Special

പരാവർത്തനത്തിന്റെ അനുഭവ സാക്ഷ്യങ്ങൾ – ഈ പുസ്തകങ്ങൾ വായിക്കാതിരിക്കരുത്

കൃഷ്ണകുമാർ

ഒരു മൂന്നു നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് മതപരിവര്‍ത്തനം എന്നു കേട്ടാല്‍ പെട്ടെന്ന് മനസ്സില്‍ എത്തുന്നത് മൈദയും പാല്‍പ്പൊടിയും കൊടുത്ത് പാവങ്ങളെ ആകര്‍ഷിച്ച് സുവിശേഷം കേള്‍പ്പിക്കുകയും ക്രമേണ തങ്ങളുടെ ചേരിയിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോകുകയും ചെയ്യുന്ന പാസ്റ്റര്‍മാരുടെ ചിത്രങ്ങളായിരുന്നു. പിന്നെപ്പിന്നെ മരുന്ന്, ചികിത്സ, വിദ്യാഭ്യാസം, ജോലി, വീട് എന്നിങ്ങനെ ചൂണ്ടയില്‍ കൊത്തുന്ന ഇരകളുടെ ആവശ്യങ്ങളുടേയും, തൂക്കത്തിന്റേയും അടിസ്ഥാനത്തില്‍ ഓഫറുകളുടെ കനവും കൂടിക്കൂടി വന്നു എന്നും കേട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഇസ്ലാമിലേക്ക് ഇത്തരം തന്ത്രങ്ങളിലൂടെ മതംമാറ്റം നടന്നിരുന്നതായി കേട്ടിട്ടില്ല.

കേട്ടിട്ടുള്ളത് മുഗളന്മാരുടേയും, ടിപ്പുവിനെ പോലുള്ള ഭീകരന്മാരുടെയും, മാപ്പിളലഹളക്കാരുടെയും ഒക്കെ വാളുകള്‍ക്ക് മുന്നില്‍ നടന്ന മതം മാറ്റങ്ങളെ കുറിച്ചാണ്. രാജ്യം സ്വതന്ത്രമാകുകയും ജനാധിപത്യ ഭരണം നിലവില്‍ വരുകയും ഒക്കെ ചെയ്തതോടു കൂടി അക്രമത്തിലൂടെയുള്ള അത്തരം മതംമാറ്റം പ്രായോഗികമല്ലാതായി. എന്നാല്‍ ആദ്യത്തെ കൂട്ടരുടെ പരിപാടി പുതിയ പുതിയ രൂപങ്ങള്‍ സ്വീകരിച്ചു കൂടുതല്‍ ശക്തമാകുകയാണ് ചെയ്തത്. ഒരല്‍പ്പം വൈകിയിട്ടാണെങ്കിലും ഇസ്ലാമിക മൗലിക വാദികളും തങ്ങള്‍ക്ക് നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന ഈ സുവര്‍ണ്ണാവസരത്തിന്‍റെ വില തിരിച്ചറിഞ്ഞു. പാകിസ്ഥാന്‍റെ നേതൃത്വത്തില്‍, ഗള്‍ഫ് പണം ഒഴുക്കിക്കൊണ്ട് ഇന്ത്യയില്‍ തങ്ങളുടെ മതരാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം അവരും പല പുതിയ രൂപങ്ങളില്‍ പുനരാരംഭിച്ചു. അതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ടു ദശബ്ദങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മുമ്പില്ലാത്ത വിധത്തിലുള്ള തീവ്ര മതവല്‍ക്കരണത്തിന്‍റെ കുതിച്ചു കയറ്റം തന്നെ കാണാന്‍ കഴിയും. നൂറുക്കണക്കിനു പുതിയ മതപാഠശാലകളും, കൂടുതല്‍ മതവല്‍ക്കരിക്കപ്പെട്ട പുതിയ തലമുറയും ഉയര്‍ന്നു വന്നു.

