Special

വന്ദേ വിവേകാനന്ദം

ആത്മവിശ്വാസവും ആർജ്ജവവും നഷ്ടപ്പെട്ട് വിധിക്ക് കീഴടങ്ങി ജീവിച്ചിരുന്ന പരസഹസ്രം ഭാരതീയരെ തങ്ങളുടെ സംസ്കാരത്തിൽ അഭിമാനിക്കാൻ പഠിപ്പിച്ച് തൻ കാലിൽ ഉയർന്നു നിൽക്കാൻ പ്രചോദനം നൽകിയ മഹാപുരുഷൻ . ഭാരതത്തിന്റെ അരുമസന്താനങ്ങളേ എന്ന് പേർത്തും പേർത്തും വിളിച്ച് അടിമത്തത്തിലാണ്ടുറങ്ങിയവർക്ക് ഉത്തിഷ്ടതാ മന്ത്രം ചൊല്ലിക്കൊടുത്ത സ്നേഹനിധി . പട്ടുമെത്തയും കീറപ്പായും സമമായി കണ്ട് , പണ്ഡിതനെയും പാമരനേയും സമരസതയോടെ ദർശിച്ച് രാഷ്ട്രബോധത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും നറും നിലാവ് പരത്തിയ ഭാരത നരസിംഹം

സ്വാമി വിവേകാനന്ദൻ

കൊൽക്കത്തയിലെ ഒരു തെരുവിൽ ജനിച്ച് ദക്ഷിണേശ്വരത്ത് നിന്ന് ഉപദേശം വാങ്ങി സ്വാമിജി തുടങ്ങിയ തീർത്ഥയാത്ര ഒടുവിൽ വിശ്വവിജയിയുടെ ജൈത്രയാത്ര ആവുകയായിരുന്നു . സൈക്ലോണിക് ഹിന്ദു എന്ന അപരനാമത്തേയത്തിൽ അറിയപ്പെട്ട സ്വാമിജി ഭാരതമെന്നാലെന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.

ശിഷ്യനെ ആദ്ധ്യാത്മികമായി മോചിപ്പിക്കുക എന്നതിലുപരി ഭൗതികവും സാംസ്കാരികവും മാനസികവുമായ എല്ലാ തലങ്ങളിലും അവന് ഉയർച്ച സാദ്ധ്യമാക്കുക എന്നതായിരുന്നു സ്വാമിജിയുടെ ലക്ഷ്യം .”ആദർശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദർശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം” എന്ന് സ്വാമിജി പറഞ്ഞത് അതുകൊണ്ട് കൂടിയാണ് ..

വിദ്യാഭ്യാസത്തിനും മതത്തിനും അദ്ദേഹം നൽകിയ നിർവചനങ്ങൾ ഏറെ വിലപ്പെട്ടതാണ് . മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പരിപൂർണതയുടെ ബഹി:സ്ഫുരണമാകണം വിദ്യാഭ്യാസമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മതമാകട്ടെ മനുഷ്യനിൽ കുടികൊള്ളുന്ന ദൈവികതയുടെ നൈസർഗ്ഗികമായ പ്രകാശനവും .ഇത്രയും അർത്ഥസമ്പുഷ്ടമായ വാക്കുകൾ ഈ രണ്ട് വിഷയങ്ങളെപ്പറ്റി മറ്റാരെങ്കിലും പറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്.

വെറും സിദ്ധാന്തം കൊണ്ട് മാത്രം വിശ്വമാനവികത സാദ്ധ്യമാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു .”സദുദ്ദേശ്യവും ആത്മാർഥതയും അപരിമേയമായ സ്നേഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിർദയരുടെയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും ” എന്നദ്ദേഹം ചൂണ്ടിക്കാട്ടി .

പരിത്യാഗവും സേവനവുമാണ് ഭാരതീയ ആദർശങ്ങളെന്ന് പ്രഖ്യാപിച്ച അദ്ദേഹം അവകളെക്കൊണ്ട് രാഷ്ട്രത്തെ നിറയ്ക്കാൻ ആഹ്വാനം ചെയ്തു . ലോകഗുരുവായി ഭാരതം തീരണമെങ്കിൽ അതിന് ആദ്ധ്യാത്മികതയുടെ കരുത്ത് വേണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു . യഥാർത്ഥമായ വിശ്വമാനവികത സാദ്ധ്യമാകണമെങ്കിൽ ത്യാഗഭൂമിയായ ഭാരതം ലോകഗുരുവാകണമെന്ന് സ്വാമിജിക്കറിയാമായിരുന്നു . അതുകൊണ്ട് കൂടിയാണ് മൃതമായ ഭാരത രാഷ്ട്രചേതനയുടെ കനലുകലെ ഊതിജ്വലിപ്പിക്കാനാവശ്യമായ രീതിയിൽ വിവേകവാണികൾ ഉരുവം കൊണ്ടത് .

