Special

ഹൃദയഭൂമിയിൽ ആര് ?

സവ്യസാചി & ടീം

ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44.88% വോട്ടോടെ ആകെയുള്ള 230 സീറ്റുകളിൽ 165 എണ്ണം ബിജെപിയും, 36.38% വോട്ടോടെ 58 സീറ്റുകൾ കോൺഗ്രസും നേടി. ബിഎസ്പി 6.29% വോട്ടോടെ 4 സീറ്റുകളും സ്വന്തമാക്കി. 3 സീറ്റുകൾ റിബലുകൾ സ്വന്തമാക്കി, സ്വതന്ത്രർ ഒന്നാകെ 5.38% വോട്ട് നേടി.

– സംസ്ഥാനം 7 വ്യത്യസ്ത പ്രദേശങ്ങളായി (അനൗദ്യോഗികമായി) വിഭജിക്കപ്പെട്ടു കിടക്കുകയാണ്

– മാൾവ (55 സീറ്റുകൾ), മഹാകോശൽ (47 സീറ്റുകൾ), ചമ്പൽ (33 സീറ്റുകൾ), ബഗേൽഖണ്ട് (30 സീറ്റുകൾ), ബുന്ദേൽഖണ്ഡ് (29 സീറ്റുകൾ), ഭോപ്പാൽ (20 സീറ്റുകൾ), നിമാർ (16 സീറ്റുകൾ) എന്നിങ്ങനെയാണ് നിയമസഭാ സീറ്റുകൾ ഈ 7 മേഖലകളിലായി വിഭജിക്കപ്പെട്ടു കിടക്കുന്നത്

13 വർഷമായി ചൗഹാൻ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണത്തെ മത്സരം കടുത്തതാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ഇതിനായി അവർ കമൽനാഥിനെയും, ജ്യോതിരാദിത്യ സിന്ധ്യയെയും മുന്നിൽ നിർത്തി ആഞ്ഞു പിടിക്കുന്നുണ്ട്.

ബിജെപിയുടെ ശക്തി:-

– ചൗഹാന്റെ ജനപ്രീതിയും ഭരണപരിഷ്ക്കാരങ്ങളും, ഇദ്ദേഹം ഒരു ദിവസം മികച്ച ജനപിന്തുണയോടെ 10-14 റാലികൾ വരെ നടത്തുന്നുണ്ട്

-മോദിയുടെ ജനപിന്തുണയും കേന്ദ്ര സർക്കാർ പദ്ധതികൾക്കുള്ള മികച്ച പിന്തുണയും. മോദിയുടെ റാലികൾക്കെല്ലാം വമ്പൻ ജനക്കൂട്ടമായിരുന്നു.

– കോൺഗ്രസിന്റെ പ്രകടനപത്രികയിലെ ആർഎസ്എസ് ശാഖാ വിരുദ്ധ പരാമർശത്തിലൂടെ തിരഞ്ഞെടുപ്പ് രംഗത്ത് സക്രിയരായി മാറിയ സംഘത്തിന്റെ പ്രവർത്തനം

– ഷായുടെ നേതൃത്വത്തിൽ ബൂത്ത്തലം മുതൽ ശക്തമായ സംഘടനാ സംവിധാനം, സാമ്പത്തിക സ്രോതസ്സുകളും സുസജ്ജം, യോഗി-ഉമാഭാരതി എന്നിവരെ ഫലപ്രദമായി ഉപയോഗിച്ചുള്ള പ്രചരണവും ഫലം കാണുന്നുണ്ട്. ഇതിനു പുറമെ ഷാ എന്ന ചാണക്യൻ ആദ്യന്തം സർവ്വകാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന മറ്റൊരു തിരഞ്ഞെടുപ്പ് കൂടിയാണിത് .അദ്ദേഹത്തിന്റെ റാലികൾക്കും, റോഡ് ഷോകൾക്കും മികച്ച ജനസാന്നിദ്ധ്യമുണ്ടായിരുന്നു.

– മോദി-ചൗഹാൻ-ഷാ-യോഗി-ഉമാഭാരതി- ഇതര സംസ്ഥാന മുഖ്യമന്ത്രിമാർ-കേന്ദ്ര മന്ത്രിമാർ-മറ്റ് സംസ്ഥാനങ്ങളിലെയും, എംപിയിലെയും ബിജെപി അധ്യക്ഷൻമാർ എന്നിവരെ ഇറക്കിയുള്ള ശക്തമായ പ്രചരണം… ഓരോ മണ്ഡലം തിരിച്ചുള്ള ബൂത്തു തല, ഡോർ ടു ഡോർ പ്രചരണം പാർട്ടിയുടെ സംഘാടക ശക്തിക്കുദാഹരണമാണ്.