പ്രാദേശികമായ വേഷ വിധാനത്തില്‍ വളരെയൊന്നും വ്യത്യസ്തത പുലര്‍ത്തിയിട്ടില്ലാതിരുന്ന അവസ്ഥ മാറി, അറബ് രാജ്യങ്ങളിലെ വേഷ വിധാനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രവണത കൂടി വന്നു. പ്രത്യേകിച്ചും മേലാസകലം മൂടിക്കെട്ടി വയ്ക്കുന്ന പര്‍ദ്ദ പോലുള്ള വേഷങ്ങളുടെ പ്രചാരം ഈയടുത്ത കാലത്താണ് കേരളത്തില്‍ പോലും വ്യാപകമായത്. അതേത്തുടര്‍ന്ന് മുമ്പ് ഒരു പക്ഷേ ചെറിയതോതില്‍ ഉണ്ടായിരുന്നെങ്കിലും അത്ര ശ്രദ്ധ പിടിച്ചു പറ്റാതിരുന്ന ഒരു കാര്യം വ്യാപകമായി വരുന്നതായി കാണുന്നുണ്ട്.

ഹിന്ദു വിശ്വാസങ്ങളെ ഏറ്റെടുത്ത് തങ്ങളുടെതായ രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും, തെറ്റായി വ്യാഖ്യാനിക്കുകയും, ഹിന്ദുവിശ്വാസികളെ വെല്ലുവിളിക്കുകയും, ചിന്താക്കുഴപ്പത്തില്‍ ആക്കുകയും ചെയ്യുന്ന മതപരമായ കടന്നുകയറ്റ പരിപാടിയാണ്. ആരാണ് ഇതിന് ആദ്യം തുടക്കമിട്ടത് എന്നറിയില്ലെങ്കിലും ഈ പുതിയ പരിപാടി മത്സര ബുദ്ധിയോടെ ഒരുപോലെ ശക്തിപ്പെടുത്തിക്കൊണ്ടു വരുന്നു. പരസ്പരം ഈ മതം‌മാറ്റ സംഘങ്ങൾ തമ്മിലും കുറച്ചൊക്കെ വെല്ലുവിളിക്കാറുണ്ടെങ്കിലും അതില്‍ വലിയ മെച്ചമില്ല എന്നു കണ്ട് ഈ രണ്ടുകൂട്ടരുടെയും വേട്ടയാടല്‍ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഹിന്ദുസമൂഹത്തിനു നേരെയാണ്.

ഒന്നിച്ചു കൂടി ഒരു ആനയെ കൊന്നിട്ടാല്‍ ഒരുപറ്റം ചെന്നായ്ക്കള്‍ക്കും കഴുതപ്പുലികള്‍ക്കും മൃഷ്ടാന്നം തിന്നാം എന്നതാണ് സഹോദര സ്വഭാവമുള്ള സംഘടിത ആക്രമണത്തിനു പിന്നിലെ യുദ്ധതന്ത്രം. പോരാത്തതിന് മുമ്പത്തെ പോലെ പാല്‍പ്പൊടിയും എണ്ണയും മോഹിച്ച് പോകുന്ന സാധുക്കള്‍ അല്ല ഈ പുതിയ വലയിലെ ഇരകള്‍ എന്ന മെച്ചവുമുണ്ട്. നല്ല വിദ്യാഭ്യാസവും സാമ്പത്തിക സൌകര്യവും തറവാടിത്തവും ഒക്കെയുള്ള ധാരാളം ചെറുപ്പക്കാരെ വലയിലാക്കാന്‍ ഈ പുതിയ പരിപാടി കൊണ്ടു കഴിഞ്ഞു.

