സത്യമപ്രിയം

കാലം കോടിയേരിയെ അടയാളപ്പെടുത്തുക വഞ്ചകനെന്ന് തന്നെ

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

നരേന്ദ്രമോദി സര്‍ക്കാര്‍ എന്നല്ല, ഇന്ത്യ എന്ത് ചെയ്താലും വിശ്വാസവും ബോധവുമില്ലാത്ത ഒരു സമൂഹം ഇന്ത്യയിലുണ്ട്. ഇന്ത്യക്കാരും ഇന്ത്യയും മോശമാണെന്ന് കരുതുന്ന, മോശക്കാരെന്ന് പ്രചരിപ്പിക്കുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍. സാധാരണക്കാര്‍ക്കാര്‍ക്കും ഈ പ്രശ്‌നമില്ല. ഈ അസ്‌കിത ഏറ്റവും കൂടുതലുള്ളത് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കാണ്. കമ്യൂണിസ്റ്റുകാരുടെ ഈ പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഭാരതീയമായതെല്ലാം മോശമാണെന്നും ഭാരതത്തിന് സംസ്‌കാരമില്ലെന്നും നിരവധി ഉപദേശീയതകളുടെ മിശ്രണമാണ് ഭാരതീയതയെന്നും പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികാചാര്യനായ ഇ എം എസ് നമ്പൂതിരിപ്പാട് തന്നെയായിരുന്നു.

പക്ഷേ, ഭാരതത്തോടുള്ള വെറുപ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അതിനു മുമ്പേ തന്നെ തുടങ്ങിയതാണ്. റഷ്യയിലെ ഇസ്ലാമിക ഭീകരസംഘടനയുടെ ജാരസന്തതി എന്ന നിലയിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യം രൂപംകൊണ്ടത്. അതിന്റെ ജീനിന്റെ പ്രത്യേകത കൊണ്ടാകാം, ഒരിക്കലും ഭാരതത്തോടൊപ്പം നില്‍ക്കാനോ ഭാരതത്തെ മനസ്സിലാക്കാനോ ഭാരതത്തിന്റെ സ്വത്വം തിരിച്ചറിയാനോ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇക്കാര്യം അടുത്തിടെ സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍ തുറന്നുപറഞ്ഞിരുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കാനും അവരെ സഹായിക്കാനും അവര്‍ക്കുവേണ്ടി സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കാനും ഒരു മടിയും കാണിക്കാത്തവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍. അപ്പോള്‍ അവര്‍ ചോദിക്കും പി കൃഷ്ണപിള്ളയും ഏ കെ ജിയും ഒക്കെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലേയെന്ന്. ശരിയാണ് അവര്‍ പങ്കെടുത്തിരുന്നു. അവര്‍ പങ്കെടുത്തത് കമ്യൂണിസ്റ്റുകാര്‍ എന്ന നിലയിലല്ല. കോണ്‍ഗ്രസ് നേതാക്കള്‍ എന്ന നിലയിലാണ്.

1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപവത്കരിക്കപ്പെടും വരെ കോണ്‍ഗ്രസ്സിനുള്ളില്‍ പ്രത്യേക വിഭാഗമായി തന്നെയാണ് കമ്യൂണിസ്റ്റ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. അതിനു മുന്‍പാണ് പി കൃഷ്ണപിള്ളയും ഏ കെ ജിയും ഒക്കെ സ്വാതന്ത്ര്യസമരത്തില്‍ പ്രവര്‍ത്തിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിലാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യഥാര്‍ത്ഥ നിറം പുറത്തുവന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ശരിക്കും ഒറ്റിക്കൊടുക്കുകയായിരുന്നു. ‘ദ ഗ്രേറ്റ് ബിട്രേയല്‍’ എന്ന പേരില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ അരണ്‍ ഷൂറി ഈ കൊടും ചതിയുടെ വിശദാംശങ്ങള്‍ പുസ്തകരൂപത്തില്‍ തന്നെ എഴുതിയിട്ടുണ്ട്. ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നു പറഞ്ഞ് ആഘോഷങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മാറി നില്‍ക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി.

സ്വാതന്ത്ര്യത്തിനുശേഷവും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏതാണ്ട് ഇതേ നിലപാടില്‍ തന്നെയാണ് പോയത്. 1961 ല്‍ ഇന്ത്യാ-ചൈനാ യുദ്ധം നടക്കുമ്പോള്‍ അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനം ചൈനയ്‌ക്കൊപ്പം തന്നെയായിരുന്നു. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പുല്ലു കിളിര്‍ക്കാത്ത സ്ഥലത്തിനു വേണ്ടിയാണ് ഈ യുദ്ധമെന്ന് ഇ എം എസ് കുറിച്ചിട്ടത് വിവാദമായിരുന്നു. ഇന്ത്യയോടൊപ്പമെന്നോ ചൈനയോടൊപ്പമെന്നോ സ്ഥിരീകരിക്കാനാകാത്ത രീതിയില്‍ ചൈന അനുകൂല നിലപാടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം അനുവര്‍ത്തിച്ചത്.

