തിരുവനന്തപുരം: രാജ്യത്തെ പൗരന്മാര്ക്ക് ഔദ്യോഗിക രേഖകളുടെയെല്ലാം പകര്‍പ്പ് സൂക്ഷിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനായ ഡിജി ലോക്കറില്‍ ഇനി മുതല്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകും.
ആധാര്‍, പാന്‍കാര്‍ഡ് എന്ന് തുടങ്ങി ആവശ്യ രേഖകള്‍ സൂക്ഷിക്കുന്ന ഡിജി ലോക്കറില്‍ ജൂലൈ 15 മുതലാണ് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങുക. ഡിജി ലോക്കര്‍ ഉപയോഗിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമെ ഡിജി ലോക്കര്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുകയുള്ളു.
2015 ല്‍ ഔദ്യോഗിക രേഖകളുടെയെല്ലാം പകര്‍പ്പ് ഇ-രേഖകളായി സൂക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയാണ് ഡിജി ലോക്കര്‍ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്ട്രേഷന് രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ ആവശ്യ രേഖകളെല്ലാം ഡിജി ലോക്കറില്‍ സൂക്ഷിക്കാം. വിവിധ ആവശ്യങ്ങള്‍ക്കുള്ള ആധികാരിക രേഖയായി ഡിജിറ്റല്‍ ലോക്കറിലെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.