ഇക്കാലത്തുണ്ടായ സോഷ്യല്‍ മീഡിയയുടെയും ടി വി ചാനലുകളുടേയും അതിപ്രസരം ഇക്കാര്യത്തില്‍ അവയുടേതായ പങ്ക് വഹിച്ചു. അല്‍പ്പസ്വല്‍പ്പം മത – ധര്‍മ്മ വിഷയങ്ങളില്‍ വായനയും ശ്രദ്ധയും കൊടുക്കുന്ന ഒരു വ്യക്തിപോലും ഈ ആക്രമണത്തിന്‍റെ വ്യാപ്തി കണ്ട് അമ്പരന്നു എന്നതാണ് വാസ്തവം. സാധാരണക്കാരായ ഹിന്ദുക്കള്‍ മിക്കവാറും കേട്ടുകേള്‍വിയിലൂടെ മാത്രം പരിചയിച്ചിട്ടുള്ള പുരാണങ്ങളെയും, കഥാപാത്രങ്ങളെയും കുറിച്ചൊക്കെ ആധികാരികമെന്ന വണ്ണം വ്യാഖ്യാനിച്ചു ഒന്നുകില്‍ അവയിലൊക്കെയും അസംബന്ധങ്ങള്‍ ആണെന്നോ അല്ലെങ്കില്‍ അവയും തങ്ങളുടെ മതവിശ്വാസത്തിന്‍റെ മഹത്വമാണ് ഉദ്ഘോഷിക്കുന്നത് എന്നോ കാണിക്കാന്‍ ബദ്ധപ്പെടുന്ന പണ്ഡിതന്മാരുടെ ഒരു തള്ളിക്കയറ്റം തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അവരുടെ കൂട്ടത്തില്‍ സവര്‍ണ്ണ ഹിന്ദു പേരുകള്‍ പേറിനടക്കുന്ന മതപരിവർത്തന പാസ്റ്റർമാർ മുതല്‍ സക്കീര്‍ നായിക്കും, എം എം അക്ബറും പോലെയുള്ള സെലിബ്രിറ്റി മതപ്രഭാഷകര്‍ വരെയുണ്ട്. നമ്മുടെ മത – ധര്‍മ്മ വിശ്വാസങ്ങളില്‍ നുഴഞ്ഞു കയറി ദുര്‍വ്യാഖ്യാനം ചെയ്തും വെല്ലുവിളിച്ചും ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാക്കി ദുര്‍ബല മനസ്സുകളെ ഉഴുതു മറിക്കുകയും പിന്നീട് അവയില്‍ സെമിറ്റിക്ക് മതവിത്തുകള്‍ വിതയ്ക്കുകയും ചെയ്യുന്ന വര്‍ദ്ധിച്ചു വരുന്ന ഈ കുതന്ത്രത്തെ പറ്റി പൂജ്യ സത്യാനന്ദ സരസ്വതി സ്വാമികള്‍ പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മുന്നറിയിപ്പ് തന്നിരുന്നു. എങ്കിലും, ഈ വിപത്തിന് കൃത്യമായ ഒരു പ്രതിരോധം തീര്‍ക്കാന്‍ ഇന്നോളം ഹിന്ദുനേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. അതിന്‍റെ അനിവാര്യമായ ഫലം താമസിയാതെ നമ്മള്‍ കണ്ടു തുടങ്ങി. ഓരോ വര്‍ഷവും മതംമാറി പോകുന്നവരുടെ എണ്ണം പതിനായിരത്തോളം ആണെന്ന ഞെട്ടിക്കുന്ന വിവരം ആധികാരികമായി നിയമസഭയില്‍ വച്ചത് മതേതരത്വത്തെ കുറിച്ച് ആണയിടുന്ന ഇടതു വലതു മുന്നണികളുടെ മുഖ്യമന്ത്രിമാര്‍ തന്നെയായിരുന്നു.