ഈ നാടിന് അനുകൂലമായി ഒരു നിലപാട് സ്വീകരിക്കാന്‍ ഒരിക്കലും കഴിയാത്തതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശാപം. പുല്‍വാമയില്‍ ഭാരതത്തിന്റെ വീരപുത്രരായ സി ആര്‍ പി എഫ് ജവാന്മാര്‍ ഭീകരരുടെ ഭീരുത്വമാര്‍ന്ന ഒളിയുദ്ധത്തില്‍ വീരമൃത്യു വരിച്ചു. രാജ്യം മുഴുവന്‍ ഈ വീര ബലിദാനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. അന്നും പാക്കിസ്ഥാന്റെ ഭാഷയിലാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ഭീകരരുമായി കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം. സംഘര്‍ഷം നല്ലതല്ലെന്ന് ഒരു ഉപദേശവും പ്രധാനമന്ത്രിക്ക് നല്‍കാന്‍ കോടിയേരി മറന്നില്ല.

കോടിയേരി ഈ ഉപദേശം നല്‍കിയ അതേ ദിവസങ്ങളില്‍ തന്നെയാണ് കാസര്‍ഗോഡ് പേരിയയില്‍ രണ്ട് നിരപരാധികളായ യുവാക്കളെ സി പി എം പ്രവര്‍ത്തകര്‍ വധിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടെ ഭാരതത്തിന്റെ സൈന്യത്തെ വധിക്കുന്ന ഭീകരപ്രവര്‍ത്തകരോട് സന്ധി ചെയ്യാനും ചര്‍ച്ച ചെയ്യാനും ആവശ്യപ്പെടുന്ന കോടിയേരിക്ക് കേരളത്തിലെ ഇതര സംഘടനാ പ്രവര്‍ത്തകരെ വീട്ടുകാര്‍ക്കു മുന്നിലിട്ടും സ്‌കൂളില്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടും അരുംകൊല ചെയ്യാന്‍ മടിയില്ല. ചെകുത്താന്‍ വേദമോതുന്നു എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് കോടിയേരിയുടെ വാക്കുകള്‍.

കോടിയേരിയുടെ ശബ്ദത്തിനും വാക്കുകള്‍ക്കും അടുത്തിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അക്തറിന്റെയും വാക്കുകളോട് താദാത്മ്യവും സമാനതയും കൈവരുന്നത് യാദൃശ്ചികമാണെന്ന് കരുതാനാകില്ല. കാരണം ഇസ്ലാമിക വോട്ടുബാങ്കിനെ പ്രീണിപ്പിച്ച് തിരഞ്ഞെടുപ്പ് സുഗമമാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായേ ഇതിനെ കാണാന്‍ കഴിയൂ. കോയമ്പത്തൂര്‍ ഭീകരാക്രമണം നടക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി അടയ്ക്കാന്‍ നിര്‍ദ്ദേശം വന്നിട്ടും അത് വകവെയ്ക്കാതെ ഭീകരരെ കേരളത്തില്‍ ഒളിക്കാന്‍ അനുവദിച്ചത് ഇടതുമുന്നണി ഭരണകാലത്തായിരുന്നു.

കേരളത്തിലെ ഐ എസ് റിക്രൂട്ട്‌മെന്റും ഭീകരപ്രവര്‍ത്തനവും ഏറ്റവും കൂടുതല്‍ ശക്തി പ്രാപിച്ചതും കോടിയേരി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണ് എന്ന കാര്യവും വിസ്മരിക്കാനാകില്ല. തടവറയിലുള്ള അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കാന്‍ നിയമസഭയില്‍ പ്രമേയം പാസാക്കുകയും ജയിലിലേക്ക് തീര്‍ത്ഥാടനം നടത്തുകയും ചെയ്തവരില്‍ സി പി എം നേതാക്കളും ഉണ്ടായിരുന്നു എന്ന കാര്യവും മറക്കരുത്. മദനിക്ക് ശംഖുമുഖം കടപ്പുറത്ത് സ്വീകരണം ഒരുക്കിയപ്പോള്‍ വേദിയില്‍ കോടിയേരിയും ഉണ്ടായിരുന്നു മദനിയെ ബാംഗ്ലൂരിലേക്ക് അയക്കാതിരിക്കാന്‍ നടത്തിയ നാടകങ്ങളും നാട്ടിലേക്ക് കൊണ്ടുവരാന്‍ പോലീസ് കാവല്‍ കൊടുക്കാമെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ പറഞ്ഞതുമൊക്കെ മതേതരത്വത്തിന്റെ ഉത്തമ നിദര്‍ശനങ്ങളായി മലയാളികളുടെ മുന്നിലുണ്ട്.

