കൊച്ചി: ശബരിമല നിരീക്ഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിശോധിക്കും. മരക്കൂട്ടത്ത് രാത്രികാലങ്ങളില്‍ ഭക്തരെ പോലിസ് തടയരുതെന്ന നിര്‍ദേശം നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. വാവര് നടയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ താല്കാലികമായി മാറ്റണം. പിന്നീട് ആവശ്യമെങ്കില്‍ വീണ്ടും ബാരിക്കേഡുകള്‍ വയ്ക്കാവുന്നതാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. തുടങ്ങിയ പ്രധാന നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ നിരോധനാജ്ഞ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
അതേസമയം ശബരിമലയില്‍ നിരീക്ഷകസമിതിയെ നിയോഗിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പൊലീസിന്റെ അധികാരത്തില്‍ ജുഡീഷ്യല്‍ കൈകടത്തല്‍ ഉണ്ടായെന്ന് കാട്ടിയാണ് സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചത്. നിരീക്ഷക സമിതിയെ ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.