്സപ്പെടുത്തിയപ്പോൾ പാർലിമെന്ററി കാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കേന്ദ്ര മന്ത്രി എന്ന നിലയിൽ കേരളത്തോടും അദ്ദേഹം പ്രത്യേക അടുപ്പം പുലർത്തിയിരുന്നു

ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അർബുദ രോഗം ബാധിച്ച വിവരം അനന്തകുമാർ അറിയുന്നത്. പിന്നീട് അമേരിക്കയിൽ ചികിത്സ നടത്തിയ ശേഷം ബംഗളൂരുവിൽ തിരിച്ചെത്തി. കന്നഡ മണ്ണിൽ കാവി കൊടി ഇനിയും ഉയരത്തിൽ പാറിക്കാൻ തങ്ങളുടെ പ്രിയ നേതാവ് പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാടും നഗരവും.

3K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close