മെൽബൺ: ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഡെക് വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് ഓവറിൽ 46 റൺസ് വിജയലക്ഷ്യം പുനർനിർണയിച്ചെങ്കിലും മഴയെ തുടർന്ന് ഇന്ത്യയ്‌ക്ക് ബാറ്റ് ചെയ്യാനായില്ല.
ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകൻ കോഹ്ലിയുടെ തീരുമാനം ശരിവക്കുന്നതായിരുന്നു തുടക്കം. മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ ഓസിസ് നായകൻ ആരോൺ ഫിഞ്ചിനെ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.
ഓസ്ട്രേലിയ 19 ഓവറിൽ ഏഴ് വിക്കറ്റിന് 132 റൺസ് എടുത്ത് നിൽക്കെയാണ് മത്സരം മഴമൂലം തടസപ്പെട്ടത്. ഇന്ത്യയ്‌ക്കു വേണ്ടി ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റ് വീതവും ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് , ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ആദ്യ മത്സരത്തിൽ ജയം നേടിയ ഓസ്ട്രേലിയ പരമ്പരയിൽ മുന്നിട്ടുനിൽക്കുകയാണ്. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ട്വന്‍റി 20 മത്സരം ഞായറാഴ്ച സിഡ്നിയിൽ നടക്കും.