ദൗർബല്യം:-

– 15 വർഷത്തോളമായുള്ള ഭരണം ഒരു വിഭാഗം വോട്ടർമാരിലുണ്ടാക്കിയ മടുപ്പ്
(Fatigue എന്ന് പറയാം)

– മോദിയും, ചൗഹാനും, ഒട്ടുമിക്ക എംപിമാരും ജനപ്രിയരെങ്കിലും എംഎൽഎമാരിൽ പലർക്കും ജനപിന്തുണയില്ലെന്നു മാത്രമല്ല, ഇവർക്കെതിരെ ജനരോഷമുണ്ടുതാനും (മൂന്നിലൊന്ന് എംഎൽഎമാരെ പാർട്ടി മാറ്റിയിട്ടുണ്ട്), അതുപോലെ 61 മണ്ഡലങ്ങളിൽ റിബൽ സ്ഥാനാർത്ഥികളുണ്ടെങ്കിലും 30 ഇടത്ത് അവർ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

– കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന കോൺഗ്രസ് വാഗ്ദാനവും, കൃഷിക്കാരിൽ ഒരു വിഭാഗത്തിനിടയിൽ സർക്കാറിനോടുള്ള അമർഷവും (വ്യാപം അഴിമതി -മന്ദ് സോർ കലാപം എന്നിവയിൽ പിടിച്ചുള്ള പ്രതിപക്ഷ പ്രചരണങ്ങൾ), എസ് സി/എസ് ടി ബില്ലുമായി ബന്ധപ്പെട്ട് മറ്റ് ചില ജാതിക്കാർക്കിടയിലുള്ള പ്രശ്നങ്ങളും പാർട്ടിക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്

– 18-25 വയസ്സിനിടയിലുള്ള യുവാക്കൾ ചാഹാന്റെ ഭരണം മാത്രമേ യഥാർത്ഥത്തിൽ കണ്ടിട്ടുള്ളൂ എന്ന വസ്തുത

– നിരവധി അനവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മുൻപെങ്ങുമില്ലാത്തവിധം കോൺഗ്രസ് നടത്തുന്ന ഭരണവിരുദ്ധ പ്രചരണങ്ങൾ

കോൺഗ്രസിന്റെ ശക്തി:-

– കമൽനാഥിന്റെ സംഘാടക ശക്തിയും, ജ്യോതിരാദിത്യ സിന്ധ്യയുടെ ജനപ്രീതിയും ഉപയോഗപ്പെടുത്തിയിട്ടുള്ള പ്രചരണം

– മുൻപെങ്ങുമില്ലാത്ത വിധം കോൺഗ്രസ് കാഴ്ചവെക്കുന്ന പോരാട്ട വീര്യം

– കർഷകരുടെ വായ്പ ഭരണത്തിലെത്തിയാൽ എഴുതിത്തള്ളുമെന്ന പ്രചരണം ഒരു വിഭാഗം കർഷകർക്കിടയിലുണ്ടാക്കിയ അനുകൂല നിലപാട്

– ഒരു വിഭാഗം ജനങ്ങൾക്കിടയിൽ ഞങ്ങൾക്കും ഒരു അവസരം തരിക, അതിനായി മാറ്റത്തിനായി വോട്ട് ചെയ്യുക എന്ന പ്രചരണം.

– രാഹുൽഗാന്ധി, കമൽനാഥ്, സിന്ധ്യ, ദിഗ് വിജയ് സിംഗ് എന്നിവർ മുന്നിൽ നിന്ന് നയിക്കുന്ന പോരാട്ടത്തിൽ ഒരു പരിധിവരെ നേതാക്കളുടെ ഗ്രൂപ്പിസത്തിന് കടിഞ്ഞാണിടാനായതും ബൂത്ത് തല പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനായതും, ‘ജെയ്സ് ‘ എന്ന ആദിവാസി സംഘടനയുമായുള്ള നീക്കുപോക്കുകളും നൽകുന്ന പ്രതീക്ഷകൾ

ദൗർബ്ബല്യം:-

– കാലങ്ങളായി സംസ്ഥാനത്ത് ഭരണത്തിലില്ലാത്ത കോൺഗ്രസ് നേരിടുന്ന സംഘടനാ- സാമ്പത്തിക പ്രശ്നങ്ങൾ