തീവ്രവാദ ബന്ധത്തിന്‍റെയോ മറ്റോ പേരില്‍ ചില കേസുകളില്‍ മാദ്ധ്യമങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന കോളിളക്കത്തിന്‍റെ സമയത്ത് മാത്രമാണ് ഈ വിപത്തിനെ പറ്റി ഓര്‍ക്കുക. അതും താല്‍ക്കാലികമായി. കാരണം പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണതയായിരുന്നു. ഹിന്ദുക്കളില്‍ തൊണ്ണൂറ്റി അഞ്ചു ശതമാനത്തിന്റേയും മനസ്സുകളില്‍ മതത്തിന്‍റെ സ്ഥാനം മതേതരത്വം കൈയ്യടക്കി കഴിഞ്ഞിരിക്കുന്നു. സ്വന്തം ധര്‍മ്മത്തെ പറ്റി അടിസ്ഥാനപരമായ അറിവുകള്‍ പോലും നമുക്കില്ല. കൃത്യമായി ചിട്ടയായി പഠിപ്പിക്കാനുള്ള സംവിധാനങ്ങളോ മതപാഠശാലകളോ ഇല്ല. അവ നിവ്വഹിക്കപ്പെടേണ്ട ക്ഷേത്രങ്ങള്‍ പോലുള്ള ഇടങ്ങള്‍ എന്നേ മതേതര സ്ഥാപനങ്ങള്‍ ആയി അധ:പതിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം ഹിന്ദു കുടുംബങ്ങളിലും മതത്തിനും ആചാരങ്ങള്‍ക്കും യാതൊരു സ്ഥാനവുമില്ല. പകരം രാഷ്ട്രീയമാണ് ആ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത്.

എന്നാല്‍ ഏതൊരു മനുഷ്യന്റേയും അന്ത:കരണത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ആത്മീയ ചോദനകള്‍ അവന്‍റെ ഉള്ളിലും ഉണ്ടെന്നുള്ളതാണ് വാസ്തവം. ഈ ഇളകിയ മണ്ണിന്‍റെ ഫലഭൂയിഷ്ടത തിരിച്ചറിഞ്ഞാണ്‌ അവിടെ വിത്തു വിതച്ച് ആത്മീയ കൊയ്ത്തു നടത്താന്‍ സംഘടിത മതങ്ങള്‍ വ്യക്തമായ പദ്ധതികളോടെ എത്തുന്നത്. അവര്‍ കൃത്യമായ ഗൃഹപാഠത്തിന്‍റെ പിന്തുണയോടെ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഹിന്ദു ചെറുപ്പക്കാര്‍ നിസ്സഹായരും നിരായുധരുമായി കീഴടങ്ങുന്നു. ഒടുവില്‍ ഈയാം പാറ്റകളെ പോലെ അത്തരക്കാരുടെ കെണികളിലേക്ക് കണ്ണുമടച്ചു പോയി വീഴുന്നു. ഒപ്പം പ്രണയം, ജോലി, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ അതിശക്തമായ ഭൌതിക പ്രലോഭനങ്ങളും ഈ വേട്ടയ്ക്ക് വേണ്ടുവോളം ഉപയോഗിക്കപ്പെടുന്നുണ്ട്.

