തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍. രാവിലെ 10 മണിക്ക് ഭൗതികദേഹം കൊല്ലം ഡിസിസിയില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.
കെ കരുണാകരന്, എകെ ആന്റണി മന്ത്രിസഭകളിലായി നാല് തവണ മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
ആര് എസ് പിയിലൂടെയാണ് കടവൂര്‍ ശിവദാസന്‍ കേരളരാഷ്ട്രീയത്തിലെത്തുന്നത്. 1980 ലും 1982 ലും ആര് എസ് പി പ്രതിനിധിയായി നിയമസഭയിലേയ്ക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലെത്തുകയും കൊല്ലം ജില്ലയില്‍ പാര്‍ട്ടിയുടെ പ്രധാന നേതാവായി മാറുകയും ചെയ്തു.1991,1996,2001 എന്നിങ്ങനെ തുടര്‍ച്ചയായി 3 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു ജയിച്ചു.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.
വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവരാണ് മക്കള്‍.