– നേതാക്കൾ പുറത്തേക്ക് ഗ്രൂപ്പ് വൈരം കാണിക്കുന്നില്ലെങ്കിലും ലിസ്റ്റ് ഇറങ്ങിയതിനുശേഷം പല മണ്ഡലങ്ങളിലും റിബൽ സ്ഥാനാർത്ഥികളുടെ ബാഹുല്യമുണ്ട്

– 44 മണ്ഡലങ്ങളിൽ റിബൽ ശല്യമുണ്ടെങ്കിലും ഇതിലെ 28 ഇടത്തിവർ കോൺഗ്രസ് പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ചെറു പാർട്ടികളുടെ സാന്നിദ്ധ്യം കാരണമായുണ്ടാകുന്ന പ്രതിപക്ഷ വോട്ടുകളുടെ വിഭജനവും പാർട്ടിക്ക് തലവേദനയാണ്.

-മോദി-ചൗഹാൻ എന്നിവരുടെ ജനപ്രീതിക്കു തുല്യമായ ഒരു നേതാവില്ലെന്നതും മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലെന്നതും ഒരു പോരായ്മയാണ്.ചില മണ്ഡലങ്ങളിൽ ബൂത്ത്തല സംവിധാനം പ്രതീക്ഷിച്ചത്ര പ്രവർത്തനസജ്ജമല്ലെന്ന പോരായ്മയും നിലനിൽക്കുന്നുണ്ട്.

– അന്തിമഘട്ടത്തിൽ ബിജെപിയുടെ അതിശക്തമായ പ്രചരണത്തെ പ്രതിരോധിക്കാനാകുന്നില്ലെന്ന, പാർട്ടിക്കുള്ളിൽ നിന്നുതന്നെയുള്ള, ചില അഭിപ്രായങ്ങൾ പ്രതിധ്വനിയായി മാറിയിട്ടുണ്ട്, ഇത് ചില മേഖലകളിൽ പാർട്ടിയെ പിന്നോട്ട് വലിക്കുന്നുണ്ട്

മത്സരം കടുത്തതോടെ ബിജെപി അടിത്തട്ട് മുതൽ അതിശക്തമായ പ്രചരണത്തിൽ വ്യാപൃതരാണ്, ഇതിനെ എങ്ങിനെ പ്രതിരോധിക്കാനാകുമെന്നത് കോൺഗ്രസ്സിനെ സംബന്ധിച്ച് പരമപ്രധാനമാണ്

ബിഎസ്പി, എസ്പി, ജിജിപി, സ്പാർക്സ് (സവർണ്ണ പാർട്ടി), എഎപി, ഇടതുപാർട്ടികൾ തുടങ്ങിയവർ പല സീറ്റുകളിലും നിലയുറപ്പിച്ചിട്ടുണ്ട്. ബിജെപി- കോൺഗ്രസ് റിബലുകളിൽ ചിലർ ബിഎസ്പി-എസ്പി- സ്പാർക്സ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. 50 ൽ പരം മണ്ഡലങ്ങളിൽ ഇത്തരം പാർട്ടികളുടെ വോട്ടുകൾ നിർണ്ണായകമാണ്.

7 പ്രദേശങ്ങളായി കിടക്കുന്ന ഈ സംസ്ഥാനത്ത് 57 ദിവസം നീണ്ടു നിന്ന സർവ്വെകളിലെ
നവംബർ 25 വരെയുള്ള ഡാറ്റ വെച്ച് ഇവർ മുന്നിട്ടു നിൽക്കുന്ന മണ്ഡലങ്ങൾ താഴെ ചേർക്കുന്നു (ഇതൊരു പ്രവചനമല്ല, ഡാറ്റ വെച്ചുള്ള മുൻതൂക്കമാണ്)

1) മാൾവ മേഖല (55)

ബിജെപി- 33 (മുന്നിട്ട് നിൽക്കുന്നവ)

കോൺഗ്രസ് – 19

മറ്റുള്ളവർ – 03

2) മഹാകോശൽ (47)

ബിജെപി – 27

കോൺഗ്രസ് – 20

3) ചമ്പൽ (33)

ബിജെപി- 12

കോൺഗ്രസ് – 20

മറ്റുള്ളവർ – 01

4) ബഗേൽഖണ്ഡ് (30)

ബിജെപി-16

കോൺഗ്രസ് -12

മറ്റുള്ളവർ – 02

5) ബുന്ദേൽഖണ്ഡ് (29)

