ന്യൂയോര്‍ക്ക്: ചൊവ്വയുടെ ഉള്‍രഹസ്യം തേടി വിക്ഷേപിച്ച നാസയുടെ പര്യവേഷണ പേടകമായ ‘ഇന്‍സൈറ്റ്’ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പേടകം ചൊവ്വയില്‍ തൊട്ടത്. 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്ത് കൂടി സഞ്ചരിച്ചാണ് പേടകം തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖ പ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിയത്. ഇന്‍സൈറ്റ് ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ദൃശ്യം നാസക്ക് ലഭിക്കുകയും ചെയ്തു.
ചൊവ്വയുടെ ആന്തരിക ഘടനയെ കുറിച്ച് കൂടുതല്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് പോലെ ചൊവ്വ കുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പന മാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. ഇതിന് പുറമെ അഞ്ച് മീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കാന്‍ ശേഷിയുള്ള ജര്‍മ്മന്‍ നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.
മെയ് അഞ്ചിന് കാലിഫോര്‍ണിയയിലെ വാന്‍ഡര്‍ബര്‍ഗ് വ്യോമസേന താവളത്തില്‍ നിന്ന് അറ്റ്‌ലസ് 5 റോക്കറ്റിലാണ് ലാന്‍ഡര്‍ വിഭാഗത്തിലുള്ള ദൗത്യം വിക്ഷേപിച്ചത്.















