ന്യൂ ഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം തവണയും ലോക്സഭ തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടരുന്ന ബിജെപിക്കും നരേന്ദ്ര മോദിക്കും ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താനാകാതെയാണ് കോണ്‍ഗ്രസ് അടിയറവു പറഞ്ഞത്. പ്രമുഖര്‍ക്കെല്ലാം കാലിടറിയപ്പോള്‍ അവസാന പ്രതീക്ഷയായിരുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെട്ടു. കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ പാര്‍ട്ടിയില്‍ നേതാക്കള്‍ കൂട്ടത്തോടെ രാജി വെക്കുകയാണ്.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയേത്തുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഇന്നലെ തന്നെ അറിയിച്ചു കഴിഞ്ഞിരുന്നു. നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്തയച്ചു. രാജ് ബബ്ബാറുള്പ്പടെ മൂന്ന് സംസ്ഥാന അദ്ധ്യക്ഷന്മാരാണ് ഇതിനോടകം രാജി വെച്ചിരിക്കുന്നത്. ശരിയായ രീതിയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന് രാജ് ബബ്ബാര്‍ പറഞ്ഞു. ഫത്തേപൂര്‍ സിക്രിയില്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു.
വര്‍ഷങ്ങളായി ഗാന്ധി കുടുംബം കൈയ്യടക്കി വെച്ചിരുന്ന അമേഠി മണ്ഡലത്തില്‍ ചരിത്രം കുറിച്ചു കൊണ്ട് ബിജെപിയുടെ സ്മൃതി ഇറാനി വിജയിച്ചതോടെ അമേഠിയിലെ ജില്ല അദ്ധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി വച്ചു. കേരളത്തില്‍ മത്സരിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനെ രക്ഷിച്ചില്ല. ഇതേ തുടര്‍ന്ന് കര്‍ണ്ണാടക പ്രചാരണ തലവന്‍ എച്ച്.കെ പാട്ടിലും സ്ഥാനം രാജി വെച്ചു.
ഒഡീഷയില്‍ നിന്നും കോണ്‍ഗ്രസ് പൂര്‍ണ്ണമായി തുടച്ചു നീക്കപ്പെട്ടതോടെ ഒഡീഷ പാര്‍ട്ടി അദ്ധ്യക്ഷന്‍ നിരഞ്ജന് പട്നായിക്കും സ്ഥാനം രാജി വച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ രാജിക്കൊരുങ്ങുന്നതായാണ് ലഭിക്കുന്ന വിവരം.