നമ്മുടെ സ്വന്തം ധര്‍മ്മത്തെ പറ്റി ശരിയായി, ചിട്ടയായി പഠിക്കുക. ഒപ്പം നമ്മെ ആക്രമിക്കുന്ന എതിരാളികളുടെ ഊതിവീര്‍പ്പിച്ച ബലൂണുകളുടെ യാഥാര്‍ത്ഥ്യവും തിരിച്ചറിയുക. അത് മാത്രമേ ഈ ദു:സ്ഥിതിക്ക് പരിഹാരമുള്ളൂ. അതിന് ഉപയുക്തമായ പുസ്തകങ്ങള്‍, കോഴ്സുകള്‍, പാഠശാലകള്‍, ആചാര്യന്മാര്‍ എന്നിവ നമുക്ക് വേണം. അതും വളരെ വേഗത്തില്‍ തന്നെ ഒരുക്കിയെടുക്കണം. യോഗ, ഭഗവദ്ഗീത തുടങ്ങിയവ ഒരല്‍പ്പമെങ്കിലും പഠിച്ച ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം വെറും തകരക്കളിപ്പാട്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മുക്രയിടുന്ന ഈ സെമിറ്റിക്ക് വിശ്വാസങ്ങള്‍. അപ്പോള്‍ പിന്നെ തര്‍ക്ക ശാസ്ത്രവും, അദൈത വേദാന്തവും പോലുള്ള ഉന്നത ശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ആചാര്യന്മാരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. പക്ഷേ ഇവിടെ പ്രശ്നം ദൈനംദിന ജീവിതത്തില്‍ ഈ മതപോരാളികളുടെ കല്ലേറ് നേരിടേണ്ടി വരുന്ന സാധാരണക്കാരുടെ കാര്യമാണ്. അവര്‍ക്ക് ആവശ്യം എതിരാളികളുടെ ആക്രമണത്തിനെതിരെ അതേ നാണയത്തില്‍ ഉള്ള മറുപടികളാണ്. അവരുടെ പൊള്ളത്തരങ്ങള്‍ കൃത്യമായി പഠിച്ചറിയുകയും അവരുടെ ചോദ്യങ്ങള്‍ നേരിടുന്നതോടൊപ്പം തിരികെ കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിക്കുകയുമാണ്. ഈയൊരു നിര്‍ണ്ണായകമായ ആയുധമാണ് ആര്‍ഷ വിദ്യാ സമാജം തങ്ങളുടെ പുതിയ പുസ്തകങ്ങളിലൂടെ മലയാളികളുടെ മുന്നില്‍ വച്ചിട്ടുള്ളത്.

സഹപാഠികളുടേയും, സഹപ്രവര്‍ത്തകരുടെയും ഒക്കെ രൂപത്തില്‍ നമ്മോടു അടുത്തുകൂടി മസ്തിഷ്ക്കപ്രക്ഷാളനം ചെയ്യാന്‍ തുടങ്ങുന്ന മതപ്രചാരകരോട് അവരുടെ മതത്തിലെ ആശയ മലിനീകരണവും യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും എടുത്ത് ചോദിച്ചു കൊണ്ട് അവരേയും വെളിച്ചത്തിലേക്ക് നയിക്കുക മാത്രമാണ് ഈ മതംമാറ്റ വിപത്തിന് ഒരേയൊരു പരിഹാരം. അതിനു യുക്തമായ, സാധാരണക്കാര്‍ക്ക് പോലും മനസ്സിലാകുന്ന വിധം ലളിതമായ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടവയാണ് ഈ പുതിയ പുസ്തകങ്ങള്‍. തങ്ങളുടെ അജ്ഞത മൂലം സ്വയം മത വാരിക്കുഴികളില്‍ പതിക്കുകയും, പിന്നീട് ഈശ്വരകൃപയാല്‍ തെറ്റ് തിരിച്ചറിഞ്ഞ് മാതൃ ധര്‍മ്മത്തിലേക്ക് തിരികെ വരികയും ചെയ്ത ചെറുപ്പക്കാരാണ് അവ എഴുതിയിരിക്കുനത് എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.

സഹപാഠികളും പിന്നീട് സഹപ്രവര്‍ത്തകരും എറിഞ്ഞ മതചൂണ്ടയില്‍ കൊത്തി മറ്റൊരു മതത്തിലേക്ക് ചേക്കേറി, പിന്നീട് ആ മതഭ്രാന്തിന്‍റെ പിടിയില്‍ നിന്നും തിരികെയെത്തിയ ശാന്തികൃഷ്ണയും അതേപോലെ മത മൗലിക വാദ ചൂണ്ടകളില്‍ കുരുങ്ങി മതഭ്രാന്തിനായി ജീവിതം ഹോമിക്കാന്‍ ഒരുങ്ങിയിറങ്ങിയിട്ട് സനാതന ധര്‍മ്മത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞ് തിരികെ എത്തിയ ശ്രുതി, ചിത്ര, ആതിര എന്നീ മറ്റു മൂന്നു യുവതികളും എഴുതിയിട്ടുള്ളവയാണ് ഈ പുസ്തകങ്ങള്‍.

