Defence

ചൈനയ്ക്ക് ചുറ്റും ഇന്ത്യയുടെ ചാരക്കണ്ണുകൾ ; ഇത് മോദിയുടെ നയതന്ത്രത്തിന്റെ വിജയം

ന്യൂഡൽഹി : ദക്ഷിണേഷ്യയിൽ പിടിമുറുക്കി അപ്രമാദിത്വം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കം പാളുന്നു.ചെറുകിട രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി ആ ര‍ാജ്യങ്ങളിലൂടെ ഇന്ത്യക്ക് മേൽ ചാരക്കണ്ണുകൾ സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിനു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില മുന്നൊരുക്കങ്ങളാണ് തടസ്സമായത്.

ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് പിന്മാറുകയാണെന്ന മാലദ്വീപ് പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിയുടെ പ്രസ്താവനയാണ് അടുത്തിടെയുണ്ടായത്.മാത്രമല്ല ഇന്ത്യ നൽകിയ സമ്മാനങ്ങളായ ധ്രുവ് ഹെലികോപ്റ്ററുകൾ തങ്ങൾക്ക് വിലപ്പെട്ടതാണെന്നും സ്വാലിഹ് വ്യക്തമാക്കി.

മാലദ്വീപിൽ ചൈനയുടെ ആഡംബര റിസോർട്ടുകൾ അടക്കമുള്ള നിരവധി വ്യവസായ സംരംഭങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനം.

ചൈനയും മാലദ്വീപും തമ്മിലുള്ള വ്യാവസായിക അന്തരം വളരെ വലുതാണെന്നും ഇത്തരം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാർ ഉചിതമല്ലെന്നും മാലദ്വീപ് ഡെമോക്രാറ്രിക് പാർട്ടി അദ്ധ്യക്ഷൻ മുഹമ്മദ് നഷീദും അഭിപ്രായപ്പെട്ടു.

ഏഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപാരം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കേറ്റ വലിയ തിരിച്ചടിയാണ് മാലദ്വീപിന്റെ പുതിയ തീരുമാനം.

ചൈനയെ പ്രീതിപ്പെടുത്താനായാണ് മാലദ്വീപിൽ നിന്ന് ഇന്ത്യയുടെ സൈനിക സന്നാഹം പൂർണമായി പിൻവലിക്കാൻ മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

മാത്രമല്ല പതിനാറു രാജ്യങ്ങൾ പങ്കെടുക്കുന്ന എട്ടു ദിവസത്തെ സംയുക്ത നാവികസേനാ അഭ്യാസങ്ങളിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിക്കുകയും ചെയ്തു.

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് വേഗത കൂട്ടാനുള്ള തന്ത്രമായിരുന്നു ഇത്.

ചൈനയോടു വിധേയത്വം പുലർത്തുന്ന അബ്ദുല്ല യമീനായിരുന്നു അന്ന് മാലദ്വീപ് പ്രസിഡന്റ്.എന്നാൽ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ യമീനിനെ പരാജയപ്പെടുത്തി സ്വാലിഹ് അധികാരത്തിലേറിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

മാലിയുടെ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 46 രാജ്യങ്ങളിലെ പ്രതിനിധികൾക്കൊപ്പം മോദിയും പങ്കെടുത്തിരുന്നു.എന്നാൽ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനു മുൻപ് സ്വാലിഹുമായി മോദി ചർച്ചയും നടത്തിയിരുന്നു.മാത്രമല്ല മാലിദ്വീപിലെ പുതിയ സർക്കാരിന് എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തു.

.ഇതിന്റെ ഫലമായാണ് മാലി പ്രതിരോധമന്ത്രി മരിയ ദീദി തന്നെ ഇന്ത്യ നൽകിയ സമ്മാനങ്ങൾ തിരിച്ചെടുക്കേണ്ടെന്ന് അറിയിച്ചത്.ഇതോടെ മാലദ്വീപിനെ ലക്ഷ്യം കണ്ട് ചൈന കെട്ടിപ്പടുത്ത് കൊണ്ടിരുന്ന പദ്ധതികളാണ് പാതിവഴിയിലായത്.

വാണിജ്യപരമായ ആവശ്യത്തിലുപരി ഇന്ത്യൻ സമുദ്രത്തിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിനു കിട്ടിയ തിരിച്ചടിയായി മോദിയുടെ നീക്കങ്ങളെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

മറ്റ് ലോകരാജ്യങ്ങളും ഇന്ത്യയുമായി ഇക്കാര്യത്തിൽ സഹകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയും,അമേരിക്കയും ,ജപ്പാനും ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.ഇത്തരത്തിലുള്ള ഇന്ത്യയുടെ നീക്കത്തെ ആശങ്കയോടെ വീക്ഷിക്കേണ്ടതാണെന്നാണ് ചൈനയിലെ മാദ്ധ്യമങ്ങളുടെ മുന്നറിയിപ്പ്.

8K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close