മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആദ്യ ഷെഡ്യൂളിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. മുംബൈ സിറ്റി എഫ്സിയോട് ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
നാടകീയമായ രംഗങ്ങൾക്കും അപ്രതീക്ഷിത ഗോളുകൾക്കും സാക്ഷ്യം വഹിച്ച കളിയിൽ മുംബൈയ്‌ക്കായി സെനഗല്‍ താരം മോഡു സൗഖു ഹാട്രിക് നേടി. പന്ത്രണ്ടാം മിനിട്ടിലും പതിനഞ്ചാം മിനിട്ടിലും ആണ് മോഡു ആദ്യ രണ്ടു ഗോളുകൾ നേടിയത്. ഇരുപത്തിയേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം ആശ്വാസ ഗോൾ നേടിയെങ്കിലും അടുത്ത നാലുമിനിട്ടിൽ മുംബൈയുടെ സുഭാഷിശ് ബോസിന്റെ അസിസ്റ്റില്‍ മോഡു വീണ്ടും ഗോൾ നേടി. മുംബൈക്ക് രണ്ടു ഗോളിന്റെ ലീഡ്.
ആദ്യപകുതിക്കു മുൻപായി രണ്ടു മഞ്ഞക്കാർഡുകൾ നേടി ബ്ലാസ്റ്റേഴ്സ് താരം സക്കീർ പുറത്തായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സക്കീറിന് കാർഡ് ലഭിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എണ്ണം പത്തായി ചുരുങ്ങി.
എഴുപതാം മിനിറ്റിൽ മുംബൈക്ക് റാഫേൽ വഴി അടുത്ത ഗോൾ! മുംബൈക്ക് മൂന്ന് ഗോൾ ലീഡ്. എൺപത്തിയൊൻപതാം മിനിറ്റിൽ യുറഗ്വായ് താരം മിരബാജെയുടെ ഗോൾ ശ്രമം ലക്ഷ്യം കണ്ടു. മുംബൈക്ക് അഞ്ചാം ഗോൾ. രണ്ടാം പകുതിയുടെ അധിക സമയത്ത് ഗോഡുവിന്റെ അടുത്ത ഗോൾ. അതോടെ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർണം. ഒരു ഐഎസ്എൽ മത്സരത്തിൽ നിന്ന് നാലു ഗോളുകൾ നേടുന്ന ആദ്യ താരമായി ഗോഡു.