അവയെല്ലാം വായിച്ചു കഴിഞ്ഞ എനിക്ക് നിസ്സംശയം പറയാന്‍ കഴിയും, ഇതില്‍ ഒരു പുസ്തകമെങ്കിലും കൊടുത്ത് വായിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഫാത്തിമയായി മാറി അഫ്ഗാനിസ്ഥാനില്‍ തീവ്രവാദത്തിനു പോയ ആറ്റുകാലിലെ നിമിഷയോ, ജിഹാദി തീവ്രവാദിയാല്‍ കൊല്ലപ്പെട്ട എറണാകുളത്തെ അനൂജയോ അത്തരമൊരു ചതിക്കുഴിയില്‍ വീഴുമായിരുന്നില്ല. നൂറു ശതമാനം ഉറപ്പ്. അതുകൊണ്ട് മലയാളികളായ എല്ലാ ഹിന്ദുക്കളുടെ വീടുകളിലും അവശ്യം ഉണ്ടായിരിക്കേണ്ട പുസ്തകങ്ങളാണ് ഇവ.

മത തീവ്രവാദ കൈയ്യേറ്റത്തിനു മുമ്പില്‍ നമ്മുടെ അടുത്ത തലമുറയുടെ ഏറ്റവും വലിയ രക്ഷാ കവചം ആയിമാറാന്‍ ഈ പുസ്തകങ്ങള്‍ക്ക് കഴിയും. എല്ലാ സമുദായ സംഘടനകളും സാമൂഹ്യ സംഘടനകളും ഈ പുസ്തകങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണുകയും അവയുടെ കോപ്പികള്‍ ഗ്രന്ഥശാലകളിലും വീടുകളിലും ഉറപ്പു വരുത്തുകയും സുഹൃത്തുക്കള്‍ക്കും മറ്റു വേണ്ടപ്പെട്ടവര്‍ക്കും സമ്മാനിക്കുകയും വേണം.
“ഒരിക്കലും തിരുത്തപ്പെടുകയോ കൈകടത്തലുകള്‍ക്ക് വിധേയമാകുകയോ ചെയ്യപ്പെട്ടിട്ടില്ലാത്തത്”, “പൂര്‍ണ്ണമായും ദൈവവചനങ്ങള്‍ മാത്രം നിറഞ്ഞത്”, “പിഴവുകളും, യുക്തിരാഹിത്യങ്ങളും, അശാസ്ത്രീയതകളും തീണ്ടാത്തത്”, “എല്ലാവര്‍ക്കുമായി എല്ലാക്കാലത്തേക്കുമായി നല്‍കപ്പെട്ടത്‌”, “സമ്പൂര്‍ണ്ണ നീതി ശാസ്ത്രം” പുസ്തകങ്ങളെപ്പറ്റി അനുയായികള്‍ പാടിപ്പുകഴ്ത്തുന്ന വിശേഷണങ്ങള്‍ ആണിവയൊക്കെ. എന്നാല്‍ അവയില്‍ ഇറങ്ങിച്ചെന്ന് യുക്തിയുടെ വെളിച്ചത്തില്‍ പഠിക്കുന്നവരുടെ മുന്നില്‍ തെളിയുന്നത് തീര്‍ത്തും വ്യത്യസ്തമായ ചിത്രങ്ങള്‍ ആണ്. ഈ വിശുദ്ധ ഗ്രന്ഥങ്ങളിലെ തന്നെ നൂറുക്കണക്കിന് തെളിവുകള്‍ നിരത്തിക്കൊണ്ട് ശ്രീ ആചാര്യ കെ ആര്‍ മനോജ്‌ ഇത്തരം അതിരുവിട്ട അവകാശ വാദങ്ങളെ പൊളിച്ചടുക്കുന്നു.

