ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഉപന്യാസ മത്സരത്തില്‍ ദീപ നിശാന്ത് ഉള്‍പ്പെടെ നടത്തിയ വിധി നിര്‍ണയം റദ്ദാക്കി. തുടര്‍ന്ന് ഉപന്യാസ രചനയുടെ പുനര്‍ മൂല്യനിര്‍ണയം നടത്തി. ജൂറി അംഗം സന്തോഷ് ഏച്ചിക്കാനമാണ് പുനര്‍മൂല്യനിര്‍ണയം നടത്തിയത്. പുനര്‍മൂല്യ നിര്‍ണയം അപ്പീല്‍ കമ്മിറ്റി അംഗീകരിച്ചു. ദീപ നിശാന്തിനെ വിധികര്‍ത്താവായി ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി.
ഇന്നലെ നടന്ന മലയാളം ഉപന്യാസ രചന മത്സരത്തിലാണ് ദീപ നിശാന്ത് വിധി കര്‍ത്താവായി എത്തിയിരുന്നത്. എബിവിപി, കെഎസ്യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രധാന വേദിക്ക് സമീപം പ്രതിഷേധിക്കുകയും ദീപാ നിശാന്തിന്റെ കോലം കത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ആദ്യം ദീപക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മത്സരത്തിന്റെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കവിത മോഷണ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ദീപ വിധികര്‍ത്താവായി എത്തിയത്. അതേസമയം എഴുത്തുകാരിയെന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.