തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്. പേയാട് സ്വദേശി ജയകുമാരന്‍ നായരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പരിശോധനയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ 12 പ്രാവശ്യമായാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുകയില്‍ കുറവ് വന്നതായി ജയകുമാരന്‍ നായര്‍ അറിയുന്നത്. ബാങ്കുമായി ബന്ധപ്പെട്ടപ്പെട്ടപ്പോള്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിലായി 2 ലക്ഷം രൂപ പിന്‍വലിച്ചതായി തെളിഞ്ഞു. 12 പ്രാവശ്യമായാണ് ജയകുമാരന്‍ നായര്‍ അറിയാതെ രൂപ പിന്‍വലിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.
മറ്റൊരു ഇടപാടുമായി ബന്ധപ്പെട്ട് ജയകുമാരന്‍ നായര്‍ 2 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നു. ഈ പണം പിന്‍വലിച്ചതിന് ശേഷം അക്കൗണ്ടില്‍ അവശേഷിച്ചത് ഒരു ലക്ഷം രൂപ മാത്രമായിരുന്നു. സംശയം തോന്നി ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ബീഹാറില്‍ നിന്നാണ് പലപ്പോഴായി പണം പിന്വലിച്ചിരിക്കുന്നതെന്ന്് വ്യക്തമായതായി ജയകുമാരന്‍ നായര്‍ പറഞ്ഞു.