ഏറ്റവും ലളിതമായ മറുചോദ്യങ്ങളുടെ മുന്നില്‍ പോലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവയല്ല പല അന്ധവിശ്വാസങ്ങളും, അശാസ്ത്രീയ പരാമര്‍ശങ്ങളും. മേല്‍പ്പറഞ്ഞ മട്ടിലുള്ള അതിശയോക്തികളും കല്ലു വച്ച നുണപ്രചാരണങ്ങളും നടത്തിയാണ് സെമിറ്റിക്ക് മതാനുയായികള്‍ താരതമ്യേന അറിവു കുറഞ്ഞ മറ്റുള്ളവരെ വഞ്ചിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം പുറത്തു കൊണ്ടു വരേണ്ടത്, മതം മാറ്റമെന്ന ചതിക്കുഴിയില്‍ നിന്ന് ഹിന്ദുസമൂഹത്തെ രക്ഷിക്കുന്നതിന് ആവശ്യമാണ്‌. അത് വളരെ സ്തുത്യര്‍ഹമായ വിധത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നു ആചാര്യ മനോജ്‌ജിയുടെ നേതൃത്വത്തില്‍ ആര്‍ഷ വിദ്യാ സമാജം പ്രവര്‍ത്തകര്‍. അനുഭവ സാക്ഷ്യം എന്ന നിലയ്ക്ക് പുറത്തിറക്കിയ നാലു പുസ്തകങ്ങളില്‍ പ്രാതിനിധ്യ സ്വഭാവമുള്ള ഒരെണ്ണത്തെ എടുത്ത് ഇവിടെ പരിചയപ്പെടുത്താം.

ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ്‌ കാസര്‍ഗോഡ്‌ സ്വദേശിനി ആതിര. തന്‍റെ ആത്മീയമായ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പ്രാപ്തിയില്ലാത്ത സ്വന്തം കുടുംബ സാഹചര്യവും, ഒപ്പം മത നിഷ്ടരായ സഹപാഠികളില്‍ കണ്ട പ്രതിബദ്ധതയും ആ കുട്ടിയെ ആകര്‍ഷിക്കുന്നു. തന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ കാണിച്ച ഉത്സാഹവും അവരുടെതായ മതബോധനത്തിലൂന്നിയ മറുപടികളും, ആതിരയെ ക്രമേണ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്നു. പരമതവിദ്വേഷത്തില്‍ ഊന്നിയ സെമിറ്റിക്ക് മതപഠനം അവളെ വളരെ വേഗം തന്നെ സ്വന്തം പൈതൃകത്തിന്‍റെയും പാരമ്പര്യ വിശ്വാസങ്ങളുടെയും ശത്രുവാക്കി മാറ്റി. തങ്ങളുടെ ചേരിയിലേക്ക് വഴിതെറ്റി വരുന്നവരെ പോലും ഉത്സാഹത്തോടെ സ്വാഗതം ചെയ്യാന്‍ സദാ സന്നദ്ധരായ അതിന്‍റെ അനുയായികള്‍ ഓരോരുത്തരും ഒരു മത പ്രചാരകനെയോ പ്രചാരികയെയോ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയൊരാളെ കൂട്ടത്തിലേക്ക് ചേര്‍ക്കാന്‍ ആവശ്യമായ നിയമപരവും സംഘടനാപരവും ആയ എല്ലാ സംവിധാനങ്ങളും അവര്‍ക്കുണ്ട്.