ബലമാണ് ജീവിതം ദൗർബല്യം മരണമാണ് എന്ന് പ്രഖ്യാപിച്ച ഭാരത നരസിംഹത്തിന്റെ ജൈത്രയാത്രയിൽ ഉണർന്നെഴുന്നേൽക്കാത്ത യുവമനസുകളുണ്ടായിരുന്നില്ല . വിവേകാനന്ദ സ്വാമികളുടെ ആഹ്വാനങ്ങൾ എത്രയെത്ര സാമൂഹ്യ പരിഷ്കർത്താക്കൾക്കും വിപ്ലവകാരികൾക്കും സന്ന്യാസികൾക്കുമാണ് ജന്മം നൽകിയത് .അടിമത്തത്തിലാണ്ട് അലസതയും മടിയും ബാധിച്ച് അപമാനഭാരത്താൽ കുനിഞ്ഞ ശിരസുമായി ജീവിച്ച ഒരു ജനതയോട് അവനവനിൽ വിശ്വസിക്കാത്തവർക്കൊന്നും ശക്തിയും മഹത്വവും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .

മാതൃഭൂമിയെ അദ്ദേഹം പ്രാണവായുവായിക്കണ്ടു . വിപ്ലവകാരികൾക്കും മിതവാദികൾക്കും സാധാരണജനങ്ങൾക്കുമെന്നു വേണ്ട ഭാരതീയ ജീവിതത്തിന്റെ സർവ്വമേഖലകളിലുള്ളവർക്കും അദ്ദേഹം സ്വാതന്ത്ര്യചിന്തയുടെ പൊൻവെളിച്ചം നൽകി . ഒരുപിടിച്ചോറുണ്ടാൽ ത്രൈലോക്യം ജയിക്കാൻ കഴിവുള്ള ദരിദ്രനാരായണന്മാരെപ്പറ്റി ഗാന്ധിജി പഠിച്ചത് വിവേകാനന്ദനിൽ നിന്നായിരുന്നു .ലാലാ ലജ്പത് റായിയും അരവിന്ദ ഘോഷും , തിലകനും സർവ്വേപ്പള്ളി രാധാകൃഷ്ണനുമൊക്കെ വിവേകാനന്ദ പ്രബോധനങ്ങൾ ഹൃദയത്തിലേറ്റിയവരാണ് . സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടക്കം വിവേകാനന്ദനിൽ നിന്നായിരുന്നുവെന്ന് സുഭാഷ് ചന്ദ്രബോസും പറഞ്ഞിട്ടുണ്ട് .

അമേരിക്കയിൽ ഒരു പ്രഭുകുടുംബത്തിൽ അതിഥിയായിരുന്ന സ്വാമിജിക്ക് അവരൊരുക്കിയത് പട്ടുമെത്തയും മറ്റ് വിശിഷ്ട സൗകര്യങ്ങളുമായിരുന്നു . രാത്രി സ്വാമികളുടെ മുറിയിൽ നിന്ന് ഞരക്കം കേട്ട് പരിഭ്രാന്തയായി ഓടിയെത്തിയ ആതിഥേയ കണ്ടത് വെറും നിലത്ത് കിടന്ന് വാവിട്ട് നിലവിളിക്കുന്ന വിവേകാനന്ദനെയായിരുന്നു .കാരണമന്വേഷിച്ച പ്രഭ്വിയോട് സ്വാമിജി പറഞ്ഞതിങ്ങനെ ” നിങ്ങൾ നൽകിയ പട്ടുമെത്തയിൽ കിടന്നപ്പോൾ ഞാൻ എന്റെ ദരിദ്രരായ നാട്ടുകാരെ ഓർത്തു പോയി . അരവയർ പോലും നിറയാത്ത അവർക്ക് കിടക്കാൻ ഒരു പായപോലും ലഭിക്കുന്നില്ല . അവർ എന്റെ രക്തവും മാംസവുമാണ് .ഞാനെങ്ങനെ ഈ പട്ടുമെത്തയിൽ ഉറങ്ങും ” ആത്മാവിനെ തൊട്ടുണർത്തുന്ന ഈ മനുഷ്യ സ്നേഹവും ശരിയായ ദേശാഭിമാനവും വിവേകാനന്ദനിൽ നിന്നല്ലാതെ മറ്റാരിൽ നിന്നാണ് നമുക്ക് ദർശിക്കാനാവുക ?

