പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ആലത്തൂരില്‍ സിപിഎം ശരിക്കും ഞെട്ടി. ബൂത്തു തിരിച്ചുള്ള കണക്കുകള്‍ പുറത്തു വരുമ്പോള്‍ പാര്‍ട്ടിക്ക് പരിശേധിക്കേണ്ട വസ്തുതകള്‍ ഏറെയാണ്. ആലത്തൂരില്‍ രമ്യ ഹരിദാസ് വിജയിച്ചപ്പോള്‍ സിപിഎമ്മിന്റെ പി.കെ.ബിജു പരാജയപ്പെട്ടു എന്നതിലുപരി നെല്ലിയാമ്പതി പഞ്ചായത്തിലെ 138-ാം നമ്പര്‍ ബൂത്തില്‍ നിന്ന് ബിജുവിന് ഒരു വോട്ടുപോലും ലഭിച്ചില്ല.
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ് നെല്ലിയാമ്പതി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിക്കു പോലും നെല്ലിയാമ്പതി പഞ്ചായത്തിലെ 138-ാം ബൂത്തില്‍ നിന്നും രണ്ട് വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ നാണം കെട്ടു. ഇവിടെ രമ്യക്ക് 32 വോട്ടുകള്‍ ലഭിച്ചിരുന്നു. നെല്ലിയാമ്പതിക്കു പുറമേ ആലത്തൂരും തരൂരും കൊല്ലങ്കോടും ബിജുവിനെ കൈവിട്ടു.
പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ആഴം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് ആലത്തൂരിലെ സിറ്റിംഗ് എം.പിയായിരുന്ന പി.കെ.ബിജുവിന്റെ പരാജയം. ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ചത്.