കൊച്ചി: ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീക്കെതിരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തി എന്നാതാണ് സുരേന്ദ്രനെതിരെ പോലിസ് ചുമത്തിയ കുറ്റം. പോലിസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായ ശേഷമാണ് സുരേന്ദ്രനെ പൊലീസ് ഈ കേസില്‍ പ്രതി ചേര്‍ത്തതെന്നും മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് കള്ളക്കേസില്‍ കുടുക്കി ജയിലിട്ടിരിക്കുന്നതെന്നും ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.