അവരുടെ ഒത്തൊരുമിച്ചുള്ള പ്രേരണയുടേയും പ്രവര്‍ത്തനത്തിന്റേയും ഫലമായി ആതിര ഔപചാരികമായി മതം മാറുന്നതിനായി സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് വീടു വിട്ടിറങ്ങുന്നു. കുറച്ചു ദിവസത്തെ അജ്ഞാത വാസം ഉണ്ടായെങ്കിലും പൂര്‍ണ്ണമായി തീവ്രവാദികളുടെ കൈകകളില്‍ പെടുന്നതിനു മുമ്പ് പൊലീസിന്‍റെയും മറ്റും ഇടപെടലോടെ കോടതിയില്‍ എത്തിക്കപ്പെടുന്നു. ദൈവാനുഗ്രഹത്താല്‍ ആര്‍ഷ വിദ്യാ സമാജത്തിലെ കൌണ്‍സലര്‍മാരുടെ വാക്കുകള്‍ കേള്‍ക്കാന്‍ സന്മനസ്സ് കാണിക്കുകയും, അതിലൂടെ സമാജത്തിന്‍റെ ആചാര്യനോട് തുറന്ന സംവാദത്തിന് തയ്യാറാവുകയും ചെയ്യുന്നു. തുടര്‍ന്ന് മറ്റുള്ളവരുടെ സംഘടിതമായ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ താന്‍ മനസ്സിലാക്കി വച്ചിരുന്ന സെമിറ്റിക്ക് മത വിഡ്ഢിത്തങ്ങളും അസത്യങ്ങളും അന്ധവിശ്വാസങ്ങളും തിരിച്ചറിയുകയും സനാതന ധര്‍മ്മം പഠിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

ആ പഠനമാണ് ആതിരയെ ആത്മീയ വെളിച്ചത്തിലേക്ക് നയിച്ചത്. അതോടുകൂടി താന്‍ നേരിട്ടതു പോലുള്ള ചതിക്കുഴികളില്‍ മേലില്‍ വീണു പോകാന്‍ ഇടയുള്ള മറ്റുള്ളവരെ രക്ഷിക്കുന്നതിനു വേണ്ടി സനാതന ധര്‍മ്മ പ്രചാരണത്തിന് ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു ഈ പെണ്‍കുട്ടി. ഏതൊരു ശരാശരി മലയാളി ഹിന്ദുവിന്‍റെ വീട്ടിലും സംഭവിക്കാവുന്ന ഇത്തരം ഒരു സ്ഥിതിവിശേഷത്തെ നേരിടുന്നതിന് സഹായകമാവട്ടെ എന്ന നിലയ്ക്കാണ് ആതിര സ്വന്തം അനുഭവം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മതം മാറാന്‍ തയ്യാറെടുക്കുന്ന ഹിന്ദുക്കള്‍ക്ക് മാത്രമല്ല, ശരിയായ ആത്മീയ യുക്തി ചിന്തയില്ലാതെ അന്ധവിശ്വാസങ്ങള്‍ മാത്രം പേറി നടക്കുന്ന എല്ലാ മതാനുയായികള്‍ക്കും കൂടുതല്‍ ആഴങ്ങളിലേക്ക് പഠിക്കാനും വെളിച്ചത്തിലേക്ക് കടന്നു വരാനും പ്രേരകമാകുന്നതാണ് ഈ ഗ്രന്ഥം.

ആര്‍ഷ വിദ്യാ സമാജത്തിന്‍റെ പുസ്തകങ്ങള്‍
(അനുഭവ സാക്ഷ്യങ്ങള്‍)
1. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് – ചിത്ര ജി കൃഷ്ണന്‍
2. പുനർജനി – ശാന്തി കൃഷ്ണ
3. ഒരു പരാവർത്തനത്തിന്‍റെ കഥ – ശ്രുതി
4. ഞാൻ ആതിര – ആതിര
———
1. ഭാരത പ്രഭാവം – ആചാര്യ ശ്രീ കെ ആര്‍ മനോജ്‌ (ധര്‍മ്മ പഠനം)

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close