ബിജെപി- 14

കോൺഗ്രസ് – 12

മറ്റുള്ളവർ – 03

6) ഭോപ്പാൽ (20)

ബിജെപി- 12

കോൺഗ്രസ് – 08

7) നിമാർ (16)

ബിജെപി- 10

കോൺഗ്രസ് – 06

ഇതുപ്രകാരമുള്ള സ്ഥിതി വെച്ച് ബിജെപി 124 ഇടത്തും, കോൺഗ്രസ് 97 ഇടത്തും, മറ്റുള്ളവർ 9 ഇടത്തും മുന്നിട്ടു നിൽക്കുന്നെങ്കിലും അന്തിമ അനുമാനമനുസരിച്ച് ബിജെപി 122-129 ഉം, കോൺഗ്രസ് 96-103 ഉം മറ്റുള്ളവർ 07-10 ഉം സീറ്റുകൾ തങ്ങൾക്കനുകൂലമാക്കിയിട്ടുണ്ട്. ചില മണ്ഡലങ്ങളിലെ ‘ക്ലോസ് ഫൈറ്റ്’ കൂടി കണക്കിലെടുത്താണിത്.

ഇനി പ്രധാനം വോട്ടിങ്ങ് ശതമാനമാണ്. 72.07% ആയിരുന്നു 2013 ലെ വോട്ടിങ്ങ് ശതമാനം.

കമൽനാഥ് നടത്തിയ മുസ്ലിം അനുകൂല പ്രസംഗവും, സി പി ജോഷി ബ്രാഹ്മണർ മാത്രമേ ഹിന്ദുക്കളായുള്ളൂ, തേലി സമുദായക്കാരനായ മോദിയും, ലോധി സമുദായക്കാരിയായ ഉമാഭാരതിയും ഹിന്ദുക്കളല്ലെന്നുമുള്ള പ്രസംഗങ്ങൾ അടിത്തട്ടിലെത്തിത്തുടങ്ങിയിട്ടുണ്ട്. അതുപോലെ രാജ്ബബ്ബർ മോദിയുടെ അമ്മയുടെ വയസ്സിനെ കളിയാക്കിയതും, പ്രാദേശിക നേതാക്കൾ മോദിയുടെ അച്ഛനാരെന്നാർക്കുമറിയില്ലെന്നു പറഞ്ഞതും, മോദി തരംഗമല്ല മോദി വിഷമാണ് പ്രവഹിക്കുന്നതെന്ന് പറഞ്ഞ സിദ്ധുവും ബിജെപിക്കനുകൂലമായി കൂടുതൽ ഒബിസി/മറ്റ് ജനറൽ വോട്ടുകളുടെ ഏകീകരണത്തിന് കാരണമായി മാറിയേക്കാം.

മിസോറമിൽ ഞങ്ങളുടെ വിപുലമായ സർവ്വെ ഉണ്ടായിട്ടില്ല. എങ്കിലും ലഭ്യമായ വസ്തുതകൾ വെച്ച് കോൺഗ്രസും – എംഎൻഎഫും തമ്മിൽ ശക്തമായ മത്സരമാണ്, ബിജെപി അതിശക്തമായി പ്രചരണ രംഗത്തുണ്ട്. NEDA തലവൻ ഹിമന്ത ബിശ്വ ശർമ്മയെ മുന്നിൽനിർത്തിയാണ് അമിത് ഷാ നോർത്ത് ഈസ്റ്റിലെ NDA ഭരണമില്ലാത്ത ഏക സംസ്ഥാനം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. മോദി ജിയുടെ റാലിക്ക് വൻ ജനപിന്തുണയായിരുന്നു. 7.5 ലക്ഷത്തിൽ താഴെ മാത്രം വോട്ടർമാരുള്ള സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലെങ്കിലും ബിജെപി ശക്തമായി മത്സര രംഗത്തുണ്ട്.ഇത്തവണ 5-6 മണ്ഡലങ്ങളിൽ പാർട്ടി വിജയസാധ്യത കാണുന്നുണ്ട്. ഫലം വന്നതിനു ശേഷം BJP യുമായി MNF സഖ്യത്തിലായേക്കും. എന്തിനേറെ പറയണം, കോൺഗ്രസ് MLA മാർ പോലും പാർട്ടി വിടാനുള്ള സാധ്യത കൂടുതലാണ്. പൊതുവെ MNF മുന്നിലെത്താനാണ് സാധ്യത

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close