ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിൽ മലയാളി താരങ്ങൾക്ക് നിരാശ. കേരളാ ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബി, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ്, പേസ് ബൗളർ സന്ദീപ് വാര്യർ എന്നിവർക്ക് ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല. മുൻ സീസണുകളിൽ ഐപിഎല്ലിൽ കളിച്ചിട്ടുള്ള താരങ്ങളാണ് മൂന്ന് പേരും.
അതേസമയം, രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന മധ്യപ്രദേശ് ഓൾ റൗണ്ടർ ജലജ് സക്സേനയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപ നൽകിയാണ് താരത്തെ ഡൽഹി ടീമിലെത്തിച്ചത്.
തമിഴ്നാട് താരം വരുൺചക്രവർത്തി ലേലത്തിൽ അപ്രതീക്ഷിത താരോദയമായി. സ്പിന്നൻ ബൗളറായ വരുണിനെ 8.4 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഇതേ തുകയ്‌ക്ക് ഇന്ത്യൻ താരം ജയ്ദേവ് ഉനദ്ഘട്ടിനെ രാജസ്ഥാൻ റോയൽ നേടി.
മോഹിത് ശർമ്മയെ 5 കോടി രൂപയ്‌ക്ക് ചെന്നൈ നിലനിർത്തി. വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്‍വെയ്റ്റിനെ അഞ്ച് കോടി രൂപയ്‌ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഷിമ്‍രോൺ ഹെറ്റമെയറെ നാല് കോടി 20 ലക്ഷത്തിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സ്വന്തമാക്കി. ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ അഞ്ച് കോടി രൂപയ്‌ക്കും ഹനുമാ വിഹാരിയെ രണ്ട് കോടി രൂപയ്‌ക്കും ഡൽഹി കാപിറ്റൽസ് നേടി.
ശ്രീലങ്കൻ പേസർ ലസിത് മലിംഗയെ വീണ്ടും മുംബൈ ഇന്ത്യൻസ് അവരുടെ പാളയത്തിലെത്തിച്ചു. ആദ്യ വട്ട ലേലത്തിൽ ആരും എടുക്കാതിരുന്ന യുവരാജ് സിംഗിനെ ഒടുവിൽ മുംബൈ സ്വന്തമാക്കി.















