ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് വിദേശത്തേക്ക് അയയ്ക്കുന്നതായി ആരോപണം. വണ്‍പ്ലസ് 6, വണ്‍പ്ലസ് 6 ടി സ്മാര്‍ട്ട് ഫോണുകളില്‍ പുതിയതായി അവതരിപ്പിച്ച ഓപ്പണ്‍ ബീറ്റാ സോഫ്റ്റ് വെയറിലാണ് ഈ സുരക്ഷാ വീഴ്ച്ചയുള്ളതെന്നാണ് വണ്‍പ്ലസിന്റെ റെഡ്ഡിറ്റ് കൂട്ടായ്മയില്‍ ഉപഭോക്താക്കള്‍ പറയുന്നത്.
ടെന്‍സെന്റിന്റെ സഹായത്തോടെ ഇന്ത്യയിലെ വണ്‍പ്ലസ് 6 ഫോണുകളിലെ ഓക്സിജന്‍ ഓഎ ഓപ്പണ്‍ ബീറ്റാ 17 നിലെയും വണ്‍പ്ലസ് 6 ടി ഫോണിലെ ഓക്സിജന്‍ ഓപ്പണ്ബീറ്റാ 9 നിലെയും ഫയല്‍ മാനേജറില്‍ ചേര്‍ത്ത ഇന്റലിജന്‍സ് ക്ലീനപ്പ് ഫീച്ചര്‍ വഴിയാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശത്തേക്ക് അയക്കുന്നത് എന്നാണ് ഉപഭോക്താക്കള്‍ ആരോപിക്കുന്നത്.
ടെന്‍സെന്റിന്റെ ക്ലീന്‍ അപ്പ് ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ മാത്രമാണുള്ളത്. ഫയല്‍ മാനേജറില്‍ അപ്പ്ഡേറ്റ് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടെന്‍സെന്റിന്റെ സിംഗപ്പുരിലുള്ള സെര്‍വറിലേക്ക് അയക്കുമെന്നാണ് ആരോപണം. ഭാഷ, പ്രദേശം, ഹാര്‍ഡ് വെയര്‍ മോഡല്‍, ആപ്പ് ഉപയോഗ വിവരങ്ങള്‍ എന്നിവയെല്ലാം ഇങ്ങനെ അയക്കുന്നുണ്ടെന്നാണ് വിമര്‍ശനം.