ചങ്ങനാശ്ശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. ആചാരാനുഷ്ടാനങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. പ്രസ്ഥാവനയിലൂടെ അദ്ദേഹം നിലപാട് പ്രഖ്യാപിച്ചത്.
സമദൂരം തന്നെയാണ് എൻ എസ് എസ് നിലപാട്. ഏതെങ്കിലും കക്ഷിയോട് ചേരാനോ അവരുടെ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാനോ എൻ എസ് എസിന് ഉദ്ദേശം ഇല്ല. ഈശ്വര വിശ്വാസം നിലനിർത്താൻ എൻഎസ്എസ് പ്രതിജ്ഞാബദ്ധമാണ്.
അതിനാൽ ഈശ്വര വിശ്വാസവും ആചാര അനുഷ്ടാനങ്ങളും തകർക്കാൻ ഉള്ള നീക്കത്തിന് എതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കുക സ്വാഭാവികമാണെന്നും ജി സുകുമാരൻ നായർ അറിയിച്ചു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തുടക്കം മുതൽ വിശ്വാസികൾക്കൊപ്പമായിരുന്നു എൻഎസ്എസ്. സംസ്ഥാന സർക്കാരിന്റെ വിശ്വാസികൾക്കെതിരായ നിലപാടിൽ കടുത്ത അതൃപ്തിയായിരുന്നു എൻഎസ്എസിന്. ഇതാണ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് അതീതമായി വിശ്വാസങ്ങളെ തകർക്കുന്നവർക്കെതിരെ നിലപാട് സ്വീകരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയതിന് പ്രധാന കാരണം.