Special

അറിവുകള്‍ക്കപ്പുറം ബാബുപോള്‍

 

ഭരണകര്‍ത്താവ്, എഴുത്തുകാരന്‍ എന്നീ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു ഡി.ബാബു എന്ന ഡാനിയേല്‍ പോള്‍. 1941 മെയ് 29 ന് എറണാകുളത്തെ പെരുമ്പാവൂരില്‍ കുറുപ്പുംപടി ചീരത്തോട്ടത്തില്‍ ഫാദര്‍ പി.എ.പൗലോസ് കോര്‍ എപ്പിസ്‌കോപ്പയുടേയും മേരി പോളിന്റേയും മകനായി ജനിച്ചു. ഇടുക്കി ജില്ലാ കളക്ടറും, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായിരുന്നു. എസ്.എസ്.എല്‍.സിക്കു മൂന്നാം റാങ്കും എം.എയ്ക്ക് ഒന്നാം റാങ്കും ഐ.എ.എസിന് ഏഴാം റാങ്കും സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും നേടി.

21ാം വയസ്സില്‍ ജൂനിയര്‍ എന്‍ജിനീയറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബു പോള്‍ സിവില്‍ സര്‍വീസ് നേടിയത്. തന്റെ 59ാം വയസില്‍ ഐ.എ.എസില്‍ നിന്നും സ്വമേധയ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001ല്‍ ഔദ്യോഗിക സേവനം അവസാനിച്ചു. കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരളാ സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ് ആയി അഞ്ചു വര്‍ഷത്തോളം പ്രതിഫലം കൈപ്പറ്റാതെ സേവനമനുഷ്ടിച്ചു.

1971 ല്‍ ഇടുക്കി ജില്ലാ കളക്ടര്‍ പദവിയിലിരിക്കെ അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരണത്തിന് പ്രൊജക്ട് കോഓര്‍ഡിനേറ്ററായി ബാബു പോളിനെ നിയമിച്ചത്. ഇടുക്കി ജില്ലയുടെ ആദ്യ കളക്ടറും അദ്ദേഹം തന്നെയായിരുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായും ധനം, പൊതുവിദ്യാഭാസം, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെ.എസ്.ആര്‍.ടി.സി എംഡി എന്നീ മേഖലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. വല്ലാര്‍പ്പാടം ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കമിട്ടതും അദ്ദേഹമാണ്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മലയാളത്തില്‍ തന്നെ ഫയലെഴുതണമെന്ന നിര്‍ബന്ധബുദ്ധിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം.

മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം 1961 ലാണ് ആദ്യ പുസ്തകം പ്രകാശനം ചെയ്തത്. മലയാളത്തിലെ ആദ്യ സര്‍വീസ് സ്‌റ്റോറിയായ ‘ഗിരിപര്‍വം’ , നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍, ക്രംലിന്‍ ബര്‍ലിന്‍, ഉത്തരസ്യാം ദിശി, രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മകള്‍ക്ക് ശീര്‍ഷകമില്ല എന്നിവയാണ് പ്രധാന കൃതികള്‍. അദ്ദേഹത്തിന്റെ ആത്മകഥയാണ് കഥ ഇതുവരെ. നര്‍മം കലര്‍ന്ന ശൈലിയില്‍ ആക്ഷേപ ഹാസ്യരൂപേണയാണ് അദ്ദേഹം കൃതികള്‍ രചിച്ചിരുന്നത്.

ഒട്ടേറെ കൃതികളുടെ രചയിതാവാണെങ്കിലും ആറു ലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണം ചെയ്ത് തയ്യാറാക്കിയ ബൈബിള്‍ നിഘണ്ടുവായ ‘വേദശബ്ദ രത്‌നാകരമാണ് ഏറ്റവും ശ്രദ്ധേയം. 2000 ത്തില്‍ ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു.

ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി പിതാവ് പൗലോസ് കോര്‍ എപ്പിസ്‌കോപ്പയാണ്. പിതാവിനെ അച്ഛന്‍ എന്ന നിലയിലും പള്ളിലച്ഛന്‍ എന്ന നിലയിലും അധ്യാപകന്‍ എന്ന നിലയിലും വിലയിരുത്തി കൊണ്ട് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് ‘അച്ചന്‍, അച്ഛന്‍, ആചാര്യന്‍’. എയര്‍ ഇന്ത്യയുടെ മുന്‍ ചെയര്‍മാനും മുന്‍ വ്യോമയാന സെക്രട്ടറിയുമായ സഹോദരന്‍ കെ.റോയി പോളിനോടുള്ള സഹോദരസ്‌നേഹം അദ്ദേഹത്തിന്റെ മിക്ക കൃതികളിലും നിറഞ്ഞു നില്‍ക്കുന്നു.

 

152 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close