തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പുതിയ 108 ആംബുലന്‍സുകള്‍ നിരത്തിലിറങ്ങുന്നു. അടുത്ത വ്യാഴാഴ്ചയോട് കൂടി ആംബുലന്‍സുകള്‍ സര്‍വീസ് ആരംഭിക്കും. 2 കോടിയാണ് ആംബുലന്‍സുകളുടെ ചിലവ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആംബുലന്‍സുകളാണ് പുതുതായി എത്തിയിരിക്കുന്നത്. എയര്‍കണ്ടീഷന്‍ ചെയ്ത വാഹനത്തില്‍ അത്യാധുനിക രീതിയിലുള്ള സ്ട്രച്ചര്‍ ഉണ്ടാകും.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായുള്ള 43 ആംബുലന്‍സുകളില്‍ 24 എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പുതിയ പത്ത് ആംബുലന്‍സുകളില്‍ 6 എണ്ണം തിരുവനന്തപുരം ജില്ലയ്ക്കാണ്. മൂന്നെണ്ണം ആലപ്പുഴ ജില്ലയ്ക്കും, ഒരെണ്ണം പൊന്നാനിയിലെ സ്ത്രീകളുടെ ആശുപത്രിക്കും നല്‍കും.
അതേസമയം, പുതുതായി വാങ്ങിയ ആംബുലന്‍സുകള്‍ക്കു പുറമെ 10 പുതിയ ആംബുലന്‍സുകള്‍ കൂടി വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.