കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഉത്തരവ് ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ വകുപ്പുണ്ടോ എന്ന് ചോദിച്ച ഹൈക്കോടതി, വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.അതേസമയം ഹര്‍ത്താലിന് ഇടയാക്കിയ ഇരട്ടകൊലപാതകം സംബന്ധിച്ച യാതൊരു പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
ഹര്‍ത്താലോ മിന്നല്‍ പണിമുടക്കോ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഇത്തരവിട്ടത്.
ഹര്‍ത്താല്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ക്രിമിനല്‍ കുറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്. ഹര്‍ത്താലില്‍ തടസ്സപ്പെട്ട പൊതുഗതാഗതം അടിയന്തിരമായി പുനസ്ഥാപിക്കണം.പൊതുഗതാഗതം തടസ്സപ്പെടുത്തുന്നത് ഉത്തരവിന്റെ ലംഘനമായി കാണും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന നേതാക്കന്മാരുടെ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ കഴിയുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചു. മിന്നല്‍ ഹര്‍ത്താലുകള്‍ വാര്‍ത്തയാകാതിരിക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ നിയമവിരുദ്ധമെന്ന് ബോധ്യപ്പെടുത്താന്‍ മാദ്ധ്യമങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന് ബഞ്ച് ഡീന്‍ കുര്യാക്കോസ്, കാസര്‍ഗോഡ് യുഡിഎഫ് ജില്ല കണ്‍വീനര്‍, ചെയര്മാന് എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടിസ് അയക്കാനും ഉത്തരവിട്ടു.