കൊച്ചി: വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതിയുടെ വിമര്‍ശനം.
വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിജേഷ് വിജയന് നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചിറ്റിലപ്പള്ളിക്ക് കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്നത്. ആദ്യം 50000 രൂപ നല്കിയ വീഗാലാന്‍ഡ് അധികൃതര്‍ തുടര്‍ ചികിത്സയ്ക്ക് യാതൊരു സഹായവും നല്‍കിയില്ലെന്നും ചിറ്റിലപ്പള്ളിയെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും വിജേഷ് ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജിയില്‍ ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് കോടതി ചോദിച്ചു.
ചിറ്റിലപ്പള്ളിയെ പോലെയുളള ഒരാള്‍ക്ക്, സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്ക്കാന് സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്കുന്നില്ലെങ്കില് കേസ് ഉന്നത സംഘത്തെകൊണ്ട് അന്വേഷിപ്പിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.