കേരളത്തിലെ ഹിന്ദു സമൂഹത്തെ അപഹസിക്കാനും അപമാനിക്കാനും ശ്രീനാരായണഗുരുവിന്റെ ചിത്രം അപമാനിച്ച് ഘോഷയാത്രയില്‍ കൊണ്ടുപോകാനും സന്യാസിവര്യന്മാരെ ആക്ഷേപിക്കാനും ആശ്രമങ്ങള്‍ തകര്‍ക്കാനും മടി കാണിക്കാത്ത സി പി എം ആണ് മദനിയുടെയും മറ്റ് ഇസ്ലാമിക നേതാക്കളുടെയും പിന്നാലെ നടക്കുന്നതെന്ന് കാണുമ്പോഴാണ് അവര്‍ പറയുന്ന മതനിരപേക്ഷതയുടെ പൊള്ളത്തരം മനസ്സിലാകുന്നത്.

ഭാരതത്തിന്റെ അതിര്‍ത്തി കാക്കാന്‍ രാവും പകലുമില്ലാതെ കാവല്‍ നില്‍ക്കുന്ന ധീരജവാന്മാര്‍ ഹിന്ദുക്കള്‍ മാത്രമല്ല. അവരില്‍ നാനാ ജാതി മതസ്ഥരുമുണ്ട്. അവര്‍ക്കു മുന്നില്‍ ഒറ്റ ദൈവമേയുള്ളൂ. അത് ഭാരതാംബയാണ്. അവരുടെ ജീവിതത്തിന് ത്യാഗത്തിന്റെ നിര്‍മ്മലതയുണ്ട്. പൗരുഷത്തിന്റെയും വീര്യത്തിന്റെയും ഉജ്ജ്വലമായ പരിവേഷമുണ്ട്. പുല്‍വാമയിലെ വീരചരമമടഞ്ഞ സൈനികരുടെ ത്യാഗത്തിനു മുന്നില്‍ ഈ രാജ്യം മുഴുവന്‍ നമ്ര ശിരസ്‌ക്കരാകുമ്പോള്‍ അത് മനസ്സിലാകാത്ത കോടിയേരിയെ വരച്ചുകാട്ടാന്‍ അറബിക്കടലിലെ മുഴുവന്‍ ചെളിയും പോരാ. ആ സൈനികരെ മനസ്സിലാക്കാന്‍ കോടിയേരി ഭാരതത്തെ അറിയണം, അതിന്റെ ആത്മാവിനെ അറിയണം. ഈ സംസ്‌ക്കാരത്തെ അറിയണം. അതിന് ഏറ്റവും കുറഞ്ഞത് റഷ്യ തയ്യാറാക്കിയ ഭാരതചരിത്രമെങ്കിലും വായിക്കണം.

വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തോട് ആദരവിന്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ പാക്കിസ്ഥാനെ പിന്തുണച്ച് അവരുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ കോടിയേരി തയ്യാറാകില്ലായിരുന്നു. ഭാരതം ഭാരതമായി നിലനില്‍ക്കുന്നത് ഹിന്ദു ഭൂരിപക്ഷമുള്ളതുകൊണ്ടാണ് എന്ന കാര്യം ഹിന്ദുക്കള്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കുമറിയാം. ഏതെങ്കിലും മതത്തിന് ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇതര മതസ്ഥര്‍ വന്ന് അവിശ്വാസിയും കാഫിറും എന്ന് വിളി്ച് ആക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ അത് ഹിന്ദുവിന്റെ മഹാമനസ്‌ക്കതയാണ്. അതുകൊണ്ടു തന്നെ ഈ ഭാരതം നിലനില്‍ക്കണം. സര്‍വ്വാശ്ലേഷിയായി. സര്‍വ്വാനുഗ്രഹയായി. കൃണ്വന്തോ വിശ്വമാര്യം എന്ന് വചനത്തോടെ വസുധൈവ കുടുംബകം എന്ന അടിസ്ഥാന പ്രമാണത്തോടെ ഭാരതം നിലനില്‍ക്കണം. അതുകൊണ്ടുതന്നെ കോടിയേരിയുടെ ജല്പനങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല.

ഇനി എണ്ണപ്പെട്ട നാളുകളില്‍ കേരളത്തില്‍ മാത്രം ഏതാനും നാള്‍ കൂടി അവശേഷിക്കുന്ന ഒരു ശാപഗ്രസ്ഥമായ കരിമഷിക്കോലമായി കമ്യൂണിസ്റ്റ് പാര്‍ട്ടി മാറും. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതുപോലെ കാലം കോടിയേരിയെ ഈ പ്രസ്താവനക്ക് വഞ്ചകന്‍ എന്നുതന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തും.

7K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close