കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ വിദർഭയ്‌ക്കെതിരെ കേരളം തിരിച്ചടിക്കുന്നു. ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ മറുപടി ബാറ്റിംഗ് ആരംഭിച്ച വിദർഭ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ്.
രണ്ട് വിക്കറ്റിന് 170 റൺസ് എന്ന നിലയിൽ നിന്ന് ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് വിദർഭയ്‌ക്ക് നഷ്ടമായത്. എം ഡി നിതീഷ്, സന്ദീപ് വാര്യർ എന്നിവർ രണ്ടു വിക്കറ്റു വീതവും ബേസിൽ തമ്പി ഒരുവിക്കറ്റും നേടി.
നിലവിൽ സന്ദർശകർക്ക് അഞ്ച് വിക്കറ്റ് ശേഷിക്കേ 65 റൺസിന്‍റെ ലീഡുണ്ട്. 75 റൺസ് നേടിയ ഫസലിന്‍റേയും 34 റൺസ് നേടിയ വസീം ജാഫറിന്‍റെയും ഇന്നിംഗ്സുകളാണ് വിദർഭയ്‌ക്ക് മേൽക്കൈ നൽകിയത്.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന് ബാറ്റിംഗ് തകച്ച. ഒന്നാം ഇന്നിംഗ്സിൽ ആതിഥേയർ 106 റൺസിന് ഓൾഔട്ടായി. 37 റൺസെടുത്ത വിഷ്ണു വിനോദിന് മാത്രമാണ് അൽപ്പമെങ്കിലും ചെറുത്ത് നിൽക്കാൻ സാധിച്ചത്. ഏഴ് വിക്കറ്റെടുത്ത ഇന്ത്യൻ താരം ഉമേഷ് യാദവിന്‍റെ തകർപ്പൻ ബോളിംഗാണ് കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
ആർ.എൻ ഗുർബാനി ശേഷിച്ച മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. വിഷ്ണു വിനോദിനെകൂടാതെ കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബിക്കും ബേസിൽ തമ്പിക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്.















