സന്നിധാനം: ശബരിമലയില്‍ ഇന്ന് കൊടിയേറ്റ് ഉത്സവത്തിന്റെ ഒന്‍പതാം ദിവസം. ഉത്സവത്തോട് അനുബന്ധിച്ചു ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കും. ഉച്ചയ്ക്ക് ഉത്സവബലി ദര്‍ശനവും രാത്രി ശ്രീഭൂത ബലിയ്ക്കും ശേഷം പള്ളി വേട്ടയും നടക്കും. അയ്യപ്പനെ ആന പുറത്ത് ശരം കുത്തി വരെ എഴുന്നള്ളിച്ചാണ് പള്ളിവേട്ട നടത്തുന്നത്. അമ്പും വില്ലുമായി പള്ളി കുറുപ്പും ദേവന് അകമ്പടിയായി ഉണ്ടാകും.
കൊടിയേറ്റ് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ആറാട്ട് നാളെയാണ് നടക്കുക.
അതേസമയം, ദക്ഷിണ മേഖല എ ഡി ജി പി മനോജ് എബ്രഹാം ഇന്ന് ശബരിമലയില്‍ എത്തും. അയ്യപ്പ ഭക്തനെ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് എഡി ജിപിയുടെ സന്ദര്‍ശനം.
ചങ്ങനാശ്ശേരി സ്വദേശി ഗണേശനെ ആണ് പൊലീസ് മര്‍ദ്ദിച്ചത്. ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനം.എസ്.പി സുജിത് ആണ് മര്‍ദ്ദിച്ചത്.
നടപ്പന്തലില്‍ ഇരിക്കുന്ന അയ്യപ്പ ഭക്തരെ പൊലീസ് ഇറക്കിവിടാന്‍ ശ്രമിച്ചതിനെതിരെ ഗണേശന് പ്രതികരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ജനം ടിവി സംഘത്തിനു നേരേയും എസ്.പി തട്ടിക്കയറിയിരുന്നു.
ഗണേശനെ അടിവയറ്റില്‍ തൊഴിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.