മലപ്പുറം: മലപ്പുറത്ത് വെസ്റ്റ്നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി പരിശോധന നടത്തി. സംഭവ സ്ഥലം സന്ദര്‍ശിച്ച സംഘം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസ് ബാധപടരാതിരിക്കാന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസംഘം ഉറപ്പു നല്കി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം എആര്‍ നഗറില്‍ ഏഴു വയസുകാരനില്‍ വെസ്റ്റെനൈല് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം മലപ്പുറത്തെത്തി പരിശോധനകള്‍ നടത്തിയത്. എല്ലാ സഹായവും വാഗ്ദാനം നല്‍കിയായിരുന്നു സംഘത്തിന്റെ മടക്കം. എആര്‍ നഗറിലെത്തിയ അഞ്ചംഗ സംഘം തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി കൂടിക്കാഴ്ച നടത്തി നിലവിലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. പേടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ക്കായി മലപ്പുറത്തെത്താന്‍ തീരുമാനിച്ചത്.
കൊതുകിലൂടെ പകരുന്ന വൈറസ് ബാധയാണ് വെസ്റ്റ്നെല്‍. പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്കാണ് വെസ്റ്റ്നെല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കണ്ടു വരുന്ന അസുഖമാണ് ഇത്. ഇതിന് പ്രത്യേക പ്രതിരോധ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ രോഗം മനുഷ്യരില്ന്നും മനുഷ്യരിലേയ്ക്ക് പടരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.