ആധുനിക വികസിത രാഷ്ട്രങ്ങളോടൊപ്പം അടിവച്ചു മുന്നേറുന്ന ഒരു ഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടു . ആ സ്വപ്ന ദർശനത്തെപ്പറ്റി 1897 ജനുവരി 25 ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ” ഏറ്റവും നീണ്ട രാത്രി അവസാനിക്കുകയായി ദുസ്സഹമായ യാതനകൾ ഒടുങ്ങുന്ന മട്ടായി. മൃതശരീരമെന്ന് വിചാരിച്ചത് ഉണരുകയാണ്. അതാ മാതൃഭൂമിയുടെ ജീവിക്കുന്ന ശബ്ദം കേൾക്കുന്നു. അത് വർദ്ധിച്ചു വരികയാണ് . നോക്കൂ.. ഉറങ്ങിക്കിടന്നവൻ അതാ സടകുടഞ്ഞെഴുന്നേൽക്കുന്നു. ഹിമാലയ സാനുക്കളിൽ നിന്നടിക്കുന്ന കുളിർകാറ്റു പോലെ അത് മൃതപ്രായമായ അസ്ഥികളിലും മാംസപേശികളിലും ജീവൻ പകരുകയായി .ആലസ്യം വിട്ടകന്നു.

നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധമായ ദീർഘനിദ്രയിൽ നിന്നും ഉണരുകയാണ് . കുബുദ്ധികൾ ഇത് കാണാൻ തയ്യാറല്ലെന്നു വന്നേക്കാം . ഇനി ഭാരതം അപ്രതിരോധ്യമാണ്. ആർക്കും നമ്മുടെ രാജ്യത്തെ തടയാനാവില്ല. ഇനി ഭാരതം ഉറങ്ങുകയില്ല. ഒരു ബാഹ്യശക്തിക്കും ഇനി ഭാരതത്തെ പുറകോട്ട് തള്ളാനാകില്ല. കാരണം അനന്തശക്തിയോടെ അത് സ്വന്തം കാലിൽ നിൽക്കാൻ തയ്യാറെടുക്കുകയാണ് ”

സ്വാതന്ത്ര്യ ലബ്ധിക്ക് കൃത്യം അൻപതു വർഷം മുൻപ് ആ മഹാത്മാവിനുണ്ടായ സ്വപ്ന ദർശനം പിന്നീട് യാഥാർത്ഥ്യമായി .വർദ്ധിത വീര്യന്മാരായ ഭാരത ജനത “ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത ” എന്ന മന്ത്രമുരുവിട്ട് സടകുടഞ്ഞുണർന്നപ്പോൾ അടിമത്തത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ചങ്ങലക്കെട്ടുകൾ പൊട്ടിത്തകരുകയായിരുന്നു . മഹതിയായ ഭാരതമാതാവാകണം അടുത്ത അൻപത് വർഷത്തേക്ക് നമ്മുടെ ഈശ്വരൻ എന്ന് സ്വാമിജി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത ഭാരതം അതിന്റെ വിശ്വരൂപം കാണിക്കുക തന്നെ ചെയ്തു ..

മഹർഷി അരവിന്ദൻ പറഞ്ഞതു പോലെ ..

പരാക്രമശൂരനായ ഒരു വ്യക്തി എന്നെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അതായിരുന്നു വിവേകാനന്ദൻ, മനുഷ്യർക്കിടയിലെ സിംഹം, അദ്ദേഹം വിട്ടിട്ടുപോയ പ്രത്യേക പ്രവർത്തനം അദ്ദേഹത്തിന്റെ അളവറ്റ സൃഷ്ടിപരതയും ഊർജവുംകൊണ്ട് മുദ്രാങ്കിതമാണ്. എവിടെ, എങ്ങനെ, ഏതുവിധത്തിലെല്ലാമെന്ന് അറിഞ്ഞുകൂടെങ്കിലും അദ്ദേഹത്തിന്റെ അതിബൃഹത്തായ സ്വാധീനം സിംഹതുല്യമായും മഹത്തായും അവബോധജന്യമായും ഭാരതത്തിന്റെ ആത്മാവിൽ സംക്ഷോഭമുണ്ടാക്കിക്കൊണ്ട് പ്രവേശിക്കുന്നു. വിവേകാനന്ദൻ അദ്ദേഹത്തിന്റെ മാതൃഭൂമിയുടെ ആത്മാവിലും അവളുടെ മക്കളുടെ ആത്മാക്കളിലും ജീവിക്കുന്നതു നോക്കൂ!

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close