കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സുരേഷ് ഗോപി എംപി. സംഭവത്തില്‍ കൈക്കൊണ്ട നടപടികള്‍ ബോധിപ്പിക്കേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെക്കണ്ട് ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി എത്തിയത്. മാതാപിതാക്കളെ കണ്ട ശേഷമേ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയുള്ളൂ.
സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ എന്ത് നടപടി കൈക്കൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സര്‍ക്കാര്‍ മൂക്കിന് താഴെ നടന്ന ഹീനമായ സംഭവത്തില്‍ എന്തു കൊണ്ട് ഇടപെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.
പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് കേസന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് പോലീസിലെ ഉന്നതനെ വിളിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി. കേസില്‍ പ്രതികളായ 4 പേര്‍ക്കെതിരെയാണ് പോക്സോ ചുമത്തിയത്.
എന്നാല്‍, കേസിലെ മുഖ്യപ്രതിയായ മുഹമ്മ്ദ് റോഷന് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ പ്രാദേശിക സിപിഐ നേതാവിന്റെ മകനാണ്.
ഇതിന് മുന്‍പും പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. അന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. പ്രാദേശിക സിപിഐ നേതാവിന്റെ മകനായ മുഹമ്മദ് റോഷന്റെ രാഷ്ട്രീയ സ്വാധീനത്തെത്തുടര്ന്നായിരുന്നു പൊലീസ് നടപടിയെടുക്കാതിരുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.