IndiaSpecial

അജിത് ഡോവൽ അഥവാ ഇന്ത്യൻ നീക്കത്തിന് പിന്നിലെ ബുദ്ധികേന്ദ്രം

എം നിഖിൽ കുമാർ

ന്യൂഡൽഹി: കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യം സാക്ഷ്യം വഹിച്ചത് സിനിമാ തിരക്കഥയെ വെല്ലുന്ന സംഭവവികാസങ്ങൾക്കായിരുന്നു. പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടായിരുന്ന വ്യോമസേനയുടെ പൈലറ്റ് അഭിനന്ദനെ ഉപാധികളില്ലാതെ മോചിപ്പിക്കാൻ പാക് സർക്കാർ തയ്യാറായതിനും നാം സാക്ഷ്യം വഹിച്ചു. ഈ നീക്കങ്ങൾക്കെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം ഒരുളുടേതായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേത്.

സൈനികനെ മോചിപ്പിക്കുന്നതിനായി കൃത്യമായ ആസൂത്രണമായിരുന്നു ഡോവലിന്റെ നേതൃത്വത്തിൽ നടന്നത്. പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി സൈനികനെ മോചിപ്പിക്കുക എന്നതായിരുന്നു ഡോവലിന്റെ പദ്ധതി. അതിനായി മൂന്ന് സേനകളെയും സജ്ജമാക്കി. എന്തിനും തയ്യാറായി വ്യോമസേനയും, കയറി അടിക്കാൻ തയ്യാറായി കരസേനയും കറാച്ചിക്ക് സമീപം ഇന്ത്യൻ നാവികസേന നിലയുറപ്പിച്ചതോടെ പാകിസ്ഥാന് ഗത്യന്തരമില്ലാതായി.

ഇതിനോടൊപ്പം വൈകുന്നേരം അഞ്ച് മണിയ്ക്ക് കര ,വ്യോമ , നാവികസേനകളുടെ സംയുക്ത വാർത്താ സമ്മേളനം കൂടി വിളിച്ചതോടെ ഇന്ത്യയുടെ ആവശ്യത്തിന് മുന്നിൽ പാകിസ്ഥാൻ അടിയറവ് പറയുകയായിരുന്നു.

ഇത് ആദ്യമായല്ല 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഡോവലിന്റെ നേതൃപാടവം നാം കാണുന്നത്. ഉറിയിൽ ഭീകരർ നടത്തിയ ആക്രമണത്തിന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെയും പുൽവാമയ്ക്ക് ഇന്ത്യ നൽകിയ തിരിച്ചടിയുടെയും പിന്നിൽ പ്രവർത്തിച്ചതും ഡോവലിന്റെ കൂർമ്മ ബുദ്ധിതന്നെയായിരുന്നു.

33 വർഷം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്ത ഡോവൽ പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു. ഏഴു വർഷം ഒരു പാകിസ്ഥാനി മുസ്ലീമിന്‍റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാകിസ്‌ഥാനിൽ കഴിഞ്ഞ ഡോവല്‍, ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജന്‍സ് മേധാവിയാണ്.

1988ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം ബോംബ് വച്ച് തകർത്ത് കൊടും കലാപം അഴിച്ചുവിടാനുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ നീക്കം തകർത്ത ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിന് പിന്നിലും അദ്ദേഹത്തിന്റെ ബുദ്ധി പ്രവർത്തിച്ചിരുന്നു. തീവ്രവാദികൾക്കുള്ള ബോംബുമായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന പാകിസ്ഥാൻ ചാരനെ തന്ത്രപൂർവം കുരുക്കിയ ഡോവൽ പൊട്ടാത്ത കുറേ ബോംബുകളുമായി അതേ ചാരന്റെ വേഷത്തിൽ തീവ്രവാദികളുടെ സംഘത്തിൽ കയറിപ്പറ്റി. പിന്നീട് തീവ്രവാദികൾ ക്ഷേത്രം തകർക്കാൻ പലയിടത്തായി സ്ഥാപിച്ചതെല്ലാം ഡോവൽ കൈമാറിയ ആ പൊട്ടാത്ത ബോംബുകളായിരുന്നു.

അങ്ങനെ സുവർണ ക്ഷേത്രത്തിന് കേടുപാടുകളൊന്നും വരുത്താതെ തന്നെ 41 തീവ്രവാദികളെ വധിക്കാനും 200 പേരെ ജീവനോടെ പിടിക്കാനും കഴിഞ്ഞു. ഇതിനുള്ള അംഗീകാരമായി 1988 ൽ രാജ്യം പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര നൽകി ആദരിച്ചു. അന്നുവരെ സൈനികർക്ക് മാത്രം നൽകി വന്നിരുന്ന കീർത്തിചക്ര ആദ്യമായായിരുന്നു ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിച്ചത്.

മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ വകവരുത്തിയത്. 1999-ൽ നടന്ന കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു. താലിബാനികളുമായി നേരിട്ട് സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തിൽ നിന്ന് മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് ഡോവലെത്തിച്ചത്.

1995ൽ ഇന്റലിജൻസ് ബ്യൂറോ തലവനായി നിയമിതനായ അജിത് ഡോവൽ 10 വർഷത്തെ സേവനത്തിന് ശേഷം 2005 ൽ സർവീസിൽ നിന്നും വിരമിച്ചു. പിന്നീട് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഡോവലിനെ രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്.

ആ വർഷം തന്നെ ജൂണിൽ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്. മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാൻമറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ആസൂത്രണമായിരുന്നു.

23K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close